എഡിറ്റര്‍
എഡിറ്റര്‍
സ്റ്റെം സെല്‍ ഉപയോഗിച്ച് കൃത്രിമ ചര്‍മ്മം
എഡിറ്റര്‍
Monday 25th November 2013 2:11pm

stem-cell

ആദ്യമായി സ്‌റ്റെം സെല്ലില്‍ നിന്നും ശാസ്ത്രജ്ഞര്‍ കൃത്രിമ ചര്‍മ്മം വികസിപ്പിച്ചെടുത്തു. പൊക്കിള്‍കൊടിയിലെ സ്‌റ്റെം സെല്ലുകളാണ് ഇതിനായി ഉപയോഗിച്ചത്.

ഗ്രാനഡ സര്‍വകലാശാലയുടെ ഹിസ്‌റ്റോളജി വകുപ്പിലെ ടിഷ്യൂ എഞ്ചിനീയറിങ് റിസര്‍ച്ച് ഗ്രൂപ്പിലെ ശാസ്ത്രജ്ഞരാണ് ഇതിന് പിന്നില്‍. വാര്‍ട്ടണ്‍ ജെല്ലി മെസെന്‍സ്‌കൈമല്‍ സ്റ്റെം സെല്ലുകള്‍ക്ക് മ്യൂക്കോസയായോ ചര്‍മ്മത്തിലെ എപ്പിത്തീലിയയോ ആയി മാറാനുള്ള കഴിവിനെ കുറിച്ച് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഈ പുതിയ എപ്പിത്തീലിയ കവറിങ്ങിനെ കൂടാതെ ഫൈബ്രിനും അഗാറോസും ഉപയോഗിച്ച്  നിര്‍മ്മിച്ച ഒരു ജൈവപദാര്‍ത്ഥവും ഈ കൃത്രിമ ചര്‍മ്മത്തിന്റെ നിര്‍മാണത്തിന് ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചിരുന്നു. ഈ ജൈവ പദാര്‍ത്ഥം നിര്‍മ്മിച്ചതും സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ തന്നെയാണ്.

സംഘത്തിന്റെ മുന്‍ഗവേഷണങ്ങളില്‍ നിന്നും വാര്‍ട്ടണ്‍ സ്റ്റെം സെല്ലിന് എപ്പിത്തീലിയ സെല്ലുകളായി മാറാന്‍ കഴിയുമെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. ഇതിന്റെ സ്ഥിരീകരണമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഓറല്‍ മ്യുക്കോസയിലും ചര്‍മ്മത്തിലും ഇതിന്റെ പ്രയോഗവും വ്യക്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. ശരീരത്തിലെ ഈ ഭാഗങ്ങളിലുണ്ടാകുന്ന മുറിവുകളുടെ കാര്യത്തില്‍ ഇത് വളരെ നിര്‍ണായകമാണ്.

ഗുരുതരമായി പൊള്ളലേല്‍ക്കുന്നവര്‍ക്ക് നിലവില്‍ കൃത്രിമ ചര്‍മ്മമാണ് ഉപയോഗിക്കുന്നത്. ആഴ്ചകളും ചിലപ്പോള്‍ മാസങ്ങളും തന്നെ ഇതിന് വേണ്ടി വരുമെന്നതാണ് പോരായ്മ. ശരീരത്തിന്റെ ആരോഗ്യകരമായ മറ്റ് ഭാഗങ്ങളില്‍ നിന്നെടുക്കുന്ന ചര്‍മ്മം വളരാനുള്ള കാലതാമസം മൂലമാണിത്.

‘ഇത്തരം ചര്‍മ്മം സൃഷ്ടിച്ച് നമുക്ക് ടിഷ്യൂ ബാങ്കുകളില്‍ സൂക്ഷിക്കാന്‍ സാധിക്കും. പൊള്ളലോ മുറിവോ ഉണ്ടാകുമ്പോള്‍ ഇവ പെട്ടെന്ന് തന്നെ ഉപയോഗിക്കാന്‍ സാധിക്കും. കൃത്രിമചര്‍മ്മം ഉപയോഗിക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ ഇതുമൂലം സാധിക്കും.’ സര്‍വകലാശാലയിലെ ഹിസ്‌റ്റോളജി വിഭാഗം പ്രഫസറും ഗവേഷണത്തില്‍ പങ്കാളിയുമായിരുന്ന അന്റോണിയോ കാമ്പോസ് പറയുന്നു.

സ്റ്റെം സെല്‍സ് ട്രാന്‍സ്‌ലേഷണല്‍ മെഡിസിന്‍ എന്ന ജേര്‍ണലിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

Advertisement