എറണാകുളം: കുമ്പളയിലെ ടോള്‍പിരിവ് താല്‍കാലികമായി നിര്‍ത്തിവെച്ചു.നാഷണല്‍ ഹൈവേ അതോറിറ്റി നടത്തിയ ടോള്‍പിരിവ് അശാസ്ത്രീയമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്.

എന്നാല്‍ അരൂരിലെ ടോള്‍ പിരിവ് തുടരും. മന്ത്രിമാരും എം.എല്‍.എ മാരും ജനപ്രതിനിധികളും മുഖ്യന്ത്രിയുമായി ബുധനാഴ്ച നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം ഭാവിയില്‍ ടോള്‍ പിരിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കും.

അരൂര്‍-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍പിരിവ് ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി കെ.വി തോമസ് വ്യക്തമാക്കിയിരുന്നു. ദേശീയനയത്തിന്റെ ഭാഗമായാണ് ഇവിടെ ടോള്‍ പിരിക്കുന്നതെന്നും കേരളത്തെ മാത്രമായി ഇതില്‍നിന്ന് ഒഴിവാക്കാനാകില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞദിവസം നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അരൂര്‍-ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍പിരിവ് നിര്‍ത്തിവെച്ചിരുന്നു. ഇടപ്പള്ളിവരെയുള്ള നാലുവരിപ്പാത കഴിഞ്ഞദിവസം തുറന്നുകൊടുത്തതോടെ സമീപവാസികള്‍ക്കും ടോള്‍പിരിവ് നല്‍കേണ്ട അവസ്ഥ വന്നതിനെത്തുടര്‍ന്നായിരുന്നു നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കുമ്പളം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, പ്രാഥമികാരോഗ്യകേന്ദ്രം, സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലേക്കുപോകാനും ടോള്‍ നല്‍കണം. ഇതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.