എസ്സേയ്‌സ്‌/പി.എം ജയന്‍

വികനസനപദ്ധതി വരുന്നെന്ന് സര്‍ക്കാര്‍ പ്രചരിപ്പിക്കുക, ജനകീയ അനുവാദമില്ലാതെ ബലം പ്രയോഗിച്ചും രക്തം ചിന്തിയും ഭൂമി പിടിച്ചെടുത്ത് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുക. നന്ദിഗ്രാം മോഡലിലുള്ള ഈ വികനസരീതി കേരളത്തില്‍ അടിച്ചേല്‍പ്പിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇന്നും മലയാളികള്‍ക്ക് കിനാലൂര്‍. കിനാലൂരിലെ പദ്ധതിപ്രദേശത്തേക്കുള്ള നാലുവരിപ്പാതയ്ക്കായി ജനവികാരം മാനിക്കാതെ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതാണ് പ്രശ്‌നത്തിന് തുടക്കം. ഭൂമി ഏറ്റെടുക്കലിനെതിരായ ജനരോഷത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയതോടെ കേരളീയ പൊതുസമൂഹം ഒന്നടങ്കം സര്‍ക്കാരിന്റെ കാടന്‍ സമീപനത്തിനെതിരായി.

സമരത്തില്‍ പങ്കെടുത്തവര്‍ കടുത്ത മര്‍ദ്ദനത്തിനിരയാകുകയും നിരവധി കേസുകളില്‍ പ്രതി ചേര്‍പ്പെടുകയും ചെയ്തു. നിക്ഷിപ്ത താല്‍പ്പര്യവുമായി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉയര്‍ത്തികൊണ്ടുവന്ന കിനാലൂര്‍ പദ്ധതി ജനകീയസമരം കത്തിപ്പിടിച്ചതിനെതുടര്‍ന്ന് ഉപേക്ഷിച്ച മട്ടാണിപ്പോള്‍. എങ്കിലും വികസന പ്രശ്‌നത്തോടുള്ള സര്‍ക്കാരിന്റെയും ജനങ്ങളുടേയും രാഷ്ട്രീയപാര്‍ട്ടികളുടേയും സമീപനം, പരിസ്ഥിതിയും വികസനവും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടും എന്നിങ്ങനെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ച കിനാലൂരിനുശേഷമാണ് പൊതുസമൂഹം ഏറ്റെടുത്തത് എന്ന് പറയാം.

കോഴിക്കോട് ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലാണ് കിനാലൂര്‍ വ്യവസായ വികസന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ മലേഷ്യന്‍ കമ്പനിയുടെ വന്‍ വ്യവസായ സമുച്ചയം വരുന്നുണ്ടെന്ന് പറഞ്ഞ് 26 കി.മീ ദൂരം വരുന്ന നാലുവരി പാത നിര്‍മ്മിക്കാന്‍ നടപടി തുടങ്ങിയതാണ് സമരത്തിന് നാന്ദിയായത്. 2010ല്‍ എല്‍.ഡി.എഫ് സര്‍ക്കാരിലെ വ്യവസായ മന്ത്രി എളമരം കരീമിന്റെ താല്‍പ്പര്യപ്രകാരമാണ് ഇവിടേക്കുള്ള നാലുവരിപ്പാതയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വ്വെ തുടങ്ങിയത്. റോഡിനുവേണ്ടി മെയ് ആറിന് ഉദ്യോഗസ്ഥര്‍ സര്‍വ്വേ നടത്താനെത്തിയതോടെ പ്രദേശവാസികള്‍ അവരെ തടയുകയും അതിനെതുടര്‍ന്ന് സമരക്കാരെ അതിക്രൂരമായി പൊലീസ് നേരിടുകയുമായിരുന്നു.

സ്ത്രീകളും പിഞ്ചുകുട്ടികളും വൃദ്ധന്‍മാരുമടങ്ങുന്ന തദ്ദേശവാസികള്‍ക്കുനേരെ ഗ്രനേഡെറിയുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനു പന്നാലെ ശക്തമായ ലാത്തിചാര്‍ജ്ജും അരങ്ങേറിയതോടെ, മാധ്യമങ്ങള്‍ ജാഗ്രത പാലിച്ചതോടെ കേരളമൊന്നടങ്കം കിനാലൂരിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. കാര്യമായ പ്രകോപനമില്ലാതെയാണ് പോലീസ് സമരക്കാര്‍ക്കുനേരെ അന്ന് അഴിഞ്ഞാടിയത്. പ്രദേശത്തെ വീടുകളും അവിടങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും തല്ലിത്തകര്‍ക്കപ്പെട്ടു. സംഭവമറിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സര്‍വ്വെ നടപടി നിര്‍ത്തിവെക്കാനും പൊലീസിനെ പ്രദേശത്തുനിന്ന് പിന്‍വലിക്കാനുമുള്ള അടിയന്തിര ഉത്തരവിറക്കി. മുഖ്യമന്ത്രി ധൃതി പിടിച്ച് അത്തരമൊരു തീരുമാനം എടുത്തിരുന്നില്ലെങ്കില്‍ കിനാലൂര്‍ മറ്റൊരു നന്ദിഗ്രാമായി മാറുമായിരുന്നു.

 സംഭവമറിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സര്‍വ്വെ നടപടി നിര്‍ത്തിവെക്കാനും പൊലീസിനെ പ്രദേശത്തുനിന്ന് പിന്‍വലിക്കാനുമുള്ള അടിയന്തിര ഉത്തരവിറക്കി. മുഖ്യമന്ത്രി ധൃതി പിടിച്ച് അത്തരമൊരു തീരുമാനം എടുത്തിരുന്നില്ലെങ്കില്‍ കിനാലൂര്‍ മറ്റൊരു നന്ദിഗ്രാമായി മാറുമായിരുന്നു.

സി.പി. എമ്മിന്റെ കോഴിക്കോട് ജില്ലാനേതാക്കളുടെ പിന്തുണയില്‍ ‘കിനാലൂര്‍ വികസന സമിതി’ എന്ന കമ്മിറ്റിയുണ്ടാക്കി സര്‍വ്വെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചിരുന്നു. കോഴിക്കോട് ജില്ലാ കെ.ഡി.സി ബാങ്ക് പ്രസിഡണ്ടും ജില്ലയിലെ സി.പി.എമ്മിന്റെ പ്രധാന നേതാവുമായ എം. മെഹബൂബ്, ഏരിയാ ലോക്കല്‍ സെക്രട്ടറിമാര്‍, ഡി.വൈ. എഫ്.ഐ നേതാക്കള്‍, പനങ്ങാട് പഞ്ചായത്ത് ഭരണസമിതിക്കാര്‍ എന്നിവര്‍ കൂട്ടമായി വന്ന് പോലീസ് അഴിഞ്ഞാട്ടത്തിനും സര്‍വ്വേയ്ക്കും കൂട്ടുനിന്നു. വീടുകളില്‍ കയറി ഭീഷണിപ്പെടുത്തിയും മറ്റും നാട്ടുകാരെ സര്‍വ്വേയ്ക്ക് അനുകൂലമാക്കാന്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തുകയുമുണ്ടായി.

കിനാലൂരില്‍ സ്ഥിതി ചെയ്തിരുന്ന കൊച്ചിന്‍ മലബാര്‍ റബ്ബര്‍ എസ്റ്റേറ്റിലെ കെ.എസ്.ഐ.ഡി.സി ഏറ്റെടുത്ത 270 ഏക്കര്‍ സ്ഥലത്ത് സി.ഐ.ഡി.ബി എന്ന മലേഷ്യന്‍ കമ്പനി ഒരു ഉപഗ്രഹ നഗരം സ്ഥാപിക്കുമെന്നും അതില്‍ ഗോള്‍ഫ് മൈതാനം, മസ്സാജ് സെന്റര്‍, ഹെല്‍ത്ത് ക്ലബ്ബ്, സ്വിമ്മിംഗ്പൂള്‍, നക്ഷത്ര ആശുപത്രി തുടങ്ങി സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നുമാണ് ആദ്യഘട്ടത്തില്‍ മന്ത്രി എളമരം കരീമും കൂട്ടരും പ്രചരിപ്പിച്ചത്. അതിനായി മലേഷ്യന്‍ മരാമത്ത് വകുപ്പുമന്ത്രി സ്വാമി വേലുവിനെയും സംഘത്തേയും 2007 സെപ്തംബര്‍ 10 ന് കോഴിക്കോട് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ടുവന്ന് കെ.എസ്.ഐ.ഡി.സി തലവന്‍ പി.എച്ച്. കുര്യന്‍ എം.ഒ.യു ഒപ്പിട്ടു.

കരാര്‍ പ്രകാരം ഉപഗ്രഹനഗരം സ്ഥാപിക്കണമെങ്കില്‍ കോഴിക്കോട് നിന്ന് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ നാലുവരി സമര്‍പ്പിത പാതയും അതില്‍ മോണോ റെയിലും 30 മീറ്റര്‍ വീതിയില്‍ റോഡും കോഴിക്കോട് വിമാനത്താവളത്തിനടുത്ത് 50 ഏക്കര്‍ സ്ഥലവും ഡിമാന്റ് ചെയ്യപ്പെട്ടു. ഇതിനുവേണ്ടി വില്‍ബര്‍ സ്മിത്ത് എന്ന അമേരിക്കന്‍ കമ്പനിയെ കണ്‍സള്‍ട്ടന്‍സിയായി നിശ്ചയിച്ച് റോഡിന്റെ സാധ്യതാ പഠനം അതിവേഗത്തിലാക്കി. ആദ്യം പറഞ്ഞ ഉപഗ്രഹനഗര പദ്ധതി പിന്നീട് മലേഷ്യന്‍ ഹെല്‍ത്ത് സയന്‍സ് അക്കാദമിയുടെ എഡ്യൂസിറ്റിയും, മെഡി സിറ്റിയുമായി മാറി. മെഡിക്കല്‍ കോളജും നഴ്‌സിങ്ങ് കോളജും ഗുളിക ഫാക്ടറിയും ഐ.ടി. കേന്ദ്രവുമൊക്കെ സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

റോഡിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ടും എം.ഒ.യു അടക്കമുള്ള അനുബന്ധ രേഖകളും ജില്ലാ കലക്ടര്‍ കേരള മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. പദ്ധതികളുടെ പ്രഖ്യാപനത്തിലുണ്ടായ അവ്യക്തതയും അതിനു പിന്നിലെ റിയല്‍ എസ്റ്റേറ്റ് മാഫിയാ ബന്ധങ്ങളും ബോധ്യമായതോടെയാണ് റോഡ് സര്‍വ്വേ  പ്രദേശവാസികള്‍ തടഞ്ഞത്.
സാധ്യതാ പഠനത്തിനും പദ്ധതി പ്രഖ്യാപനത്തിനും മുമ്പുതന്നെ ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട ഭാഗങ്ങളിലെ കുന്നുകള്‍ ദൂരദേശങ്ങളിലുള്ളവര്‍ വാങ്ങിക്കൂട്ടിയിരുന്നു. പദ്ധതി പ്രഖ്യാപിച്ചപ്പോഴേക്കും കുന്നുകള്‍ക്ക് തീ വിലയായി മാറി. കിനാലൂര്‍ പ്രദേശത്തെ ഭൂമി വില്‍പന കരാറുകള്‍ പൊടി പൊടിച്ചുവെന്ന് പറയാം.

അടുത്ത പേജില്‍ തുടരുന്നു