ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഉമര്‍ഗുല്ലിന്റെ പെഷവാറിലെ വീട്ടില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ റെയ്ഡില്‍ ഉമറിന്റെ സഹോദരന്‍ മിറാജിനെ അറസ്റ്റ് ചെയ്തു.

പാക്കിസ്ഥാനിലെ നിരോധിത സംഘടനയായ ലഷ്‌ക്കര്‍ ഇ ഇസ്ലാം സംഘടനയുടെ  സജീവപ്രവര്‍ത്തകനും മിറാജിന്റെ അമ്മാവനുമായ ഹാജി ദാലിക്ക് സംരക്ഷണം നല്‍കിയതിന്റെ പേരിലാണ് അറസ്റ്റെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇദ്ദേഹത്തിനൊപ്പം യൂനസ് ഷാകില്‍ തുടങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉമര്‍ ഗുല്ലിന്റെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് ഇവര്‍ അറസ്റ്റിലാവുന്നത്. സിറ്റിയില്‍ നിന്നും വന്നശേഷം കുറച്ച് നാളുകളായി ഹാജി ദാലി ഉമറിനൊപ്പമായിരുന്നു.

കുറച്ചുനാള്‍ മുന്‍പുണ്ടായ ഏറ്റുമുട്ടലിനിടെ ഹാജിക്ക് സാരമായി പരിക്കേറ്റിരുന്നു. ഹയാട്ടാബാദിലെ ആശുപത്രയില്‍ ചികിത്സതേടിയ ഹാജി ദാലി തന്നെ തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അറസ്റ്റ് തെറ്റിദ്ധാരണമൂലമായിരുന്നെന്നും അതില്‍ ആര്‍മി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഉമര്‍ഗുല്ലിന്റെ സഹോദരന്‍ മിറാജ് പറഞ്ഞു.