കെയ്‌റോ: കെയ്‌റോയിലെ താഹിര്‍ സ്‌ക്വയറിലെ ജനക്കൂട്ടത്തിനുനേരെ ആയുധധാരികളായ നൂറുകണക്കിന് പട്ടാളക്കാര്‍ ആക്രമണം നടത്തി. വെടിവച്ചും, തല്ലിച്ചതച്ചും അവിടെ കൂടിനിന്നവരെ പറഞ്ഞയച്ചതായി സാക്ഷികള്‍ പറയുന്നു.

ഫെബ്രുവരി 11 ഹോസ്‌നി മുബാറക്ക് സ്ഥാനമൊഴിഞ്ഞതുമുതല്‍ ആയിരക്കണക്കിനാളുകളാണ് ഇവിടെ അടിച്ചുകയറിയിരിക്കുന്നത്. മുബാറക്ക് സ്ഥാനം ഒഴിഞ്ഞശേഷം സുപ്രീം കൗണ്‍സില്‍ ഓഫ് ആമ്ഡ് ഫോഴ്‌സിന്റെ നിയന്ത്രണത്തിലാണ് രാജ്യം. മുബാറക്കിനെയും അദ്ദേഹത്തിന്റെ ഭരണകാലത്ത് ഉന്നത പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥരേയും പ്രോസിക്യൂട്ട് ചെയ്യണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അംഗീകരിക്കണമെന്നാണ് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നത്.

Subscribe Us:

ഇരുപതിലധികം സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇവര്‍ ഒത്തുകൂടിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥര്‍ പ്രക്ഷോഭകാരികള്‍ക്കൊപ്പം ചേരുന്നതിനെ സൈന്യം വിലക്കിയിരുന്നു. ഇവരെ സംരക്ഷിക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞാണ് രാത്രി രണ്ടുമുതല്‍ പുലര്‍ച്ചെ അഞ്ച് വരെയുള്ള കര്‍ഫ്യൂ സമയത്തും പ്രക്ഷോഭകാരികള്‍ ചത്വരത്തില്‍ തങ്ങിയത്.

സുരക്ഷാസൈന്യം ആക്രമണം തുടങ്ങിയതോടെ സൈന്യത്തിലെ ചില ഉദ്യോഗസ്ഥര്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ശേഷിക്കുന്നവരെ സുരക്ഷാ സൈന്യം അറസ്റ്റുചെയ്തു.