ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യത്തിന്റെ സാമ്പ യൂണിറ്റില്‍ ഒരുകൂട്ടം ജവാന്‍മാര്‍ ഓഫീസര്‍മാരെ മെസില്‍ പൂട്ടിയിട്ടതായി റിപ്പോര്‍ട്ട്. യൂണിറ്റിലെ ഒരു പട്ടാളക്കാരന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണിത്.

Ads By Google

Subscribe Us:

എന്നാല്‍ പ്രതിഷേധം നടന്നതായുള്ള റിപ്പോര്‍ട്ട് സൈനിക വൃത്തങ്ങള്‍ നിഷേധിച്ചു. അതേസമയം പട്ടാളക്കാരന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്ന് സൈന്യം ഉത്തരവിട്ടിട്ടുണ്ട്.

ബുധനാഴ്ചയാണ് ഈ യൂണിറ്റിലെ ജവാന്‍ സ്വയം വെടിവെച്ച് മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആണ് മരിച്ചത്. 16 ലൈറ്റ് കാവ്‌ലറി റജിമെന്റിലെ പട്ടാളക്കാരനാണ് അരുണ്‍. ബുധനാഴ്ച രാവിലെ അദ്ദേഹത്തിനൊരു ഫോണ്‍ വന്നിരുന്നു. അതിനുശേഷം ഗാര്‍ഡിന്റെ റൂമില്‍ പോവുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നെന്ന് സാമ്പ സീനിയര്‍ പോലീസ് സൂപ്രണ്ട് ഇസ്‌റാര്‍ ഖാന്‍ പറഞ്ഞു.

അടിയന്തരമായി നാട്ടിലേക്ക് പോകുന്നതിനായി ലീവ് ആവശ്യപ്പെട്ട അരുണിന് മേലധികാരികള്‍ ലീവനുവദിക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് മറ്റ് പട്ടാളക്കാര്‍ പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് മേലുദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധ പ്രകടനങ്ങളുമായി ജവാന്‍മാര്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ജവാന്മാര്‍ മേലുദ്യോഗസ്ഥരെ പൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്.