എഡിറ്റര്‍
എഡിറ്റര്‍
അര്‍ജ്ജുന അവാര്‍ഡ്: മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചതായി കേന്ദ്രം
എഡിറ്റര്‍
Saturday 4th January 2014 8:10am

arjuna-award

ന്യൂദല്‍ഹി: അര്‍ജ്ജുന അവാര്‍ഡ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചതായി കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു.

ഒരു വര്‍ഷത്തില്‍ പതിനഞ്ചില്‍ കൂടുതല്‍ താരങ്ങള്‍ക്ക് അര്‍ജ്ജുന നല്‍കരുതെന്നാണ് പുതിയ വ്യവസ്ഥ.

പരിഷ്‌കരിച്ച പ്രകാരം ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത് ഗെയിംസ് എന്നിവയില്‍ ഉള്‍പ്പെട്ട കായിക ഇനങ്ങളില്‍ മെഡല്‍ നേടിയവര്‍ക്കാണ് അവാര്‍ഡിന് മുന്‍ഗണന നല്‍കുക.

ഒളിമ്പിക്‌സിലും കോമണ്‍വെല്‍ത് ഗെയിംസിലും ഉള്‍പ്പെടാത്തതിനാല്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ തടസമായേക്കുമെന്നാണ് സൂചന.

താരത്തിന്റെ പ്രകടനം അനുസരിച്ചായിരിക്കും അവാര്‍ഡിന് പരിഗണിക്കുക. മികച്ച പ്രകടനം നടത്തിയിട്ടും മാനദണ്ഡങ്ങള്‍ക്കകത്തു വരാത്ത താരങ്ങളുടെ കാര്യത്തില്‍ അവാര്‍ഡ് സെലക്ഷന്‍ കമ്മറ്റി തീരുമാനമെടുക്കും.

അര്‍ജ്ജുന അവാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഏറെ തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കായിക മന്ത്രാലയം പുതുക്കിയ മാനദണ്ഡങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

നേരത്തേ വോളിബോള്‍ താരം ടോം ജോസിന് അര്‍ജ്ജുന അവാര്‍ഡ് നല്‍കാത്തത് വിവാദമായിരുന്നു.

പതിനഞ്ച് വര്‍ഷമായി ദേശീയ വോളിബോള്‍ ടീമില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരത്തെ അവാര്‍ഡിന് പരിഗണിക്കാത്തത് പിന്നീട് ഏറെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാക്കാനുമിടയായിരുന്നു.

Advertisement