Administrator
Administrator
സൈനീകമേഖലയില്‍ കടന്ന 13 കാരന്‍ വെടിയേറ്റു മരിച്ചു
Administrator
Sunday 3rd July 2011 9:13pm

ചെന്നൈ: ചെന്നൈയില്‍ 13 വയസ്സ്‌കാരന്‍ സൈനികനില്‍ നിന്നും വെടിയേറ്റു മരിച്ചു. ഇന്ദിരാനഗറിലെ കൂനാര്‍-കലൈവാണി ദമ്പതികളുടെ മകന്‍ ദില്‍ഷന്‍ ആണ് മരിച്ചത്. ആര്‍മി ഏരിയയിലേക്ക് പഴം പറിക്കാന്‍ ചെന്ന കുട്ടിക്ക് നേരെ സൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ ദില്‍ഷനെ ചെന്നൈ ഗവ.ജനറല്‍ ആശുപത്രിയില്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.

തമിഴ്‌നാട് സെക്രട്ടേറിയറ്റിനു സമീപമുള്ള ഐലന്‍ഡ് ഗ്രൗണ്ട് കോളനി പരിസരത്താണു പതിമൂന്നുകാരനായ ദില്‍ഷനു വെടിയേറ്റത്. സൈന്യത്തിന്റെ പാര്‍പ്പിട മേഖലയായ ഐലന്‍ഡ് ഗ്രൗണ്ട് വളപ്പില്‍ പഴങ്ങള്‍ പറിക്കാന്‍ കയറിയ ദില്‍ഷനുനേരേ ഡ്യുട്ടിയിലുണ്ടായിരുന്ന പട്ടാളക്കാരിലൊരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ദില്‍ഷന്റെ മരണത്തെതുടര്‍ന്ന് പ്രതിഷേധവുമായി ആശുപത്രിയിലെത്തിയ ജനക്കൂട്ടവുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനു പരുക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി.

തുടര്‍ന്നു മുഖ്യമന്ത്രി ജയലളിത പ്രശ്‌നത്തില്‍ ഇടപെട്ടു. പതിമൂന്നുകാരനായ ബാലന്‍ തീവ്രവാദിയോ ഭീകരനോ അല്ലെന്ന് എളുപ്പത്തില്‍ തിരിച്ചറിയാമെന്നിരിക്കെ, സൈനികന്‍ വെടിയുതിര്‍ത്തത് അപലപനീയമാണെന്നു ജയലളിത പറഞ്ഞു. ദില്‍ഷന്റെ കുടുംബത്തിന് അവര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വെടിയുതിര്‍ത്ത സൈനികനെ പോലീസിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ജയലളിത ചെന്നൈയിലെ ജി.ഒ.സി (ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്)ക്കു കത്തു നല്‍കി.

അതേസമയം സംഭവവുമായി സൈന്യത്തിനു യാതൊരു ബന്ധവുമില്ലെന്നാണ് ഉന്നത സൈനികോദ്യോഗസ്ഥരുടെ നിലപാട്. വിശദമായ അന്വേഷണത്തിന് ഓഫീസര്‍മാരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ബ്രിഗേഡിയര്‍ ശശി നായര്‍ പറഞ്ഞു. സായുധ കാവല്‍ക്കാരില്ലാത്ത കോളനിയാണ് ഇതെന്നു ബ്രിഗേഡിയര്‍ പറഞ്ഞു. മരിച്ച ദില്‍ഷന്‍ ചെന്നൈ വൈ എം സി എ സ്‌കൂളില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

Advertisement