തിരുവനന്തപുരം: കാസര്‍ഗോഡ് നബിദിന റാലിയില്‍ പട്ടാളവേഷത്തില്‍ ഒരു സംഘം യുവാക്കള്‍ മാര്‍ച്ച് ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു.

മീനാപ്പീസ് കടപ്പുറത്തെ മിലാദ് ഇ ഷെരീഫ് കമ്മിറ്റിക്കാര്‍ ഞാറാഴ്ച രാവിലെയാണ് റാലി നടത്തിയത്.  റാലിയുടെ മുന്‍ നിരയിലാണ് ഇന്ത്യന്‍ പട്ടാളക്കാര്‍ ധരിക്കുന്ന യൂണിഫോം അണിഞ്ഞ് വളണ്ടിയര്‍മാര്‍ അണിനിരന്നത്. നിയമപരമായ അനുമതി വാങ്ങാതെയാണ് ഇവര്‍ റാലി നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

കാസര്‍ഗോഡ് പോലീസിനോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഡി.ജി.പി തിരുവനന്തപുരത്ത് പറഞ്ഞു.

ഇക്കാര്യത്തില്‍ സംഘാടകരുടെ വിശദീകരണം തേടും. സംഘര്‍ഷബാധിതമേഖലയായതിനാല്‍ ഇക്കാര്യം പ്രത്യേകം പരിശോധിക്കും. കേന്ദ്ര ഏജന്‍സികള്‍ സംഭവത്തില്‍ ഇതുവരെ വിശദീകരണം തേടിയിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.

സാധാരണഗതിയില്‍ സൈന്യത്തിന്റെയും പോലീസിന്റെയും യൂണിഫോമുകള്‍ ധരിച്ച് പരേഡ് നടത്താന്‍ പാടില്ല. എന്നാല്‍ ഏത് ഉദ്ദേശ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് വ്യക്തമല്ല.

സംഘം ചേരല്‍, അനുമതിയില്ലാതെ റാലി നടത്തല്‍, ഔദ്യോഗിക വേഷം ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.  പൊതുസ്ഥലത്ത് ഔദ്യോഗിക വേഷം ദുരുപയോഗം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് കുറ്റമാണ്.

Malayalam News

Kerala News In English