കൊച്ചി: തന്ത്രിക്കേസില്‍ ഒന്നാം പ്രതി ശോഭാ ജോണിനും മൂന്നാം പ്രതി അനിലിനും അറസ്റ്റ് വാറണ്ട്. എറണാകുളം അഡീഷണല്‍ സെഷന്‍സ് ഫസ്റ്റ് ക്ലാസ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ശബരിമല മേല്‍ശാന്തിയായിരുന്ന കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. സംസ്ഥാന പോലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ള ഏകവനിതയായ ശോഭാ ജോണ്‍ ഒളിവിലാണ്. വരാപ്പുഴ പെണ്‍വാണിഭക്കേസിലും ഇവര്‍ പ്രതിയാണ്.

അതിനിടെ കേസില്‍ രഹസ്യവിചാരണ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

2006 സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍വാണിഭക്കേസിലെ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിട്ടുള്ള ശോഭ ജോണ്‍ ആണ് തന്ത്രി കേസിലെ മുഖ്യപ്രതി.

കാസര്‍ഗോഡ് സ്വദേശിയായ ബച്ചുവാണ് ശോഭ ജോണിന്റെ മുഖ്യ കൂട്ടാളി. ടി.വി സീരിയല്‍ നിര്‍മാതാവായ ബച്ചു പോലീസിന് കീഴടങ്ങുകയാണ് ചെയ്തത്. കേസില്‍ ആകെ പതിനൊന്നു പ്രതികളാണുള്ളത്.

കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കും. ഒമ്പത് പ്രതികളുടെ വിചാരണയാണ് നടക്കുക. ഒളിവിലായതിനാല്‍ ശോഭാ ജോണിന്റെയും അനിലിന്റെ വിചാരണ പിന്നീട് നടത്തും.