ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ചില പ്രദേശങ്ങളില്‍ നിന്നും സായുധസേന പ്രത്യേക അധികാര നിയമവും ഡിസ്റ്റേബ്ഡ് ഏരിയാസ് ആക്ടും എടുത്തുമാറ്റുമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഈ നിയമങ്ങള്‍ പിന്‍വലിക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. ഇതോടെ സംസ്ഥാന പോലീസിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും ഉത്തരവാദിക്കം കുറേക്കൂടി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനഗറിലെ സെവാനിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊക്കെ പ്രദേശങ്ങളാണ് നിയമപരിധിയില്‍ നിന്ന് പുറത്തുപോകുന്നത് എന്ന കാര്യത്തില്‍ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ തനിക്ക് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നാണ് ഒമര്‍ ഇതിനോട് പ്രതികരിച്ചത്.

കാശ്മീരിലെ പല മേഖലകളിലെയും സമാധാന സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും പലയിടങ്ങളിലെയും സൈനിക ഇടപെടല്‍ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശങ്ങളില്‍ നിന്നും നിയമം എടുത്തുമാറ്റും. കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ട പോലീസുകാരുടേയും, നാട്ടുകാരുടേയും എണ്ണത്തില്‍ നിന്നും വ്യക്തമാകുന്നത് സ്ഥിതി ശാന്തമായി വരുന്നുണ്ടെന്നാണ്. കഴിഞ്ഞവര്‍ഷം രക്തസാക്ഷികളായ 635 ഇന്ത്യക്കാരില്‍ 18 പേര്‍മാത്രമാണ് ജമ്മുകാശ്മീരില്‍ നിന്നുള്ളത്. ചെറിയ രാജ്യമായ ദല്‍ഹയില്‍ മരിച്ചത് 15 പേരാണ്. ഇതൊക്കെ ഇവിടുത്തെ സമാധാനാന്തരീക്ഷം തിരിച്ചുവന്നു എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.