എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടിയുടെ ധര്‍ണ്ണ ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യം: അരുണ്‍ ജെയ്റ്റ്‌ലി
എഡിറ്റര്‍
Tuesday 21st January 2014 7:21pm

arun-jaitley

ന്യൂദല്‍ഹി:  റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ പോലും തടസ്സപ്പെടുത്തിക്കൊണ്ടുള്ള ആം ആദ്മി പാര്‍ട്ടിയുടെ ധര്‍ണ്ണ ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി.

രാജ്യം നിയമവാഴ്ച്ചയിലധിഷ്ഠിതമാണ്. സ്വഭാവത്തില്‍ അരാജകവാദം പുലര്‍ത്തും വിധത്തിലുള്ള സ്ഥാനം ഒരു സര്‍ക്കാരും എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത രാഷ്ട്രീയത്തിനെതിരായ വികാരമായാണ് ആാം ആദ്മി പാര്‍ട്ടി ജനിച്ചതെന്നും അവര്‍ മാറ്റത്തിലുള്ള രാഷ്ട്രീയമാണ് വാഗ്ദാനം ചെയ്തതെന്നും എന്നാല്‍ അരാജകത്വവാദമാണ് അവരുടെ രാഷ്ട്രീയമെന്ന് ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ആവശ്യങ്ങളുന്നയിച്ച് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ധര്‍ണ്ണയിരിക്കുന്നതിലെ അതൃപ്തിയും ജെയ്റ്റ്‌ലി പ്രകടിപ്പിച്ചു.  ഒരു നിഷേധിക്ക് അങ്ങനെ ചെയ്യാമെന്നും എന്നാല്‍ ഒരു മുഖ്യമന്ത്രി ഒരിക്കലും ഈ വഴി സ്വീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ ഇത്തരത്തിലൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടതില്‍ കോണ്‍ഗ്രസിനെയും അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്ന അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍  ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സംഘവും ധര്‍ണ്ണയിരിക്കുന്നത്.

ഇതിനിടെ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ്ണയിലിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഇന്ന് ഏറ്റുമുട്ടി.

പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പോലീസ് ലാത്തി വീശുകയും പോലീസ് വെച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് നീങ്ങിയ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

.

Advertisement