സ്വന്തം ചാനലിലൂടെ കേരളീയ കുടുംബങ്ങളിലെ നിത്യസാന്നിധ്യമായി നിറഞ്ഞുനില്‍ക്കുന്ന അമൃതാനന്ദമയി പ്രേക്ഷകരിലേക്കു പരോക്ഷമായി സന്നിവേശിപ്പിക്കുന്നത് ഹിന്ദു സാമാന്യബോധമാണ്. ഇതേ ഹിന്ദു സാമാന്യബോധത്തിന്റെ വ്യാപ്തിയാണ് സംഘപരിവാറിന്റെ സവര്‍ണ ഫാസിസത്തിന് മാന്യത നല്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഘപരിവാറിനുണ്ടായ അപായകരമായ മുന്നേറ്റത്തിനു സാക്ഷ്യം വഹിച്ച 1980-കള്‍, സുധാമണിയില്‍ നിന്ന് അമൃതാനന്ദമയിലേക്കുള്ള വളര്‍ച്ചയുടെ ദശകം കൂടിയായിരുന്നു

ഭാഗം മൂന്ന്‌


എസ്സേയ്‌സ് /ജെ. രഘു


ആത്മീയതയുടെ ‘മതേതര’വിപണി

J Raghuനവയുഗ ആത്മീയ പ്രസ്ഥാനങ്ങളുടെ മറ്റൊരു പ്രത്യേകത, അത് ആത്മീയതയെ മതത്തില്‍നിന്നു വേര്‍പെടുത്തുകയും ഒരു ‘മതേതരചരക്ക്’ ആക്കിമാറ്റുകയും ചെയ്യുന്നു എന്നതാണ്. സ്ഥാപനവത്കൃതമായ പരമ്പരാഗത മതങ്ങളിലൂള്ള വിശ്വാസരാഹിത്യമാണ് 1960-കളില്‍ പാശ്ചാത്യനാടുകളില്‍ നവയുഗ ആത്മീയ ഗുരുക്കന്മാരുടെ ആവിര്‍ഭാവത്തിനു കാരണമായത്.

പാശ്ചാത്യരാജ്യങ്ങളില്‍ പുതിയതരം ആത്മീയതയ്ക്ക് ലഭിച്ച ഈ വിപണിയെയാണ് പൗരസ്ത്യഗുരുക്കന്മാരും ഗുരു-വ്യവഹാരവും ലക്ഷ്യം വെച്ചത്. അതീന്ദ്രിയധ്യാനം, സെന്‍ബുദ്ധിസം, യോഗ, ക്വാണ്ടംഹീലിംഗ്, ജീവനകല, ആശ്ലേഷാത്മീയത തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കും അവയുടെ വ്യവഹാരങ്ങള്‍ക്കും ആത്മീയതയുടെ പുതിയ സൂപ്പര്‍മാര്‍ക്കറ്റില്‍ വമ്പിച്ച വിപണനസാധ്യതയാണ് ലഭിച്ചത്.

അതീന്ദ്രിയധ്യാനത്തിനു ലഭിച്ച പ്രശസ്തിയും പണവും പുതിയ ജീവനകലാ ഗുരുക്കന്മാരെയും അമ്മ ദൈവങ്ങളെയും പാശ്ചാത്യ നാടുകളിലെ ആത്മീയാന്വേഷകരുടെ അശാന്തിയെ ചൂഷണം ചെയ്യാനും സ്വയം കയറ്റുമതി ചെയ്യാനും പ്രേരിപ്പിച്ചു. അമൃതാനന്ദമയിയുടെ ആസ്ഥാനം കേരളത്തിലാണെങ്കിലും സമ്പത്തിന്റെ പ്രധാനസ്രോതസ്സ് പാശ്ചാത്യരാജ്യങ്ങളാണ്.

Ads By Google

പാശ്ചാത്യനാടുകളില്‍ അമൃതാനന്ദമയി അറിയപ്പെടുന്നത് ‘ആശ്ലേഷിക്കുന്ന വിശുദ്ധ’ (Hugging Saint) എന്നാണ്. പാശ്ചാത്യലോകത്തുലഭിച്ച ഈ പ്രശസ്തി കേരളത്തില്‍ അമൃതാനന്ദമയിയുടെ പ്രതിച്ഛായ ഉയര്‍ത്തുകയും ചെയ്തു. മറ്റെല്ലാ നവയുഗ ആള്‍ദൈവങ്ങളെയുംപോലെ, അമൃതാനന്ദമയിയും മതേതരപരിവേഷമുള്ള ആത്മീയതാവ്യവഹാരമാണ് ആവിഷ്‌കരിക്കുന്നത്. സൂക്ഷ്മമായ അര്‍ഥത്തില്‍ ഹൈന്ദവ സിദ്ധാന്തങ്ങളാണ് ഉപയോഗിക്കുന്നതെങ്കിലും പാശ്ചാത്യരാജ്യങ്ങളിലെ ആത്മീയതയുടെ സൂപ്പര്‍മാര്‍ക്കറ്റിന് അനുയോജ്യമായ വിധത്തില്‍ അവയെ പരുവപ്പെടുത്താന്‍ ഈ നവയുഗ ആള്‍ദൈവങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.

ജീവനകല, ധ്യാനം, പ്രകൃതിജീവനം, യോഗ തുടങ്ങിയ വിദ്യകള്‍ ആത്മീയ വിപണിയുടെ പ്രത്യക്ഷ മതേതരത്വത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍, നിരക്ഷരയായ അമൃതാനന്ദമയിക്ക് നവയുഗ ആത്മീയതാവ്യവഹാരത്തിന്റെ ഭാഷ വഴങ്ങാത്തതിനാല്‍ അവര്‍ വിന്യസിച്ച വിദ്യകള്‍ ആശ്ലേഷത്തിന്റേതും ഭജനയുടേതുമാണ്. പാശ്ചാത്യ നാടുകളിലെ അശാന്തരായ ആത്മീയാന്വേഷകരിലെ താരതമ്യേന സാധാരണക്കാരും അസംസ്‌കൃതരുമായ ആളുകളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ അമൃതാനന്ദമയിയുടെ പൊടിക്കൈകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

അങ്ങനെ, സ്വദേശത്തും വിദേശത്തുമുള്ള വിദ്യാഭ്യാസം കുറഞ്ഞവരും അസംസ്‌കൃതരുമായ വലിയൊരു ഭക്തജനക്കൂട്ടത്തെ തന്നിലേക്കടുപ്പിക്കാന്‍ അമൃതാനന്ദമയിയ്ക്ക് കഴിഞ്ഞു. ഈ പാമരഭക്തക്കൂട്ടത്തിന്റെ ആന്തരികമായ അപകര്‍ഷബോധത്തെ ഒരു ആഗോള ആത്മീയ സാമ്രാജ്യമാക്കി വികസിപ്പിക്കുന്നതില്‍ അത്ഭുതകരമായി വിജയിച്ച അമൃതാനന്ദമയി, ക്രമേണ തന്റെ സാമ്രാജ്യത്തിന്റെ അതിരുകളെ പുതിയ സാമ്പത്തിക നിക്ഷേപമേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചു.

തങ്ങളുടെ ശിഷ്യരെ അവരുടെ ജീവിതത്തിന്റെ സമ്മര്‍ദസംഘര്‍ഷങ്ങളില്‍ നിന്ന് കവചിതമാക്കുകയും തങ്ങളിലേക്ക് ഉള്‍വലിയാന്‍ പരിശീലിപ്പിക്കുകയുമാണ് നവയുഗ ആത്മീയഗുരുക്കള്‍ ചെയ്യുന്നത്. സംഘര്‍ഷ ഭരിതവും അവ്യവസ്ഥിതവുമായ സാമൂഹ്യ ജീവിതത്തില്‍ നിന്ന് സ്വന്തം ആന്തരികതയിലേക്ക് പലായനം ചെയ്യുന്ന ഈ ശിഷ്യര്‍ക്ക് ഏക അഭയം തങ്ങളുടെ ഗുരുക്കളാണ്.

സാമൂഹ്യനിരപേക്ഷവും മൂല്യശുഷ്‌കവും ചിന്താശൂന്യവുമായ ഈ ആന്തരികതാ മിഥ്യയ്ക്ക് യോഗ-ധ്യാനങ്ങള്‍കൊണ്ടും ആശ്ലേഷംകൊണ്ടും ഭജനമന്ത്രങ്ങള്‍കൊണ്ടും യാഥാര്‍ഥ്യപ്രതീതി നല്കുന്ന നിഗൂഢമായൊരു വ്യവഹാരമാണ് ഈ ഗുരുക്കള്‍ വിന്യസിച്ചുകൊണ്ടിരിക്കുന്നത്. അപായകരവും രോഗാതുരവുമായ ഈ ആത്മീയാന്വേഷണം, ഫലത്തില്‍ രാഷ്ട്രീയ, സാമൂഹ്യ-ചരിത്രമാനങ്ങളില്ലാത്ത ഒരു നിഗൂഢ സമസ്യയായി ജീവിതപ്രക്രിയയെ മാറ്റിത്തീര്‍ക്കുന്നു.

ഭക്തരുടെ ജീവിതത്തെ പ്രഹേളിക പോലെ നിഗൂഢമാക്കുന്ന ആള്‍ദൈവങ്ങള്‍ക്ക് അവരെ ശിശുക്കളെപ്പോലെ പരിപാലിക്കാനും എളുപ്പമാണ്. തന്നെ കാണാനെത്തുന്ന ശിഷ്യരെ ഇത്ര നിസ്സാരമായി ആശ്ലേഷിക്കാന്‍ അമൃതാനന്ദമയിക്കു കഴിയുന്നത് അവരെ മനോവികാസം നിലച്ചുപോയ കുഞ്ഞുങ്ങളെപ്പോലെ കാണാന്‍ കഴിയുന്നത്‌കൊണ്ടാണ്.

ആത്മപലായനത്തിന്റെ പാതയില്‍ അഭയമന്വേഷിച്ചെത്തുന്ന ഭക്തരെ മാനസികമായ ശൈശവാസ്ഥയിലേക്കു സങ്കോചിപ്പിക്കുന്ന ആത്മീയാഹന്തയാണ്, വാസ്തവത്തില്‍, ആശ്ലേഷത്തിലൂടെയും, മോനേ മോളെ സംബോധനകളിലൂടെയും പ്രകാശിതമാവുന്നത്. മൂള്‍ക്കാടുകളും ഘോരസര്‍പങ്ങളും നിറഞ്ഞ ഒരു ആത്മീയാഹങ്കാരം വാത്സല്യനിധിയായ അമ്മയുടെ രൂപമാര്‍ജിക്കുന്ന  മനശാസ്ത്രസമസ്യയെന്നു ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാം.

സാമൂഹ്യതയില്‍ നിന്നുള്ള ആത്മപാലായനത്തെ ജീവിതത്തിന്റെ ഭവശാസ്ത്രപരമായ അര്‍ഥമായി ആഘോഷിക്കാന്‍ പഠിപ്പിക്കുന്ന ഈ ഗുരുക്കള്‍, ആത്മാഭയാര്‍ഥികളായ ശിഷ്യരുടെ വലിയൊരു സംഘത്തെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യതയില്‍ നിന്ന് ഉള്‍വലിയുന്ന ഈ ശിഷ്യരുടെ സാമൂഹ്യജീവിതം  ക്രമേണ യാന്ത്രികമാവുകയും ആള്‍ദൈവവുമായുള്ള സാമീപ്യ-ബന്ധങ്ങള്‍ മാത്രം യാഥാര്‍ഥ്യമാവുകയും ചെയ്യുന്നു. അമൃതാനന്ദമയിയുടെ സന്നിധിയിലെത്തുന്ന ശിഷ്യര്‍ക്ക് അവാച്യമായ ആനന്ദാനുഭവ പ്രതീതിയുണ്ടാവുന്നത് ആശ്രമത്തിനു പുറത്തുള്ള തങ്ങളുടെ ജീവിതത്തെ അയഥാര്‍ഥമായി കാണുന്നതുകൊണ്ടാണ്.

അമൃതാനന്ദമയിയുടെ ദര്‍ശനാശ്ലേഷ നിമിഷങ്ങളില്‍ മാത്രം സ്വന്തം ജീവിതത്തിന്റെ അര്‍ഥ-മൂല്യങ്ങള്‍ കണ്ടെത്തുന്ന ഈ ശിഷ്യപ്പറ്റങ്ങള്‍, ആരോഗ്യകരവും ആധുനികവും മതേതരവുമായ ഒരു സമൂഹത്തിനു വിനാശകരമായേക്കാവുന്ന മനോ-രോഗാലയങ്ങള്‍ കൂടിയാണ്. സാമൂഹ്യനിരപേക്ഷമായ ആന്തരികതയിലേക്കുള്ള പിന്‍വാങ്ങല്‍ രോഗാതുരമായ ‘ആത്മരതി’ (narcissism)യാണെന്ന് ക്രിസ്റ്റഫര്‍ ലാഷ് നിരീക്ഷിച്ചിട്ടുണ്ട്.

അടുത്ത പേജില്‍ തുടരുന്നു