ന്യൂദല്‍ഹി: കായികരംഗത്തെ ഉയര്‍ന്ന ദേശീയ പുരസ്‌കാരങ്ങളിലൊന്നായ അര്‍ജുന അവാര്‍ഡിനായുള്ള നാമനിര്‍ദേശ പട്ടികയില്‍ ഏഴ് മലയാളി താരങ്ങള്‍ ഇടംപിടിച്ചു. രഞ്ജിത് മഹേശ്വരി (അത്‌ലറ്റിക്‌സ്), കെ.സി. ലേഖ(ബോക്‌സിംഗ്), പ്രീജ ശ്രീധരന്‍(അത്‌ലറ്റിക്‌സ്), ജോപോള്‍ അഞ്ചേരി(ഫുട്‌ബോള്‍), സജി തോമസ്(ബാഡ്മിന്റണ്‍), ദീപിക പള്ളിക്കല്‍(സ്‌ക്വാഷ്) എന്‍. ഉഷ,എന്നിവരാണ് കായിക മേഖലയിലെ ഏറ്റവും അഭിമാനാര്‍ഹമായ പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ച മലയാളി താരങ്ങള്‍.

മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരത്തിന് അഞ്ച് മലയാളി പരിശീലകരും ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. രാജു പോള്‍, എം.എ. ജോര്‍ജ്, പി.ആര്‍. പുരുഷോത്തമന്‍, സുനില്‍ ഏബ്രഹാം, തങ്കച്ചന്‍ മാത്യു എന്നിവരാണ് ദ്രോണാചാര്യ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്.

ഖേല്‍രത്‌ന പുരസ്‌കാര നിര്‍ണയക സമിതിയില്‍ മലയാളി ലോഗ്ജംപ്താരം അഞ്ജു ബോബി ജോര്‍ജിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പേസ് ബോളിംഗിന്റെ അമരക്കാരന്‍ സഹീര്‍ ഖാന് അര്‍ജുന അവാര്‍ഡിന് ബി.സി.സി.ഐ ശുപാര്‍ശ ചെയ്തു.ലോകകപ്പ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് പുരസ്‌കാരം സഹീറിന് നല്‍കണമെന്ന ശുപാര്‍ശ ചെയ്യാന്‍ ബി.സി.സി.ഐയെ പ്രരിപ്പിച്ചത്.

21 വിക്കറ്റുകള്‍ നേടിയ സഹീറിന്റെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിക്കൊടുക്കുന്നതില്‍ ഏറെ നിര്‍ണായകമായത്. 2009ല്‍ ഗൗതം ഗംഭീറിനാണ് ക്രിക്കറ്റ് കളിക്കാരില്‍ അര്‍ജുന അവാര്‍ഡ് ലഭിച്ച അവസാനത്തെ വ്യക്തി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരേന്ദ്ര സെവാഗ്, ഹര്‍ഭജന്‍ സിംഗ് എന്നിവരെ രാജ്യം നേരത്തെ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.