Categories

സ്വപ്‌നങ്ങള്‍ പൂക്കുന്ന മാടായിപാറ ഇനി എത്ര കാലം?

എഴുത്തും ചിത്രങ്ങളും വരുണ്‍ രമേഷ്

വെറും ഒരു പാറയെക്കുറിച്ച് എന്താണിത്ര പറയാന്‍ എന്നായിരിക്കാം നിങ്ങളൊരുപക്ഷേ വിചാരിക്കുന്നത്. നമ്മുടെ കാഴ്ച്ചയില്‍ പാറപുറം വെറും പാഴ് നിലങ്ങളാണ്.  മഴ തകര്‍ത്തു പെയ്യുമ്പോള്‍ കുറേ പുല്ലും മഴ മാറുമ്പോള്‍ കുറച്ചു പൂക്കളും വേനലില്‍ കറുത്തിരുളുകയും  ചെയ്യുന്ന ഭൂമിയുടെ ഒരു ഭാഗം. പക്ഷേ പാറകള്‍ക്ക് പറയാന്‍ ഇതിലേറെയുണ്ട്. ജീവജലത്തിന്‍റെ വലിയ സംഭരണിയും ജീവജാലങ്ങളുടെ കണ്ണിയറ്റുപോകാതെ കാത്തുരക്ഷിക്കുന്ന അപൂര്‍വ്വ ജൈവ വൈവിധ്യ കേന്ദ്രം കൂടെയാണ് നമ്മുടെ മനസ്സിലെ ആ ‘വെറും” പാറകള്‍.

ദക്ഷിണ കേരളത്തിലെ നദികള്‍ പശ്ചിമഘട്ടത്തിലെ വനങ്ങളില്‍ നിന്നാണ് ഉത്ഭവിക്കുന്നതെങ്കില്‍  ഉത്തര കേരളത്തിലെ നദികളില്‍ പലതും  ഉത്ഭവിക്കുന്നത് ചെങ്കല്‍കുന്നുകളില്‍ നിന്നാണ് എന്നത് ഇന്നും പലര്‍ക്കും അത്ഭുതമാണ്. പാറകളില്‍ നിന്ന് നദികള്‍ ഉത്ഭവിക്കുകയോ എന്നും ചോദിക്കുന്നവരുണ്ട്.

നമ്മള്‍ പാഴ് നിലമാണെന്ന് മുദ്രകുത്തി ഇടിച്ചു നിരത്താന്‍ ഒരിക്കല്‍ അനുമതി കൊടുത്ത കണ്ണൂര്‍ ജില്ലയിലെ മാടായി പാറയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചൈനാ ക്ലേ ഖനനത്തിന് മാടായി പാറ മുഴുവന്‍ ഇടിച്ചു നിരത്താന്‍ നടത്തിയ ശ്രമങ്ങളെ പ്രകൃതി ബോധമുളള ഏതാനും പേരുടെ ചെറുത്തു നില്‍പ്പു ഒന്നുകൊണ്ടുമാത്രമാണ് ഇന്നും നിലനിര്‍ത്താനായത്, മാടായി പാറ ഇന്നും ജീവിക്കുന്നത്.

ചാഞ്ഞുപെയ്യുന്ന മഴയും  അകലങ്ങളിലെ മഴപെയ്ത്തും ഞാനാദ്യമായി കണ്ടത് ഈ പാറപുറത്തുനിന്നാണ്. 180 ഡിഗ്രിയില്‍ നിങ്ങള്‍ക്ക് ഇവിടെ മഴകാണാം.  കിഴക്കന്‍ മലയില്‍ പെയ്യുന്ന മഴയും കടലില്‍ പെയ്യുന്ന മഴയും കാണാം.  മഴ പാറമേല്‍  തലതല്ലിപൊളിക്കുമ്പോള്‍ ചരളുവാരിയെറിയുന്ന ശബ്ദം കേള്‍ക്കാം.

കണ്ണാടിപോലുളള  കുളങ്ങള്‍ കൊണ്ട് സമൃദ്ധമാണ് മാടായി പാറ.‌ ഇവിടുത്തെ കാഴ്‌ച്ചകള്‍ക്കും കുളത്തിനും മഴയ്ക്കും ചിത്രശലഭങ്ങള്‍ക്കും എന്തിന്  കാറ്റിനു പോലും എന്തോ ചില പ്രത്യേകതകളുണ്ട്. മറ്റെവിടെയും കാണാത്ത ചില പ്രത്യേകതകള്‍.

ഏഴിമലയെ തഴുകി കടല്‍ക്കാറ്റ് നിറുത്താതെ വീശുന്ന  നനഞ്ഞ ഒരു രാവിലെയായിരുന്നു ഞങ്ങള്‍ മാടായി പാറമുകളിലെത്തിയത്.  ആകാശവും പാറയും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നു. നടക്കുന്തോറും ഈ പാറയുടെ നീളവും വീതിയും കൂടി വരുന്നു.

ഇരിക്കപൊറുതിയില്ലാതെ രിറ്റിറ്റിറ്റി… എന്ന് ശബ്ദമുണ്ടാക്കി പാറമേല്‍ ഓടി നടക്കുന്ന തിത്തിരിപക്ഷികളുടെ കേന്ദ്രമാണ് ഈ പാറപ്പുറം.  നിലത്ത് മുട്ടയിടുന്ന പക്ഷിയാണ് തിത്തിരി.  മുട്ടയ്ക്ക് പെണ്‍ പക്ഷികള്‍ കാവലുകിടക്കുമ്പോള്‍ ആരെങ്കിലും അതിനടുത്തേക്ക് പോയാല്‍ ശ്രദ്ധമാറ്റാന്‍  ആണ്‍ തിത്തിരികള്‍ രിറ്റിറ്റി റ്റി റ്റി… ശബ്ദമുണ്ടാക്കി  അടുത്തേക്ക് ഓടിവന്ന് ഒരകലത്ത് വച്ച് തിരിച്ചോടും. മാടായിയിലെ കാവിനു പിന്നിലായാണ്  തിത്തിരികള്‍ കൂട്ടത്തോടെ മുട്ടയിട്ട് കാവലുകിടക്കുന്നത്.

മാടായി കാവ് കടന്ന് ഞങ്ങള്‍ തിത്തിരിപക്ഷിയുടെ കൂട് കാണാന്‍ തീരുമാനിച്ചുറച്ച് നടന്നു. കാവ് കടന്നതും നാല് ഭാഗത്തു നിന്നും രിറ്റിറ്റി റ്റി റ്റി എന്ന ശബ്ദമുണ്ടാക്കി ആണ്‍ തിത്തിരികള്‍ ഞങ്ങള്‍ക്കുനേരെ ഓടിവന്ന് ഒരകലത്തില്‍ വച്ച് മുട്ടയിട്ടിരിക്കുന്ന കൂടിന് എതിര്‍ വശത്തേക്ക് തിരിച്ചോടി. ഞങ്ങളുടെ ശ്രദ്ധ തിരിക്കാനുളള  ആണ്‍ തിത്തിരിയുടെ കലാപം വകവെയ്ക്കാതെ അടയിരിക്കുന്ന പെണ്‍തിത്തിരിയുടെ കൂടിനടുത്തേക്ക് നടന്നു.

കൂടിന് കുറച്ചകലെമാറി ഞങ്ങള്‍ നിന്നു. തിത്തിരിപെണ്ണിന്  യാതൊരു കുലുക്കവുമില്ല. എണീക്കാന്‍ ഭാവമില്ല.  ഇടയ്ക്കിടെ തിത്തിരിപെണ് ഇടം കണ്ണിട്ട് നോക്കുന്നുണ്ട്, ദുഷ്ട്ടന്‍മാര്‍ പോയോ എന്ന മട്ടില്‍ . ഞങ്ങള്‍ കുറേ സമയം പാറപ്പുറത്തു തന്നെയിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ പെണ്‍തിത്തിരി അവിടെ നിന്നും എണീറ്റ് കുറച്ചകലേക്ക് മാറി നിന്ന് ഞങ്ങളെ നോക്കി.

തിത്തിരിപെണ്ണ് അവിടെ നിന്നു മാറിയതും ഞങ്ങള്‍ മുന്നോട്ട് നടന്ന് കൂട്ടിലെ  മുട്ടകള്‍ നോക്കി. നാലെണ്ണം. തവിട്ടുനിറത്തിലുളള തോടിന്‍മേല്‍ കറുത്തപുളളികള്‍  . കാണാന്‍ നല്ല ഭംഗിയുളള മുട്ടകള്‍ . ഞങ്ങള്‍ തിത്തിരിയുടെ കൂടിന് അടുത്തെത്തിയപ്പോള്‍മുതല്‍ നേരത്തേ എതിര്‍ വശത്തേക്കോടിയ ആണ്‍ തിത്തിരികളെല്ലാം സംഘം ചേര്‍ന്ന് ഞങ്ങളെ വളഞ്ഞു. എന്തോ ആപത്തു വരാന്‍ പോകുന്നതുപോലെ മുഴുവന്‍ ആണ്‍ തിത്തിരികളും രിറ്റിറ്റിറ്റി റ്റി എന്ന കലാപഗാനം സംഘം ചേര്‍ന്ന് പാടി.

തിത്തിരി പക്ഷികളുടെ “ആക്രമണം”  ഉണ്ടാകുമോ എന്ന് ഭയന്ന് ‍ഞങ്ങള്‍ അവിടെ നിന്നും പിന്‍വാങ്ങി. പാറപ്പുറത്തുകൂടെയുളള നടത്തം തുടര്‍ന്നു. പാറകളിലെ ഓരോ രോമകൂപങ്ങളില്‍ നിന്നും പുല്‍നാമ്പുകള്‍ എഴുന്നേറ്റു നില്‍ക്കുന്നുണ്ട്. ആ കൂട്ടത്തില്‍ മുക്കുറ്റിയും കാക്കപുവും എല്ലാം നിറഞ്ഞു നില്‍ക്കുന്നു. റോഡ് മുറിച്ചുകടന്ന് മറുഭാഗത്തെത്തിയപ്പോള്‍  നീലക്കടല്‍ പോലെ കാക്കപൂവുകള്‍ നിരന്നു നില്‍ക്കുന്നു… കടലുപോലെ നീലപ്പൂക്കളുടെ വിശാലത.

പാറയ്ക്കു മുകളില്‍ ഉണങ്ങിക്കിടക്കുന്ന പുല്‍വിത്തുകള്‍ പുതുമഴയില്‍ കിളിര്‍ത്തു തുടങ്ങുന്നതോടെയാണ്‌ മാടായിപ്പാറയിലെ പൂക്കാലം തുടങ്ങുക. വേനല്‍ക്കാലത്ത് തരിശ്ശാണെന്ന്  തോന്നുന്ന പാറ മഴക്കാലം കഴിയുന്നതോടെ പൂമെത്തയാകും‌. മഴ തോര്‍ന്ന് വെയില്‍ വന്നാല്‍  മാടായിപ്പാറ നീലനിറമാവും. പിന്നെ ഓരോ മാസവും ഓരോ തരത്തിലുളള പൂക്കള്‍ മാടായിപാറയ്ക്കു മുകളില്‍ വിരിഞ്ഞുകൊഴിയും. പാറയിടുക്കുകളില്‍ കാണുന്ന വെള്ളി നിറത്തിലുള്ള കുഞ്ഞു പാറപ്പൂക്കളും, അസഹ്യമായ മണത്തോടെ വൈകുന്നേരങ്ങളില്‍ മാത്രം വിരിയുന്ന വെളുത്ത കോളാമ്പി പൂക്കള്‍ നിറഞ്ഞ കള്ളിച്ചെടികളും, കൃഷ്‌ണപ്പൂവും, കണ്ണാന്തളിയും അപൂര്‍വ്വമായ ഡ്രോസിറ എന്ന ഇരപിടിയന്‍ സസ്യവും ഈ പാറയ്ക്കു മുകളില്‍ കാണാം.

നിംഫോയിഡസ് കൃഷ്ണകേസര ( Nimphoides krishnakesara) എന്ന ചെടിയുടെ ലോകത്തിലെ തന്നെ ഏക ആവാസകേന്ദ്രം മാടായി പാറയാണ്. ഇതിനെല്ലാം പുറമേ ഒരു സസ്യശാസ്ത്ര പുസ്തകത്തിലും ഇതുവരെ ഇടം നേടാത്ത നാല് പുതിയ വര്‍ഗ്ഗം ചെടികളെയും കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടെടുത്തതും ഈ പാറമുകളില്‍ നിന്നാണ്. ആയൂര്‍വേദത്തിലും നാട്ടുവൈദ്യത്തിലും ഒഴിച്ചുകൂടാനാവാത്ത ദശപുഷ്പ്പങ്ങളിലെ വിഷ്ണു ക്രാന്തിയും പാറമുളളും പാറപ്പൂവും ആനയടിയും സുലഭമാണിവിടെ.

പൂക്കളെക്കുറിച്ചു പറഞ്ഞാല്‍ നാവേറെ വേണ്ടിവരും. അത്രയ്ക്ക് വൈവിധ്യവും സുന്ദരവുമാണ് മാടായിയിലെ പൂക്കളുടെ വിശേഷം.മഴമാറി രണ്ടോ മൂന്നോ ദിവസത്തെ വെയിലു മതി പാറയില്‍ പൂക്കാലം തുടങ്ങാന്‍‍. പിന്നെ മഴ പൂര്‍ണ്ണമായി മാറിയാല്‍ പൂവിന്‍റെ നിറവും മാറും. കടുത്ത വേനല്‍ തുടങ്ങുന്നതുവരെ ഈ പൂക്കളമിടലും മായ്‌ക്കലും തുടര്‍ന്നു കൊണ്ടേയിരിക്കും. ഓണക്കാലത്ത്  പ്രകൃതി തന്നെ ഈ പാറപുറത്ത് ഒരു പുക്കളമൊരുക്കും. പലനിറത്തിലുളള പലവലിപ്പത്തിലുളള പൂക്കളെകൊണ്ട് ഏക്കറു കണക്കിന് വീതിയിലും നീളത്തിലും ഒരു കൂറ്റന്‍ പൂക്കളം.

ചെങ്കല്ലു തുരന്നെടുത്ത്‌ നിര്‍മ്മിച്ച ഒരു ജൂതക്കുളം ഭൂതകാലത്തിന്‍റെ അവശേഷിപ്പെന്നോണം ഇപ്പോഴും മാടായിക്കുമുകളിലുണ്ട്‌. വാല്‍ക്കണ്ണാടിയുടെആകൃതിയാണ്‌ ഈ ജൂതക്കുളത്തിന്‌. പിന്നെ മാടായിപ്പാറയുടെ മറ്റൊരു കോണില്‍ ഒന്നര ഏക്കര്‍ വിസ്‌തൃതിയില്‍ നീണ്ടു നിവര്‍ന്ന്‌ കിടക്കുന്ന കുളമുണ്ട്-വടുകുന്ദ ക്ഷേത്രക്കുളം. മകളായ ഭദ്രകാളിക്ക്‌ കുളിക്കാനായി പരമശിവന്‍ തന്‍റെ തൃശൂലം കൊണ്ട്‌ കുത്തിയെടുത്തതാണ്‌ ഈ കുളമെന്നാണ്‌ ഐതിഹ്യം. മൂന്നാമത്തെ വലിയ കുളം മാടായിപ്പാറയുടെ എല്ലാ സൗന്ദര്യത്തേയും ആവാഹിച്ചപോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന മാടായിക്കുളമാണ്‌.

മാടായി കാവും ഏഴിമലയും കണ്ണാടിപോലെയുളള ഈ കുളത്തില്‍ ചിലനേരങ്ങളില്‍ പ്രതിബംബിക്കുന്നുണ്ട്. ഞങ്ങളാ കുളത്തിനടുത്തെത്തിയപ്പോള്‍ ആകാശം കുളത്തില്‍ വീണുകിടക്കുകയാണെന്നു തോന്നി…

ഈ പാറയില്‍ എങ്ങനെയാവാം വെളളം കെട്ടിനില്‍ക്കുന്നത്. അതിനുമുണ്ട് ശാസ്ത്രീയമായ വിശദീകരണം. മാടായിയിലെ പാറയ്ക്കടിയിലെ ചൈനാ ക്ലേയുടെ ഒരു പാളിയാണത്രേ വെളളത്തെ പിടിച്ചു നിര്‍ത്തുന്നത്. അതുകൊണ്ടാണത്രേ ഈ പാറപുറത്തെ വെളളം ഒരു കോടും വേനലിനും വറ്റിച്ചുകളയാനാകാത്തത്.

മാടായിപാറയില്‍ പോകാം, കണ്ണൂര്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ . അടുത്തുളള റയില്‍വേ സ്റ്റേഷന്‍ . പഴയങ്ങാടി

പണ്ട് പോര്‍ച്ചൂഗീസുകാരന്‍ വാസ്ക്കോഡഗാമ കപ്പലോടിച്ചുവന്നപ്പോള്‍ ഇന്ത്യയില്‍  ആദ്യം കണ്ട കര മാടായിപാറയായിരുന്നത്രേ. ഹെര്‍മ്മന്‍ ഗുഡര്‍ട്ട് മലയാളത്തിലെ ആദ്യ നിഗണ്‍ഡു എഴുതി തീര്‍ത്തതും മാടായിയിലെ പഴയ ഗസ്റ്റ് ഹൗസിനുമുകളില്‍ വച്ചായിരുന്നു. അങ്ങനെ ചരിത്രത്തിലും ജൈവവെവിധ്യത്തിലും മാടായിപാറയ്ക്ക് തനതായ ഒരു വ്യക്തിത്വമുണ്ട്.

പക്ഷേ പാറയുടെ വടക്കന്‍ ചരിവ്  ഞങ്ങള്‍ക്ക് തന്നത് വേദനിപ്പിക്കുന്ന ചിത്രമായിരുന്നു. ചൈനാക്ലേ ഘനനത്തിനുവേണ്ടി ഒരുഭാഗത്ത് പാറ മുഴുവന്‍ തുരന്നു കൊണ്ടുപോയ്ക്കൊണ്ടിരിക്കുകയാണ്. മാടായിയുടെ ഹൃദയത്തിലേക്ക് പത്തോളം ജേസിബികളാണ് മത്സരിച്ച് മണ്ണുമാന്തികൊണ്ടിരിക്കുന്നത്. ഈ പാറ മുഴുവനായി മാന്തികൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇവിടുത്തെ പ്രകൃതിസ്നേഹികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഒരു ഭാഗത്ത് മാത്രം ഘനനം ഒതുങ്ങിയത്.

ഈ പാറ പുറത്ത് മഴക്കാലത്ത് ഏഴ് ചെറു വെളളച്ചാട്ടങ്ങള്‍ കാണാം. പാറയുടെ ഏതോ ഗര്‍ഭപാത്രത്തില്‍ നിന്ന് പൊട്ടിയൊലിക്കുന്ന നീര്‍ച്ചാലുകളാണ് താഴോട്ട് ഒഴുകി ചെറു വെളളച്ചാട്ടങ്ങളായി മാറുന്നത്. ഒരു ചെറിയ ചെങ്കല്‍കുന്നില്‍ നിന്ന് ഏഴ് വെളളച്ചാട്ടങ്ങളോ? ചോദ്യങ്ങള്‍ വീണ്ടും നിങ്ങളുടെ മനസ്സിലുദിക്കുന്നുണ്ടെങ്കില്‍ നിങ്ങളീ മഴക്കാലത്ത് ഈ പാറപ്പുറത്തേക്കൊന്നുവരണം. ചിലപ്പോള്‍ നിങ്ങളുടെ മനസ്സിലെ പാറയെപറ്റിയുളള  സങ്കല്‍പ്പങ്ങള്‍ തന്നെ അത് മാറ്റിയേക്കാം.

ഈ പാറക്കടിയില്‍ എത്രവെളളമുണ്ടാകും ? ഇതറിയാന്‍ ഒരിക്കല്‍ ഇവിടുത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ നീരുറവകളെ അളന്നു തിട്ടപ്പെടുത്തി. ഒരു ദിവസം പാറയിലെ ഏഴ് നീര്‍ച്ചാലുകളില്‍ നിന്ന് മാത്രം അളന്നപ്പോള്‍ കിട്ടിയത് കൌതുകം നിറഞ്ഞ കണക്കായിരുന്നു. പ്രതിദിനം 5,00,000,00 ലിറ്റര്‍ ശുദ്ധജലം !

ഒരു ലിറ്റര്‍ കുപ്പിവെളളം 15 രൂപയ്ക്കു വില്‍പ്പന നടത്തുമ്പോള്‍ മാടായിയിലെ ഈ വെളളത്തിന്‍റെ വിലയെന്താവും. വെറുതേ കണക്കുകൂട്ടിനോക്കാം. 75,00,00,000 ( എഴുപത്തഞ്ച് കോടി ലിറ്റര്‍ ) രൂപ.  ഈ കണക്കുകള്‍ക്കിടയിലേക്കാണ് വെറും 19,116 കോടി രൂപയുടെ ലിഗ്നേറ്റ് നിക്ഷേപം ഖനനം ചെയ്യാനായി ഈ പാറമുഴുവന്‍ പൊളിച്ചടുക്കാന്‍ തീരുമാനിച്ചത്. ശുദ്ധജലം മുട്ടിച്ച് ലിഗ്നെറ്റ് ഖനനമെന്ന ‘വികസനം’ വേണ്ടെന്ന് ഒറ്റക്കെട്ടായി നാട്ടുകാര്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് 900 ഏക്കര്‍ നീണ്ടു കിടക്കുന്ന പാറ ഇന്നും അവശേഷിക്കുന്നത്.

വേദനിപ്പിക്കുന്ന കാഴ്ച്ചകളില്‍ നിന്ന് മുഖം തിരിച്ച് ഞങ്ങള്‍ പടിഞ്ഞാറേ ചരിവ് ലക്ഷ്യമാക്കി നടന്നു. പലതരം അപൂര്‍വ്വയിനം  പൂമ്പാറ്റകള്‍  മാടായിപ്പാറയില്‍ നിത്യ സന്ദര്‍ശ്ശകരാണ്‌ ‍. എവിടെയും ഇരിക്കപ്പൊറുതിയില്ലാതെ വാലു വിറപ്പിച്ചു പറക്കുന്ന  വിറവാലനും പതിയെ  പാറിപറന്ന് നടക്കുന്ന നാടോടി ശലഭവും, എരിക്കിന്‍റെ വിഷാംശവുമായി ധൈര്യത്തില്‍ പറക്കുന്ന എരിക്കു തപ്പിയും, പൊന്തകള്‍ക്കു മുകളില്‍ വട്ടമിട്ടു പറക്കുന്ന പൊന്തച്ചുറ്റനും, സ്വര്‍ണ്ണച്ചിറകുകളുള്ള വലിയ ഗരുഡശലഭവും  വിറവാലനുമടക്കം 117ഇനം ചിത്രശലഭങ്ങളാണ്‌ മാടായിപാറക്കുമുകളിലുള്ളത്.

മാടായി പാറയുടെ പടിഞ്ഞാറന്‍ ചരിവ് അറിയപ്പെടുന്നത് ചിത്രശലഭ സാന്‍ച്വറി എന്നാണ്. 27ഇനം തുമ്പികളും ഇവിടെയുണ്ട്‌. നിത്യഹരിതവനമായ സൈലന്‍റ് വാലി കഴിഞ്ഞാല്‍ ഏറ്റവും കൂടൂതല്‍ ഇനം ചിത്രശലഭങ്ങളെ കാണുന്നത് തരിശുഭൂമിയെന്നു കരുതുന്ന ഈ ചെങ്കല്‍ക്കുന്നിനു മുകളിലാണ് എന്നതാണ്  ഏറെ കൗതുകം.

ശലഭ സാന്‍ച്വറിയുടെ അടുത്ത് ഞങ്ങള്‍ എത്തിയപ്പോള്‍കാര്യമായി ശലഭങ്ങളെയൊന്നും കണ്ടില്ല. ഒന്നോ രണ്ടോ വിറവാലന്‍മാര്‍ വാലും വിറപ്പിച്ച് പറക്കുന്നുണ്ടായിരുന്നു എന്നുമാത്രം. മഴ തുങ്ങി നില്‍ക്കുന്നതുകൊണ്ട് ചില ശലഭങ്ങള്‍ ഇലചുവട്ടില്‍  ധ്യാനിക്കുകയായിരിക്കും. കുറേ നേരം ഞങ്ങളാ സാന്‍ച്വറിയുടെ അടുത്തുതന്നെയിരുന്നു. ദൂരെ പഴയങ്ങാടിപുഴ വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നുണ്ട്. കടലിന് സമാന്തരമായി കൂറേ ദൂരം ഒഴുകിയ ശേഷമാണ് പഴയങ്ങാടിപുഴ കടലില്‍ ചേരുന്നത്.

ഞങ്ങള്‍ അവിടെ നിന്നുമെഴുന്നേറ്റ് നടക്കാന്‍ തുടങ്ങുമ്പോഴാണ് ആ കാഴ്ച്ച കണ്ടത്. പടിഞ്ഞാറേ ചരിവിലെ കാട്ടു പൊന്തയില്‍ നിന്ന് ആകാശത്തേക്ക് കുറേ ശലഭങ്ങള്‍ പറന്നുയരുന്നു. മഞ്ഞപാപ്പാത്തിയും ചക്കരശലഭവും ഗരുഡശലഭവും എല്ലാമുണ്ട് അക്കൂട്ടത്തില്‍. കാഴ്ച്ചകള്‍ പിന്നെയും കുറേ നേരം ഞങ്ങളെ അവിടെതന്നെ പിടിച്ചിരുത്തി. ഇപ്പോള്‍ ഞങ്ങള്‍ക്കു ചുറ്റും ചിത്രശലഭങ്ങളാണ്. പലനിറത്തിലുളള പലതരം ചിത്രശലഭങ്ങള്‍…

ഏറെ നേരത്തെ ശലഭകാഴ്ച്ചകള്‍ക്കൊടുവില്‍ മനസ്സിലാ മനസ്സോടെ ഞങ്ങളവിടെ നിന്നും തിരിച്ചിറങ്ങി. അങ്ങ് ദൂരെ കിഴക്കന്‍ മലയില്‍ ഇപ്പോള്‍ ശക്തമായിമഴ പെയ്യുന്നുണ്ട്. മാടായി പാറയില്‍ തണുത്തകാറ്റും  ചാറ്റല്‍ മഴയും… മനസ്സ് കുളിര്‍ക്കുന്ന കാഴ്ച്ചകളുമായി അവിടെനിന്നിറങ്ങി. അപ്പോഴും മനസ്സില്‍ ഒരു പാട് ശലഭങ്ങള്‍ വട്ടമിട്ടുപറക്കുകയായിരുന്നു. ഇനിയും വരണമെന്ന് മനസ്സിലുറച്ച് ഞങ്ങളിറങ്ങി. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വണ്ടി കയറി തിരികെയാത്ര.

വണ്ടി പഴയങ്ങാടി പുഴകടക്കുമ്പോള്‍ അങ്ങ്ദൂരെ മാടായിപാറയുടെ പടിഞ്ഞാറേ ചരിവുകാണാം. മഴതിമിര്‍ത്തുപെയ്യാന്‍ തുടങ്ങിയിരിക്കുന്നു. വണ്ടിയുടെ വാതില്‍ പടിയില്‍ നിന്നുളള മാടായിപാറയുടെ കാഴ്ച്ചകള്‍ ആധികം വൈകാതെ ആ കനത്തമഴകൊണ്ടുപോയി. ഇനി അടുത്ത ഒരു വരവിന് ഈ കുന്ന് അവിടെ കാണുമോ? മാടയി പാറ ഇനിയും പൂക്കുമോ?

ചൈനാ ക്ലേയുടെയോ വരാന്‍ പോകുന്ന നാലുവരി പാതയുടെയോ പേരില്‍ ആ പാറയും ഇടിച്ചു നിരത്തപ്പെടുമോ? കുന്നുകളെല്ലാം റോഡുപണിക്കു പോയിരിക്കുന്നു എന്ന കവിഫലിതം പോലും ഇവിടെ വേദനയാവുകയാണ്. ഇനിയും മരിക്കാത്ത മാടായി പാറയുടെ മുകളിലേക്ക് ഒരിക്കല്‍ വികസനത്തിന്‍റെ പേരില്‍  കുറേ ജെസിബികള്‍ വലിഞ്ഞു കയറും എന്നുറപ്പാണ്.

അന്ന് പാറയിലെ തിത്തിരി പക്ഷിയും വിറവാലന്‍ ശലഭവും മാടായി പാറയില്‍ മാത്രം കാണുന്ന കൃഷ്ണ കേസരിയും  ഈ പാറപ്പുറത്ത് കൂടുകൂട്ടുന്ന വെളളവരയന്‍ കടല്‍ പരുന്തും എന്നെന്നേക്കുമായി നമുക്ക് നഷ്ട്ടപ്പെടും.  കുന്നായ കുന്നുകളെല്ലാം റോഡുപണിക്ക് പോയി തുടങ്ങുമ്പോള്‍ കുന്നുകളില്‍ നിന്ന് നിരായ് നീര്‍ച്ചാലായി താഴോട്ടൊഴുകി പരക്കുന്ന കവ്വായി പുഴയും പൊരുമ്പപുഴയും രാമന്തളിപ്പുഴയും വറ്റിവരളും.

ഭാരതപ്പുഴയുടെ നെഞ്ചകം മാന്തിപ്പൊളിക്കുന്നപോലെ വറ്റിയ ആ പുഴയെയും നമ്മുടെ ടിപ്പര്‍ ലോറികള്‍ കയറ്റിക്കൊണ്ടുപോകും. വികസനം തെങ്ങിന്‍റെ മണ്ടയില്‍ തുടങ്ങാന്‍ പറ്റാതെ വിഷമിച്ചവര്‍ക്ക് അതൊരു പുതിയ പുറമ്പോക്കാവും.

ആ ഭൂമിയില്‍ പുതിയ വികസന പാര്‍ക്കുകള്‍ സ്ഥാപിക്കാനും നമ്മള്‍ക്കു മടിയുണ്ടാവില്ല.

മാടായിപാറയില്‍ പോകാം, കണ്ണൂര്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ . അടുത്തുളള റയില്‍വേ സ്റ്റേഷന്‍ . പഴയങ്ങാടി

22 Responses to “സ്വപ്‌നങ്ങള്‍ പൂക്കുന്ന മാടായിപാറ ഇനി എത്ര കാലം?”

 1. Lal Atholi 09986707650

  Its a tender article… Thank you very much Varun…

 2. KAVITHA

  kollam nalla ezhuthu… nalla chithrangal… ethupoleyula ezhuthukal eniyum prathekshikkunu.

 3. MANU WAYANAD

  ഭാരതപ്പുഴയുടെ നെഞ്ചകം മാന്തിപ്പൊളിക്കുന്നപോലെ വറ്റിയ ആ പുഴയെയും നമ്മുടെ ടിപ്പര്‍ ലോറികള്‍ കയറ്റിക്കൊണ്ടുപോകും.

  evide enthu vikasanamanuu nammal nedunnathu. vellavum bhumiyum nashippichulla vikasanam avashyamullathu panamudakkal mathram odi nadakkunnavarkkanuu.

 4. hari

  “മടായി പാറയിലെ വസന്തവും വെള്ളവും പച്ചപ്പും നമുക്ക് നഷ്ടപെടുമോ
  യന്ത്ര കയികള്‍ അവയ്ക്ക് മേലെ മാന്തി പറിക്കുന്നത്‌ കാണേണ്ടി വരുമോ”
  എന്തായാലും മനോഹരമായ റിപ്പോര്‍ട്ട്‌ ,,,,,,,,,,
  മവോഇസ്റ്റു റിപ്പോര്‍ട്ടില്‍ ഏറെ എനിക്ക് അങ്ങികരിക്കാന്‍ പറ്റിയില്ല
  ഇത് നന്നായി ചേട്ടാ ,,,,,,,,, ഇനിയും പ്രതീക്ഷിക്കുന്നു ,,,,,,,,,,,

 5. Ram!

  love it..

 6. Haroon peerathil

  Enium kannu thurakkaatha vikasanapaachil!! ee paristhidi dinathil oru nimisham prakrthiye,ammaye avarude makkale kurichu oarkkuka!! kambolathil ellam kittum pakshe ammaye kittilla ennorkkanam.

 7. Sarath

  Very nice
  pls post the details and root map to reach madayippara

 8. യരലവ

  നല്ല പരിചയപ്പെടുത്തല്‍. നന്ദി.

 9. manesh

  Madayipara is part of our culture………….madayikkavilachi,kari,thondachan theyyam alot………… But kerala govt. has been continuing the distruction………. We have been expecting it will stop….but…

 10. jaljith

  Good One… an eye opener…

 11. Nishandh M

  Generations yet to come will spit on us for being so passive against such odds. No doubt. Kudos to Keralaflashnews for taking a positive stand..

 12. Gopakumar N.Kurup

  A very nice article and awesome pictures. Congrats Varun..

 13. Thanmees

  Thank U for this wondr full Story about ‘Madayi Para’. I wish, try this at once.

  Gods Own country – Kerala

 14. Jeevan

  Great photos..

 15. mitra.u

  madayiparaye 2 thavana kaanan poya ende manassil thoniya athe vikaaram manoharamaaya varikalakkiya varuninu oraayiram nanni………..

 16. Dr Esther Gladiz

  മാടായി പാറയില്‍ മാത്രം കാണുന്ന കൃഷ്ണ കേസരിയും ഈ പാറപ്പുറത്ത് കൂടുകൂട്ടുന്ന വെളളവരയന്‍ കടല്‍ പരുന്തും എന്നെന്നേക്കുമായി നമുക്ക് നഷ്ട്ടപ്പെടും.Veedum nammalan theerkkaan pattatha ee swarghabhumi vikasanam ennu paranju nasippikkan parasthithi pravarthakarum kanunnillee. njanum madayi para kanna agrhikkunnu. Thank you for such a gud information. God Bless those who protect Nature

 17. T.V.Madhu

  ഇനിയും മരിക്കാത്ത ഭൂമീ നിനക്കാസന്ന മൃതിയില്‍ നിനക്കാത്മശാന്തി…..
  കവി പാടിയതു സംഭവിക്കാതിരിക്കാന്‍ നാമുണാരന്‍ ഇനിയും വൈകരുത്…….
  നന്ദി വരുണ്‍

 18. rajan vengara

  ആർട്ടിക്കിൾ നന്നയിട്ടുണ്ട്..എന്നലും ചില ചില്ലറ തെറ്റുകൾ ചൂണ്ടി കാണിക്കാം.(പക്ഷേ പാറയുടെ വടക്കന്‍ ചരിവ് ഞങ്ങള്‍ക്ക് തന്നത് വേദനിപ്പിക്കുന്ന ചിത്രമായിരുന്നു.)പാറയുടെ വടക്കെ ചരിവിലല്ല ചൈനാക്ലേ ഫാക്റ്ററി..അതു തെക്കു -പടിഞ്ഞാറു മൂലയിലാണു..(വണ്ടി പഴയങ്ങാടി പുഴകടക്കുമ്പോള്‍ അങ്ങ്ദൂരെ മാടായിപാറയുടെ പടിഞ്ഞാറേ ചരിവുകാണാം. ) പഴയങ്ങാടിയിൽ നിന്നും കാണാനാവുന്നത് പടിഞ്ഞാറേ ചരിവല്ല..കിഴക്കെ ചരിവാണു..ഈ കൊചു തെറ്റുകൾ ഒഴിവാക്കി യാൽ ഈ സചിത്ര ലേഖനം മനൊഹരമായിട്ടുണ്ട്..നന്ദി .

 19. vinodvirippil

  മാടായിപ്പാറ ഒരു ഓര്മ .. ഒരു നൊമ്പരം..!

 20. V S Anilkumar

  വളരെ നല്ല vivaranam

 21. Nikhil C

  really miss this beauty ………………..

 22. sidharthan

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.