Categories

സിറിയയില്‍ അടിച്ചമര്‍ത്തല്‍ ശക്തം: 25 മരണം

siryaദമാസ്‌കസ്: പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ രാജി ആവശ്യപ്പെട്ട് സിറിയയിലെ ദേരാ നഗരത്തില്‍ ആയിരങ്ങള്‍ നടത്തിയ പ്രകടനത്തിനു നേരെ സുരക്ഷാ സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ 25 പേര്‍ മരിച്ചു. സായുധരായ സുരക്ഷാസേനയും സൈനികരും ടാങ്കുകളടക്കമുള്ള ആയുധങ്ങളുമായി നഗരം വളഞ്ഞശേഷമാണ് പ്രക്ഷോഭകര്‍ക്കു നേരെ ആക്രമണം നടത്തിയത്.

നഗരത്തിലേയ്ക്കു കടക്കാന്‍ ശ്രമിച്ച സൈനികരുടെ വാഹനം ആയുധധാരികളായ ഒരു സംഘം സ്‌ഫോടനത്തില്‍ തകര്‍ത്തെങ്കിലും സേനയുടെ മുന്നേറ്റം തടുക്കാനായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടത്തില്‍ പത്ത് സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ദേരാ, നാസിബ് അതിര്‍ത്തി സൈന്യം അടച്ചശേഷം നഗരത്തിലേയ്ക്കു കടന്നാക്രമണം നടത്തുകയായിരുന്നു.

സിറിയയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് അഞ്ചാഴ്ച മുമ്പാണ് പ്രക്ഷോഭകര്‍ സമരം തുടങ്ങിയത്. അക്രമത്തിലേയ്ക്കു തിരിഞ്ഞ കലാപത്തില്‍ ഇതിനോടകം 350ഓളം പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.നാല് പതിറ്റാണ്ടുകളായി രാജ്യത്തു നിലനിന്നിരുന്ന അടിയന്തരാവസ്ഥ കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് പിന്‍വലിച്ചത്. സിറിയയില്‍ പൗരന്മാര്‍ക്ക് സമാധാനപരമായി പ്രകടനം നടത്താന്‍ കഴിഞ്ഞ ദിവസം അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ അനുരഞ്ജനശ്രമങ്ങളുടെ മറപിടിച്ച് സൈന്യം പ്രക്ഷോഭകരെ കൊന്നൊടുക്കുകയാണെന്ന് മനുഷ്യാവകാശസംഘടനകള്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.