ബാംഗ്ലൂര്‍: ആര്‍ട്ട് ഓഫ് ലിവിങ്ങ് ഫൗണ്ടേഷന്‍ അനധികൃതമായി ഭുമി കൈയ്യേറിയെന്ന് ആരോപണം. വിദേശ ഇന്ത്യക്കാരനായ പി പോള്‍ ആണ് കനകപുരയിലെ തന്റെ 15 ഏക്കര്‍ ഭൂമി ആര്‍ട്ട് ഓഫ് ലിവിങ്ങ് കൈയ്യേറിയെന്ന് ആരോപിച്ചിരിക്കുന്നത്.

12 വര്‍ഷം മുമ്പ് മോഹന്‍ എന്ന കര്‍ഷകനില്‍ നിന്നുമാണ് പോള്‍ ഭൂമി വാങ്ങിയത്. എന്നാല്‍ മോഹന്റെ മകന്‍ വിജയ് കച്ചവടത്തെ എതിര്‍ക്കുകയും ഭുമി ആര്‍ട്ട് ഓഫ് ലിവിങ്ങിന് കൈമാറുകയുമായിരുന്നു. ഇതുസംബന്ധിച്ച് താന്‍ ശ്രീ ശ്രീ രവിശങ്കറുമായി ചര്‍ച്ച നടത്തിയിരുന്നെന്നും ഭൂമി തനിക്ക് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കി. പക്ഷേ ഭൂമിയുടെ കാര്യം മറക്കണമെന്നു പറഞ്ഞുള്ള ഭീഷണിയാണ് തനിക്ക് ലഭിക്കുന്നതെന്നും പോള്‍ പറഞ്ഞു.

എന്നാല്‍ ഭൂമി നിയമപരമായി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഇതുസംബന്ധിച്ച വിജയുമായുള്ള കരാറിന്റെ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ആര്‍ട്ട് ഓഫ് ലിവിങ്ങ് അധികൃതര്‍ പറഞ്ഞു. ശ്രീ ശ്രീ രവിശങ്കറിന്റെ ജീവന് ഭീഷണിയുണ്ടെന്നും ‘സെഡ്’ കാറ്റഗറി സുരക്ഷ നല്‍കണമെന്നും ആര്‍ട്ട് ഓഫ് ലിവിങ്ങ് ബാംഗ്ലൂര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.