എഡിറ്റര്‍
എഡിറ്റര്‍
ഇറാന്‍ തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന പുതിയ സന്ദേഹങ്ങള്‍
എഡിറ്റര്‍
Monday 29th May 2017 4:15pm

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ലോകം സാകൂതം ഉറ്റുനോക്കിയ മറ്റൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇറാനില്‍ കഴിഞ്ഞയാഴ്ച നടന്നത്. ആദ്യഘട്ടത്തിലുണ്ടായിരുന്ന നീരീക്ഷണങ്ങളെ മുഴുവന്‍ അപ്രസക്തമാക്കിക്കൊണ്ട് നിലവിലെ പ്രസിഡന്റ് ഡോ. അലി ഹസന്‍ റൂഹാനി വീണ്ടും ഇറാന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ആഗോള തലത്തിലെ സൈനികമോ, സാമ്പത്തികമോ ആയ വന്‍ ശക്തികളുടെ കൂട്ടത്തിലൊന്നും എണ്ണപ്പെടുന്ന ഒരു രാജ്യമല്ല ഇറാന്‍. പക്ഷേ ആ രാജ്യം കൈക്കൊള്ളുന്ന വൈദേശികവും നയപരവുമായ നിലപാടുകള്‍ ആഗോള രാഷ്ട്രീയത്തില്‍ പല നിലക്കും സ്വാധീനമുണ്ടാക്കാന്‍ പോന്നതാണ്.

ഇറാനും അവിടുത്തെ ഭരണകൂടനിലപാടുകളും അന്തര്‍ദേശീയ തലത്തില്‍ എക്കാലത്തും പ്രസക്തമായി നില്‍ക്കുന്നതിന്റെ കാരണങ്ങളന്വേഷിച്ചാല്‍, പ്രദേശത്ത് കാലങ്ങളായി നടന്ന് വരുന്ന വൈദേശിക താത്പര്യങ്ങളുടെ മറ വെളിപ്പെടും. വിവിധ കാരണങ്ങള്‍ കൊണ്ട്, ആഗോള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന നിരവധി ഘടകങ്ങളില്‍ മുഖ്യമായ സ്ഥാനമുള്ള ഒരു ഭൂപ്രദേശമാണ് പശ്ചിമേഷ്യ.

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ ബാഹ്യമായും ആന്തരികമായും നിയന്ത്രിക്കാന്‍ സാധിക്കുന്ന, ആ പ്രദേശത്തെ കരുത്തുറ്റ ഒരു രാഷ്ട്രമെന്നതിലുപരിയായി അമേരിക്കയും ഇസ്രായേലുമടങ്ങുന്ന ആഗോള സാമ്പത്തിക, ആയുധ ഭീമന്മാരുടെ വാണിജ്യതാത്പര്യങ്ങള്‍ക്ക് മേല്‍ എക്കാലത്തും പ്രലോഭനങ്ങള്‍ സ്യഷ്ടിച്ച് കൊണ്ടിരിക്കുന്ന ഒരു ഭൂപ്രദേശത്തില്‍ നിര്‍ണായകമായ സ്വാധീനമുറപ്പിച്ചിട്ടുള്ള ഒരു രാഷ്ട്രമെന്ന നിലയിലും ഇറാന് ചില സവിശേഷതകളുണ്ട്.

സുന്നി – ഷിയാ എന്നീ രണ്ട് പ്രത്യയശാസ്ത്ര ഉള്‍പ്പിരിവുകളില്‍ പരസ്പരം സംഘര്‍ഷങ്ങളിലേര്‍പ്പെടുകയും ഇത്തരം സംഘര്‍ഷങ്ങളൊക്കെ പശ്ചിമേഷ്യയില്‍ പാശ്ചാത്യ താത്പര്യങ്ങള്‍ക്ക് വെള്ളവും വളവും നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലങ്ങളില്‍, ആ ധാരകളിലൊന്നിന് ആത്മീയമായും ആയുധപരമായും രാഷ്ട്രീയമായും നേത്യത്വം നല്‍കുന്ന രാഷ്ട്രമെന്ന പ്രത്യേകതയും ഇറാനുണ്ട്. ഇതിനൊക്കെ പുറമേ വളരെ പ്രസക്തമായ മറ്റ് രണ്ട് കാരണങ്ങള്‍ കൂടി ഇത്തവണത്തെ ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു.

അതിലൊന്ന് 2015ല്‍ സംഭവിച്ച വലിയ ആഗോള ചലനങ്ങളിലൊന്ന് എന്ന് നിരീക്ഷിക്കപ്പെടുന്ന ഇറാന്‍ ആണവകരാറിനു ശേഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത് എന്നതാണ്. ഇറാന്റെ ആണവ താത്പര്യങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയുമായും മറ്റ് പാശ്ചാത്യ നാടുകളുമായും നിരന്തരം സംഘര്‍ഷങ്ങളിലേര്‍പ്പെട്ടിരുന്ന ഒരു ചരിത്രത്തെ അപ്രസക്തമാക്കിക്കൊണ്ട് ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പ് വെച്ചതോടെ ഇറാന്റെ മുന്നില്‍ തെളിഞ്ഞത് വികസനത്തിന്റെയും പുരോഗതിയുടേയും വലിയ സാധ്യതകളായിരുന്നു.

ആണവ പരിപാടികള്‍ നിര്‍ത്തിവെക്കുന്നതിനു പകരമായി ഇറാനുമേല്‍ കാലങ്ങളായി ചുമത്തപ്പെട്ടിരുന്ന ഉപരോധങ്ങള്‍ എടുത്തുകളയുമെന്നതായിരുന്നു വന്‍ ശക്തികളുമായി നിലവില്‍വന്ന ആണവകരാറിലെ ഏറ്റവും സുപ്രധാനമായ ഒരു വ്യവസ്ഥ. വ്യാവസായിക സാധ്യതകളുടെയും അതിലൂടെയുള്ള സാമ്പത്തിക വളര്‍ച്ചയുടെയും ഒരു വലിയ ലോകം ഇറാന് മുന്നില്‍ തുറക്കപ്പെടാനും പശ്ചിമേഷ്യയിലെ ഒരു വന്‍ സാമ്പത്തിക ശക്തിയായി രാജ്യത്തിന് വളരാനും കഴിയുന്ന ഒരു വലിയ വാതില്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട കരാറിന് ശേഷം രാജ്യത്ത് നിക്ഷേപം നടത്താന്‍ നിരവധി ആഗോള വ്യാവസായിക ഭീമന്മാര്‍ രംഗത്ത് വന്നുവെന്നത് തന്നെ ഈയൊരു കരാറിന്റെ പ്രത്യക്ഷമായ ചില പ്രതിഫലനങ്ങളിലൊന്നായിരുന്നു.

ഇറാനെ പുതിയ ലോകക്രമത്തിന്റെ നേത്യസ്ഥാനങ്ങളിലേക്ക് നയിക്കാന്‍ പോന്ന ദിശാബോധവും ഉള്‍ക്കാഴ്ചയുമുള്ള ഒരു പ്രസിഡന്റ് എന്ന ഖ്യാതി നേടിയെടുക്കാനും രാജ്യത്തിനകത്തുള്ള പുതിയ തലമുറയുടെ വിശ്വാസം ആര്‍ജിച്ചെടുക്കാനും സാധിച്ചുവെന്ന വ്യക്തിപരമായ ഒരു നേട്ടവും റൂഹാനിക്ക് ആണവ കരാറിലൂടെ ആര്‍ജിക്കാന്‍ കഴിഞ്ഞിരുന്നു.

1979 ലെ വിപ്ലവാനന്തരം ഇറാന്‍ രാഷ്ട്രീയത്തെ ശക്തമായി നിയന്ത്രിച്ച് കൊണ്ടിരിക്കുന്ന യഥാസ്ഥിതിക മത നേത്യത്വത്തിന്റേയും അതേ ധാരയില്‍ത്തന്നെയുള്ള സൈനിക മേല്‍ഘടകമായ റവല്യൂഷണറി ഗാര്‍ഡിന്റേയും കടുത്ത അതൃപ്തിയുടെ ഇരയായിരുന്നിട്ടും ഹസന്‍ റൂഹാനിയെ വിശ്വസിക്കുവാനും പിന്താങ്ങുവാനും ഇറാനിലെ ഭൂരിപക്ഷം ജനങ്ങളും സന്നദ്ധമാകുന്നുവെന്നത് ഇറാനെന്ന രാജ്യം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്ന ഘടനാപരമായ സവിശേഷതകളില്‍ സംഭവിക്കുന്ന ഉലച്ചിലുകളുടെ ഒരു ലക്ഷണമായിത്തന്നെ നിരീക്ഷിക്കാവുന്നതാണ്.

കഴിഞ്ഞ ഏതാനും ദശകങ്ങള്‍ കൊണ്ട് രാജ്യത്തിനകത്ത് ശക്തിപ്പെട്ട് വരുന്ന പരിഷ്‌കരണവാദികളുടെ രാഷ്ട്രീയ ഇടപെടലുകള്‍ ഇറാനിലെ പാരമ്പര്യ മതനേത്യത്വത്തിന് കടുത്ത അലോസരങ്ങള്‍ സ്യഷ്ടിക്കുന്നുണ്ട്. സുന്നി വിരുദ്ധതയും പാശ്ചാത്യ വിരുദ്ധതയും മുഖമുദ്രയാക്കിയുള്ള ഒരു രാഷ്ട്രീയ നിലപാടാണ് ഇറാനിലെ പാരമ്പര്യ, യാഥാസ്ഥിതിക മത, രാഷ്ട്രൂയ നേത്യത്വം ഇതുവരെ പയറ്റി വന്നിട്ടുള്ളത്.

എന്നാല്‍ അന്ധമായ സുന്നീ വിരുദ്ധതയ്ക്ക് പകരം മതപരവും രാഷ്ട്രീയപരവുമായ ഭിന്നതകളുടെയും വിഘടനവാദങ്ങളുടെയും യഥാര്‍ത്ഥമായ കാരണങ്ങള്‍ ആരായാനുള്ള പരിഷ്‌കരണ, മിതവാദ ധാരകളിലെ അക്കാദമികമായ ശ്രമങ്ങളും അതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും ഇറാനിലെ പുതു തലമുറയ്ക്കിടയില്‍ കൂടുതല്‍ വിശാലമായ ഒരു രാഷ്ട്രീയ ബോധത്തിന്റെ വഴിതുറക്കലിന് കാരണമാകുന്നുവെന്നാണ് കഴിഞ്ഞ കുറേ നാളുകളായി രാജ്യത്തിനകത്ത് നടക്കുന്ന ആശയ സംവാദങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.

ഇത്തരം ശ്രമങ്ങള്‍ക്ക് ഡോ. ഹസന്‍ റൂഹാനി നല്‍കുന്ന നിശബ്ദ പിന്തുണകളില്‍ ഇറാനിലെ പരമോന്നത മതനേത്യത്വം അസഹിഷ്ണുതയിലുമാണ്. കഴിഞ്ഞ വര്‍ഷം തുര്‍ക്കി ആഥിതേയത്വം വഹിച്ച് നടത്തിയ ആഗോള മുസ്ലിം സമ്മേളനം സുന്നി, ശീയാ പ്രശ്‌നങ്ങളിന്മേല്‍ രാഷ്ട്രീയമായ ഒരു അനുരഞ്ജനം ലക്ഷ്യം വെച്ചുള്ളത് കൂടിയായിരുന്നു.

പൊതുവേ ഇത്തരം ശ്രമങ്ങളോട് വലിയ പ്രതിപത്തി കാണിക്കാത്ത ഇറാന്റെ ഭാഗത്ത് നിന്ന് സമ്മേളനത്തിന് വലിയ പിതുണ ലഭിക്കുകയും, വിശാലമായ കാഴ്ചപ്പാടുകളോടെയുള്ള സഹകരണത്തിന് പശ്ചിമേഷ്യയിലെ മുസ്ലിം രാഷ്ട്രങ്ങള്‍ ശ്രമം നടത്തണമെന്നും സൗദിയും ഇറാനും തമ്മില്‍ നില നില്‍ക്കുന്ന ശത്രു ബോധങ്ങള്‍ നേര്‍പ്പിച്ചെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നുമൊക്കെയുള്ള ചില സൂചനകളും പരാമര്‍ശങ്ങളും സമ്മേളനത്തില്‍ നടത്തുകയും് ചെയ്തിരുന്നു.

എന്നാല്‍ ഇറാനിലെ യഥാസ്ഥിതിക നേത്യത്വത്തിന്റെ ‘സമയോചിതമായ’ ഇടപെടലുകള്‍ വഴിയും സുന്നീ രാഷ്ട്രങ്ങളുടെ പാകതയില്ലായ്മ മൂലവും സമ്മേളനം ലക്ഷ്യം കാണാതെ പിരിയുകയായിരുന്നു. തുടര്‍ന്ന് ഹസന്‍ റൂഹാനിയെ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ തറപറ്റിക്കുവാനും തികഞ്ഞ പാരമ്പര്യവാദിയായ ഒരു പ്രസിഡന്റിനെ വാഴിക്കാനുമായി യാഥാസ്ഥിക നേത്യത്വം നടത്തിയ മുഴുവന്‍ ശ്രമങ്ങളെയും ജനകീയ പിന്തുണ വഴി അട്ടി മറിച്ചാണ് റൂഹാനി രണ്ടാമതും ഇറാന്റെ പ്രസിഡന്റ് പദവിയില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നത്.

ഹസന്‍ റൂഹാനി നടത്തുന്നത് അന്ധമായ പാശ്ചാത്യ വിധേയത്വമാണെന്ന വിമര്‍ശങ്ങളുന്നയിക്കുക വഴി പൊതുതെരഞ്ഞെടുപ്പിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇറാന്റെ പരമോന്നത ആത്മീയ നേതാവായ ആയത്തുള്ള അലി ഖാംനഇ ശ്രമിച്ചത് റൂഹാനിക്ക് എതിരാണ് ഇറാന്റെ മത നേത്യത്വമെന്ന പൊതു ധാരണ സ്യഷ്ടിക്കാനാണെന്ന വിമര്‍ശങ്ങളും നില നില്‍ക്കുന്നുണ്ട്.

രാജ്യത്തെ വിദ്യാഭ്യാസ ക്രമീകരണങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെയും യുനെസ്‌കോയുടെയും നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക വഴി രാജ്യത്തിന്റെ പൊതുവിദ്യാഭ്യാസ പ്രക്രിയയെ കൂടുതല്‍ ശാസ്ത്രീയമാക്കാനും അന്തര്‍ദേശീയ നിലവാരങ്ങള്‍ക്കനുസരിച്ച് പരിഷ്‌ക്കരിക്കാനുള്ള ശ്രമങ്ങള്‍ റൂഹാനി തുടങ്ങി വെച്ചിരുന്നു. ഇതും പാരമ്പര്യ മത നേത്യത്വത്തിന്റെ കടുത്ത എതിര്‍പ്പുകള്‍ക്ക് കാരണമായിട്ടുണ്ട്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും ഹസന്‍ റൂഹാനിയും തമ്മില്‍ നടന്ന ആരോഗ്യകരമായ ചര്‍ച്ചകളും അഭിപ്രായ രൂപീകരണങ്ങളും ഇനി ഏതു ദിശയില്‍ സഞ്ചരിക്കുമെന്ന ആശങ്കകളാണ് പൊതുവേ റൂഹാനിയുടേ നിലപാടുകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷമായ തടസങ്ങളായി കാണപ്പെടുന്നത്. ഇറാനുമായി അത്രനല്ല ബന്ധങ്ങള്‍ക്ക് താന്‍ ഒരുക്കമല്ല എന്ന സന്ദേശവുമുയര്‍ത്തിയാണ് പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

ഗള്‍ഫ് രാഷ്ട്രങ്ങളെ ഇറാന് എതിരില്‍ കൂടുതല്‍ വീറോടെ പ്രതിഷ്ഠിക്കുന്നതില്‍ ട്രംപ് വിജയിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞയാഴ്ചയിലെ ട്രംപിന്റെ സൗദി സന്ദര്‍ശനത്തിലെ പ്രമേയങ്ങളും പ്രസ്താവനകളും വെളിപ്പെടുത്തുന്നത്. ഹസന്‍ റൂഹാനി സ്യഷ്ടിച്ചേക്കാവുന്ന കൂടുതല്‍ മ്യദുവായ സമീപനങ്ങളോട് പോലും സൗഹാര്‍ദ്ദപരമായി പ്രതികരിക്കാതെയും വലിയ മമതകള്‍ക്ക് അവസരങ്ങള്‍ സ്യഷ്ടിക്കാതെയും തങ്ങളുടെ രാഷ്ട്രീയപരമായ താത്പര്യങ്ങള്‍ സംരക്ഷിച്ച് നിര്‍ത്തുന്നതില്‍ അമേരിക്ക ഇത്തവണയുംക് വിജയിച്ചു എന്നതില്‍ക്കവിഞ്ഞ് ട്രംപിന്റെ സൗദി സന്ദര്‍ശനം പ്രത്യേകിച്ച് ഒന്നും ബാക്കിയാക്കുന്നില്ല.

ഇറാനുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്ന പാശ്ചാത്യ രാഷ്ട്രങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനും പിന്തിരിപ്പിക്കാനും ട്രംപ് ശ്രമിച്ചേക്കുമെങ്കിലും ആണവ കരാറില്‍ നിന്ന് പെട്ടെന്ന് ഒരു പിന്മാറ്റത്തിന് അമേരിക്ക തുനിഞ്ഞേക്കുമെന്ന് തോന്നുന്നില്ല. പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്ത്രപരമായി കളം മാറ്റാനും നിലപാടുകള്‍ മാറ്റാനും നന്നായി അറിയുന്ന ട്രംപിനെ സംബന്ധിച്ചേടത്തോളം ഇറാനുമായി എപ്പോഴും ഒരു ശത്രുത നില നിര്‍ത്തുമെന്ന് പ്രതീക്ഷിക്കാനും നിര്‍വാഹമില്ല.

ബിസിനസിന്റെ നയകാര്യം രാഷ്ട്രീയത്തിലും പയറ്റാന്‍ സാധ്യതയുള്ള ഒരു ട്രംപിനെത്തന്നെയാണ് ലോകം പ്രതീക്ഷിക്കുന്നത്. ഇസ്ലാമുമായി ബന്ധപ്പെട്ടുള്ള തന്റെ കുപ്രസിദ്ധമായ നിലപാടുകളില്‍ സൗദി സന്ദര്‍ശനത്തോടെ ഒരു മലക്കം മറിച്ചില്‍ നടത്തിയ ട്രംപ് ഇറാന്‍ വിഷയത്തിലും സാമ്പത്തികവും സൈനികവുമായ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഏതു മലക്കം മറിച്ചിലിനും സന്നദ്ധനായേക്കാം.

ഇറാന്റെ ഉള്ളില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള മതാധിഷ്ഠിതമായ ആഭ്യന്തര സമ്മര്‍ദ്ദങ്ങളെ റൂഹാനി എങ്ങനെ മറികടക്കുമെന്നതും ലോകം ഉറ്റ് നോക്കുന്നുണ്ട്. തങ്ങളുടെ മുഴുവന്‍ പ്രതിരോധങ്ങളെയും അതിജീവിച്ച് കൊണ്ട് ജനകീയ പിന്തുണ കൊണ്ട് മറുപടി പറഞ്ഞ റൂഹാനിയുമായി ഒരു സ്വരച്ചേര്‍ച്ചക്ക് ഇറാന്‍ ആത്മീയ നേത്വത്വവും വിപ്ലവ ഗാര്‍ഡുകളും ശ്രമിക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.

അങ്ങനെയെങ്കില്‍ ഭരണകൂടവും ആത്മീയ നേത്യത്വവും പ്രത്യക്ഷമായും വിരുദ്ധ ധ്രുവങ്ങളില്‍ നിലയുറപ്പിക്കുന്ന ഒരു സമീപഭാവിയാണ് ഇറാനില്‍ സംജാതമാകാന്‍ പോകുന്നത്. ആത്മീയ നേത്യത്വത്തെ സമ്പൂര്‍ണമായും പിന്തുണയ്ക്കുന്ന റവല്യൂഷണറി ഗാര്‍ഡുകള്‍ റൂഹാനിക്ക് ഒരു ഭീഷണിയായി നിലനില്‍ക്കുകയും ചെയ്യും.

പുതിയ കാലത്തിനും ലോകത്തിനുമൊപ്പം സഞ്ചരിക്കണമെന്നാഗ്രഹിക്കുന്ന ഒരു വലിയ ജനത റൂഹാനിക്ക് പിന്തുണ നല്‍കുന്നുണ്ട്. മതത്തെ കൂടുതല്‍ വിശാലവും സഹിഷ്ണുതാപരവുമായി സമീപിക്കണമെന്ന നിലപാടുകളുള്ള ഇസ്ലാമിക ചിന്തകന്മാര്‍ കൂടി പ്രത്യക്ഷത്തില്‍ റൂഹാനിക്ക് പിന്തുണ നല്‍കാന്‍ തയാറായാല്‍ പുതിയ ചില രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ഇറാനില്‍ കളമൊരുങ്ങും എന്ന് വീക്ഷിക്കുന്നവരുമുണ്ട്.

സുന്നീ ഷിയാ വൈരങ്ങളെ വലിയ തോതിലൊന്നും പരിപോഷിപ്പിക്കാന്‍ ശ്രമിക്കാത്ത റൂഹാനി ഭരണകൂടവുമായി എങ്ങനെയായിരിക്കും പാശ്ചാത്യ ഭരണകൂടങ്ങള്‍ പെരുമാറുകയെന്നതും വീക്ഷിച്ച് തന്നെ വിലയിരുത്തേണ്ടതുണ്ട്.

ഇതിനെക്കാളൊക്കെ ഉപരിയായി രണ്ട് കാര്യങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്. ഒന്ന്, ഇറാന്റെ ആത്മ്മീയ നേത്യത്വത്തില്‍ അധികം താമസിയാതെ ഉണ്ടാകാനിടയുള്ള ഒരു മാറ്റമാണ്. നിലവിലെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖാംനഇ പ്രായാധിക്യം കൊണ്ടും കടുത്ത രോഗങ്ങള്‍ കൊണ്ടും ഏറെ ക്ഷീണിതനാണ്.

അധികം താമസിയാതെ അദ്ദേഹം തന്റെ പദവി അനന്തരാവകാശിക്ക് കൈമാറിയേക്കും അങ്ങനെയെങ്കില്‍ പുതിയ പരമോന്നത നേതാവ് ഇറാനിലെ പുതിയ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുമെന്നത് വളരെ പ്രധാനമാണ്. നിലവില്‍ പറഞ്ഞ് കേള്‍ക്കുന്ന പല പേരുകളും കൂടുതല്‍ യാഥാസ്തിതികമായ നിലപാടുകള്‍ വെച്ച് പുലര്‍ത്തുന്നവരാണ്.

രണ്ടാമത്തേത്, മാറുന്ന ബാഹ്യ സാഹചര്യങ്ങള്‍ക്കനുസ്യതമായി ഇറാന്റെ സാമ്പത്തികവും വ്യാവസായികവുമായ വളര്‍ച്ചയെ റൂഹാനിക്ക് എങ്ങനെ ത്വരിതപ്പെടുത്താന്‍ സാധിക്കുമെന്നതാണ്. ആണവ കരാറിന്റെ സാധ്യതകള്‍ തുറന്നിട്ട് വാതിലുകള്‍ പലതും പാതി ചാരിയ അവസ്ഥയിലാണുള്ളത്. ഇറാനില്‍ റൂഹാനി നടപ്പിലാക്കിയ വികസന പദ്ധതികളും പുരോഗനമാന്തമകമായ വീക്ഷണങ്ങളും സമ്മാനിച്ച ജനപിന്തുണ എത്രമാത്രം നില നില്ല്കുമെന്നതിനും ഈയൊരു ചോദ്യം ഉത്തരം നല്‍കേണ്ടതുണ്ട്.

Advertisement