കൊച്ചി: ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപ്പിള്ളക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചി ഇടമലയാര്‍ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. തന്നെ കോടതിയില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണപ്പിള്ള ഇന്ന് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ ഹരജിയെ എതിര്‍ത്തു. തുടര്‍ന്ന് കോടതി ഹരജി തള്ളുകയായിരുന്നു.

സുപ്രീം കോടതി വിധി വന്ന കാര്യം കോടതി കക്ഷികളെ അറിയിച്ചു. അതേസമയം കീഴടങ്ങാന്‍ തയ്യാര്‍, അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെയെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു. 19ന് മുമ്പ് കീഴടങ്ങണമെന്നാണ് തനിക്ക് ലഭിച്ച നിയമോപദേശം. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ തടവിനും പതിനായിരം രൂപ പിഴക്കുമാണ് ബാലകൃഷ്ണപ്പിള്ളയെ കോടതി ശിക്ഷിച്ചത്.