കൂടംകുളം: കൂടംകുളം സമരസമിതി ചെയര്‍മാന്‍ എസ്.പി ഉദയകുമാറിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. വള്ളിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയൂടേതാണ് ഉത്തരവ്.

ആണവ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതികളില്‍ ഹാജരാകാത്തതിനാലാണ് വാറന്റ് പുറപ്പെടുവിച്ചത്. വിവിധ കേസില്‍ ഉദയകുമാറിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ കോടതിയില്‍ ഹാജരായിരുന്നു.

ജനരോഷം ഭയന്നാണ് പോലീസ് ഇതേവരെ ഉദയകുമാറിനെ അറസ്റ്റുചെയ്യാന്‍ മടിച്ചത്. എന്നാല്‍ കോടതി വാറന്റ് വന്നതോടെ അജ്ഞാതകേന്ദ്രത്തിലിരുന്ന സമരം നയിക്കുന്ന ഉദയകുമാറിനെ പോലീസ് അറസ്റ്റുചെയ്‌തേക്കും. കോടതിയില്‍ കീഴടങ്ങാന്‍ ഉദയകുമാര്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.

പോലീസിന് കീഴടങ്ങില്ലെന്നും കൂടംകുളം ആണവനിലയത്തിനെതിരായ പോരാട്ടം തുടരുമെന്നും ഉദയകുമാര്‍ അറിയിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ ഗാന്ധിജിയുടെ അഹിംസാ സമരത്തെ അംഗീകരിച്ചുകൊണ്ടുതന്നെ നേരിട്ടപ്പോള്‍ കൂടംകുളം സമരക്കാരെ തീവ്രവാദികളെപ്പോലെയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് ഉദയകുമാര്‍ പറഞ്ഞു.

Ads By Google

സമരരംഗത്തുള്ള സാധാരണക്കാര്‍ക്കും സമരസമിതി അംഗങ്ങള്‍ക്കുമെതിരെ പതിനായിരത്തിലേറെ കേസുകളാണ് ചുമത്തിയിരിക്കുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം കേസുകളില്‍ നേതാക്കളെ അറസ്റ്റ് ചെയ്ത് ദീര്‍ഘകാലം ജയിലിലടക്കാനും അതിലൂടെ ആണവനിലയവിരുദ്ധ പോരാട്ടത്തെ തളര്‍ത്താനുമാണ് സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കൂടംകുളം സമരവേദിയിലേക്ക് തിരിച്ച വി.എസിനെ തടഞ്ഞത് ജനാധിപത്യവിരുദ്ധമായ നടപടിയാണ്. വി.എസ് വീണ്ടും കൂടംകുളത്തേക്ക് വരണം. ഇത് തമിഴ്‌നാടിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഉദയകുമാര്‍ പറഞ്ഞു.

വി.എസിന്റെ സന്ദര്‍ശനം സമരസമിതി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. സാധാരണ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടതുപാര്‍ട്ടികളാണ് ശക്തമായ നിലപാട് സ്വീകരിക്കേണ്ടത്. എന്നാല്‍ കൂടംകുളം വിഷയത്തില്‍ ഇടതുപാര്‍ട്ടികളുടെ നിലപാടില്‍ ഇതേവരെ വ്യക്തത വന്നിട്ടില്ലെന്നും ഉദയകുമാര്‍ ചൂണ്ടിക്കാട്ടി.