Arnold Schwarzenegger

ലോസ്ആഞ്ചല്‍സ്:വിവാഹേതര ബന്ധത്തില്‍ തനിക്കൊരു കുട്ടിയുള്ളതായി ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍. പത്തുവര്‍ഷം മുമ്പ് വീട്ടുജോലിക്കാരിയിലാണ് തനിക്ക് കുഞ്ഞുണ്ടായതെന്ന് ജീവിതപങ്കാളിയായിരുന്ന മരിയ ഷ്‌റിവറിനോട് കാലിഫോര്‍ണിയ മുന്‍ഗവര്‍ണറായിരുന്ന ഷ്വാസ്‌നെഗര്‍ കുറ്റസമ്മതം നടത്തിയത്. ഇക്കാരണംകൊണ്ടാണ് തന്റെ ദാമ്പത്യജീവിതത്തില്‍ വിള്ളലുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഷ്വാസ്‌നെഗറും മരിയയും പിരിഞ്ഞത്. എന്നാല്‍ വീട്ടുജോലിക്കാരിയുടെയോ കുഞ്ഞിന്റെയോ പേര് ഷ്വാസ്‌നെഗര്‍ പുറത്തുവിട്ടിട്ടില്ല.

2003ല്‍ നടന്ന ഇലക്ഷനില്‍ തെരഞ്ഞെടുക്കപ്പെടും മുമ്പാണ് തനിക്ക് കുട്ടിയുണ്ടായതെന്നും ഷ്വാസ്‌നെഗര്‍ പറഞ്ഞു. ഗവര്‍ണര്‍ കാലാവധി അവസാനിച്ച ശേഷമാണ് ഷ്വാസ്‌നെഗര്‍ വിവാഹേതര ബന്ധത്തിലെ കുട്ടിയേക്കുറിച്ച് മരിയയെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച മരിയ പിണങ്ങിപ്പോയിരുന്നു.
ന്യായീകരിക്കാനാവുന്ന തെറ്റല്ല തന്റേതെന്നും താന്‍ മൂലം വേദനിച്ച മരിയയോടും കുട്ടികളോടും മാപ്പ് ചോദിക്കുന്നതായും ഷ്വാസ്‌നെഗര്‍ പറഞ്ഞു.
ടെര്‍മിനേറ്റര്‍ പരമ്പരയിലുള്ള സിനിമയിലൂടെ ലോകശ്രദ്ധ നേടിയ ഷ്വാസ്‌നെഗറിന് മരിയയില്‍ നാലു കുട്ടികളാണുള്ളത്.