ആര്യ അനൂപ്‌
ആര്യ അനൂപ്‌
Freedom of expression
വിധി മറയാക്കി ജന്തര്‍മന്ദറിനെ രാംലീലയിലേക്ക് പറിച്ചുനടുന്നത് എതിര്‍ ശബ്ദങ്ങളെ മുക്കിക്കൊല്ലുവാനുള്ള ശ്രമം
ആര്യ അനൂപ്‌
Wednesday 11th October 2017 4:49pm

രാജ്യതലസ്ഥാനത്തെ സമരവേദിയായ ജന്തര്‍മന്ദറില്‍ പ്രതിഷേധ പരിപാടികളും ധര്‍ണകളും നടത്തുന്നത് നിരോധിച്ചുകൊണ്ട് കഴിഞ്ഞയാഴ്ചയാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം പുറപ്പെടുവിച്ചത്. പരിപാടികള്‍ നടത്തുന്നത് പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ആര്‍.എസ് റാത്തോറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്.

എല്ലാ സമരക്കാരേയും ജന്തര്‍മന്ദറില്‍ നിന്നും ഒഴിപ്പിക്കണമെന്നും ഇവരെ മൂന്നര കിലോമീറ്റര്‍ അകലെയുള്ള അജ്മീരി ഗേറ്റിന് സമീപത്തെ രാംലീല മൈതാനത്തേക്ക് ഒട്ടും വൈകാതെ മാറ്റണമെന്നുമായിരുന്നു ബെഞ്ച് ദല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

 

ഹരിത ട്രിബ്യൂണലിന്റെ വിധി വരുമ്പോള്‍ ജന്തര്‍മന്ദറില്‍ ഗൗരി ലങ്കേഷ് കൊലപാതകക്കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നൂറ് കണക്കിന് വരുന്ന വര്‍ഗബഹുജന സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ മാസങ്ങളോളമായി നടത്തിക്കൊണ്ടിരിക്കുന്ന സമരവും ഇവിടെ പുരോഗമിക്കുന്നുണ്ടായിരുന്നു.

ഏതാനും മീറ്ററുകള്‍ അകലെ ഗൂര്‍ഖാലാന്റിന് വേണ്ടിയുള്ള പ്രക്ഷോഭവും നടക്കുന്നു. ഒറ്ററാങ്ക് ഒറ്റപെന്‍ഷന്‍ ആനുകൂല്യം ആവശ്യപ്പെട്ട് വിമുക്തഭടന്‍മാരും അവരുടെ കുടുംബവും നടത്തിക്കൊണ്ടിരിക്കുന്ന സമരം ജന്തര്‍മന്ദിറില്‍ പുരോഗമിക്കുന്നുണ്ടായിരുന്നു.

 

എന്നാല്‍ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള തികച്ചും ഒറ്റപ്പെട്ട രാംലീല മൈതാനിയിലേക്ക് സമരകേന്ദ്രം മാറ്റുന്നത് സമരങ്ങളെ തകര്‍ക്കാനാണെന്നാണ് ആക്ഷേപം ഉയരുന്നത്.

”സമാധാനപരമായി സമരം ചെയ്യുന്നവരാണ് ഞങ്ങള്‍. കഴിഞ്ഞ ആറ് മാസത്തെ സമരത്തിനിടെ ഒരു പ്രകോപനവും ഉണ്ടാക്കിയിട്ടില്ല. ഹരിതട്രൈബ്യൂണലിന്റെ തീരുമാനത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ നിന്നും സമരക്കാരെ മറയ്ക്കുക എന്നതാണ് അതില്‍ പ്രധാനം. എന്തുസംഭവിച്ചാലും ഇവിടെ നിന്നും പോകാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.” പ്രതിഷേധക്കാരില്‍ ഒരാളായ മാലാശര്‍മ ഇങ്ങനെ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് ചൂണ്ടിക്കാട്ടുന്നു.

യു.പിയില്‍ നിന്നും അംഗനവാടി വര്‍ക്കറായ അര്‍ച്ചനാ സോണി ദല്‍ഹിയിലെത്തിയത് രണ്ട് ദിവസത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ്. ജന്തര്‍മന്ദിറില്‍ സമരത്തില്‍ പങ്കെടുക്കാനെത്തുന്ന വേളയിലെല്ലാം തങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നത് ഇവിടെ നിന്നും ഒരുകിലോമീറ്റര്‍ അകലെയുള്ള ഗുരുദ്വാര ബംഗ്ലസാഹിബില്‍വെച്ചായിരുന്നുവെന്ന് അര്‍ച്ചനാ സോണി വിശദീകരിക്കുന്നു.

 

ഇവിടെ മരങ്ങളും തണലുമുണ്ട്. എന്നാല്‍ രാംലീല മൈതാനത്ത് ഇതൊന്നും ഇല്ല. കൊടും വേനലിലും കൊടും മഞ്ഞുകാലത്തും അവിടെയിരുന്ന് എങ്ങനെയാണ് ഒരു സമരം നടത്താന്‍ കഴിയുക? ദേശീയ ഹരിത ട്രൈബ്യൂണല്‍ അംഗങ്ങള്‍ക്കാവുമോ സമരക്കാര്‍ക്കുള്ള ഭക്ഷണം അവിടെ എത്തിച്ചുകൊടുക്കാന്‍? അങ്ങനെയാണെങ്കില്‍ രാംലീല മൈതാനത്തേക്ക് പോകാന്‍ ഞങ്ങള്‍ തയ്യാറാണ്. സമരക്കാരെ ബുദ്ധിമുട്ടിക്കുക മാത്രമാണ് അവരുടെ ഉദ്ദേശം. അര്‍ച്ചനാ സോണി പറയുന്നു.

കോര്‍പ്പറേറ്റീവ് സ്റ്റോറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഗസ്റ്റ് 4 മുതല്‍ സമരം ചെയ്തുവരുന്ന സൂര്യനാരായണന്‍ ശുക്ലയുടെ വാക്കുകള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു.”ലാംലീല മൈതാനിയില്‍ ഭക്ഷണം ലഭിക്കാന്‍ വഴികളില്ല. മാത്രമല്ല ഒരു തണല്‍പോലും അവിടെ ഇല്ല. അങ്ങനെ വരുമ്പോള്‍ എങ്ങനെ അവിടെ ഒരു ദിവസത്തിലപ്പുറം സമരം ചെയ്യാന്‍ പറ്റും? അവര്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. പ്രതിഷേധങ്ങളെ ഏത് വിധേനയും അടിച്ചമര്‍ത്തുക. അതാണ് ഭരണകൂടത്തിനും വേണ്ടത്. അദ്ദേഹം പറയുന്നു

അല്‍പ്പം അകലെയായി പ്രതിഷേധിക്കുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരുടെ വാക്കുകള്‍ ഇങ്ങനെ…ഞങ്ങള്‍ ലൗഡ്‌സ്പീക്കറോ മറ്റ് തരത്തിലുള്ള പ്രതിഷേധസാമഗ്രികളോ ഇവിടെ ഉപയോഗിക്കുന്നില്ല. ഞങ്ങള്‍ പൊലീസുമായി ഏറ്റുമുട്ടലിന് നില്‍ക്കുന്നില്ല. ഞങ്ങള്‍ സമാധാനസമരം നടത്തുന്നവരാണ്. ഞങ്ങള്‍ ഇവിടെ നിന്ന് പോകാന്‍ ഉദ്ദേശിക്കുന്നില്ല. രാജ്യതലസ്ഥാനത്തെ പ്രതിഷേധം ലോകരാജ്യങ്ങള്‍ കാണേണ്ടെന്ന് കരുതിയാണ് ഭരണകൂടം ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ 83 ദിവസമായി സമരം നടത്തുന്ന ഇവര്‍ പറയുന്നു.

 

പ്രദേശവാസികള്‍ക്ക് ആരോഗ്യകരമായി ജീവിക്കാനുള്ള അവകാശത്തെ ഹനിക്കാന്‍ പാടില്ലെന്നും വായു, ശബ്ദ മലിനീകരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് ജന്തര്‍മന്ദറിന് സമീപം താമസിക്കുന്നവര്‍ നേരിടുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എന്‍.ജി.ടിയുടെ വിധി വന്നത്.

ശബ്ദമലിനീകരണം ഉണ്ടാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വരുണ്‍ സേഥ് എന്നയാളുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിച്ചിരുന്നത്. ഒരു ഏക്കര്‍ സ്ഥലമാണ് ജന്തര്‍മന്ദിറില്‍ വരുണ്‍സേഥിനുള്ളത്. ദല്‍ഹിയില്‍ രണ്ട് സിനിമാ തിയേറ്ററുകളുടെ ഉടമ കൂടിയാണ് ഇദ്ദേഹം.

ജന്ദര്‍മന്ദര്‍ പരിസരത്ത് കെട്ടി ഉയര്‍ത്തിയ വേദികളും മാലിന്യങ്ങളും നീക്കണമെന്നും അഞ്ചാഴ്ചയ്ക്കകം ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ട്രിബ്യൂണല്‍ ദല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു.

 

അതേസമയം, രാജ്യത്തിന്റെ സമരചരിത്രത്തില്‍ തന്നെ ദോഷകരമായി ബാധിക്കുന്ന ഈ ഉത്തരവിനെതിരെ ആം ആദ്മി പാര്‍ട്ടി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നൊന്നും ശക്തമായ പ്രതിഷേധം ഉണ്ടായില്ലെന്നതാണ് വസ്തുത.

തങ്ങളുടെ രൂപീകരണത്തിന് കാരണമായ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് വേദിയായിരുന്നു ജന്തര്‍മന്ദിര്‍ എന്നത് ആം ആദ്മി പാര്‍ട്ടിക്ക് ഇവിടുത്തോട് ഒരു പ്രത്യേക വൈകാരിക അടുപ്പം ഉണ്ടാക്കുന്നുണ്ട്.

ഒട്ടേറെ സമരങ്ങള്‍ക്ക് വേദിയൊരുക്കി ചരിത്രത്തില്‍ ഇടംനേടിയ ജന്തര്‍ മന്ദിറില്‍ സമരങ്ങള്‍ പാടില്ലെന്ന് ഉത്തരവിടുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നാണ് വിവിധ സംഘടനകള്‍ കുറ്റപ്പെടുത്തുന്നത്.

ഇന്ത്യാഗേറ്റിന് സമീപത്ത് പ്രതിഷേധിക്കുന്നത് നിരോധിച്ചതോടെ 1993 മുതലാണ് ജന്ദര്‍മന്ദര്‍ പ്രതിഷേധക്കാരുടെ വേദിയായത്.

 

2011ല്‍ അഴിമതിക്കെതിരായി അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന വലിയ സമരത്തിനും നിര്‍ഭയ കേസിന് പിന്നാലെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കിയ ഐതിഹാസിക പ്രക്ഷോഭത്തിനും ബാബരി മസ്ജിദ് പൊളിച്ചതിനെതിരായ പ്രതിഷേധത്തിനും വേദിയൊരുങ്ങിയത് ജന്തര്‍മന്ദിര്‍ ആയിരുന്നു.

നോട്ട് ഇന്‍ മൈ നെയിം എന്ന പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ ഈ വര്‍ഷം ജൂണില്‍ നടന്ന സമരവും ഷഹരന്‍പൂരിലെ ദളിത് വേട്ടക്കെതിരെ മെയ് മാസത്തില്‍ നടത്തിയ വലിയ പ്രതിഷേധത്തിനും എല്‍.ജി.ബി.ടി കമ്യൂണറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനും രാജ്യത്തെ തന്നെ പിടിച്ചുലച്ച നിര്‍ഭയ കേസില്‍ നീതി ആവശ്യപ്പെട്ട് ആയിരങ്ങള്‍ അണിനിരന്ന സമരത്തിനും ദല്‍ഹി ജന്തര്‍മന്ദിര്‍ സാക്ഷ്യം വഹിച്ചിരുന്നു.

 

ഇവിടെ നിന്നാണ് ഭരണകൂടങ്ങള്‍ക്ക് ഒരു നിലയ്ക്കും അലോസരം സൃഷ്ടിക്കാത്ത മറ്റൊരിടത്തേക്ക് സമരകേന്ദ്രം അധികാരികള്‍ പറിച്ചുനടുന്നത്. ട്രൈബ്യൂണല്‍ വിധിയുടെ മറവില്‍ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുവാനുള്ള ഭരണകൂടത്തിന്റെ പതിവുനീക്കമായേ ഈ നടപടിയേയും കാണാനാവൂ.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങളേയും പ്രതിഷേധങ്ങളേയും നിയന്ത്രിച്ചുള്ള ഭരണകൂട ഇടപെടലിലെ ഏറ്റവും വലുതാണ് ജന്തര്‍മന്ദിറില്‍ നിന്ന് രാംലീലയിലേക്കുള്ള സമരങ്ങളെ ആട്ടിപ്പായിക്കലുമെന്ന് കാണേണ്ടതുണ്ട്.

ആര്യ അനൂപ്‌
Advertisement