കൊല്‍ക്കത്ത: പ്രശസ്ത ബോളിവുഡ് കലാസംവിധായകന്‍ സമീര്‍ ചന്ദ അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

മണിരത്‌നത്തിന്റെ പ്രിയപ്പെട്ട കലാസംവിധായകനായിരുന്ന സമീറിന്റെ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു ഗുരു, ഓംകാര, രംഗ് ദേ ബസന്തി, ദില്‍സേ, അക്‌സ്, രാവണ്‍, കൃഷ് തുടങ്ങിയവ. കൂടാതെ യോദ്ധ, ദയ എന്നീ മലയാള സിനിമകളുടെയും കാല്‍ബേല, കാല്‍പുരുഷ് തുടങ്ങിയ ബംഗാളി സിനിമകളുടെയും കലാസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മിഥുന്‍ ചക്രവര്‍ത്തിയെ നായകനാക്കി ഏക് നദീര്‍ ഗാല്‍പോ എന്ന ബംഗാളി ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

മികച്ച കലാസംവിധായകനുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ ലഭിച്ചിട്ടുണ്ട്.