തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന 70 ശതമാനം അറസ്റ്റുകളും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഇന്റലിജന്‍സ് മേധാവിയായ എ.ഡി.ജി.പി മുഹമ്മദ് യാസിന്‍.

സ്റ്റേഷനുകളില്‍ അധികവും പെറ്റിക്കേസുകളായതിനാല്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്യുന്നതാണ് പതിവ്. ഇതിനായി ഏറെ സമയവും അദ്ധ്വാനവും ചെലവാക്കേണ്ടി വരുന്നത് ഗൗരവമായ കേസുകള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് തടസമാകുന്നെന്നും മുഹമ്മദ് യാസിന്‍ വ്യക്തമാക്കുന്നു.

പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കുറയ്ക്കുന്നതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവികള്‍ക്കയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്.

കേസുകളുടെ എണ്ണം കൂടുന്നത് ക്രമസമാധാന നില തകരാറിലായെന്ന സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. അതിനാല്‍ എണ്ണം കുറയ്ക്കാനാവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകണമെന്നും സര്‍ക്കുലറില്‍ പറയുന്നു.


Dont Miss ‘ഐ വാന്‍ഡ് ടു സീ മുസ്‌ലിം ഡെഡ് ബോഡീസ്’; സിറാജുന്നീസയുടെ ‘ഘാതകന്‍’ രമണ്‍ ശ്രീവാസ്ത പിണറായിയുടെ പൊലീസ് ഉപദേഷ്ടാവാകുന്നു


മദ്യപിച്ച് വാഹനമോടിച്ച കേസുകളില്‍ ഡോക്ടറെ കാണാതെ ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കാറാണ് മിക്കപ്പോഴും ചെയ്യുന്നത്. എന്നാല്‍ അത്തരം കേസുകള്‍ കോടതിയിലെത്തുമ്പോള്‍ തള്ളിപ്പോകാറാണ് പതിവ്.

പെറ്റിക്കേസുകളുടെ വന്‍വര്‍ദ്ധനവ് മൂലം ഗൗരവകരമായ മറ്റുകേസുകള്‍ അന്വേഷിക്കാന്‍ സമയം കിട്ടാതെ വരുന്നു. നടപടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നത് പോലും നടക്കുന്നതിനാല്‍ പ്രധാനകേസുകളുടെ തെളിവുകള്‍ കിട്ടാത്ത സാഹചര്യമുണ്ട്. ഇതുമൂലം ഇരകള്‍ക്ക് നീതി കിട്ടാതെ വരികയും പ്രതികള്‍ക്ക് ശിക്ഷ കിട്ടാന്‍ സാദ്ധ്യത കുറയുകയും ചെയ്യുന്നെന്നും സര്‍ക്കുലറില്‍ പറയുന്നു.