കൊല്‍ക്കത്ത: അര്‍ജന്റീനയുടെ ക്യാപ്റ്റനെന്ന നിലയില്‍ ഫുട്‌ബോളിലെ പുത്തന്‍ ഇതിഹാസം ലയണള്‍ മെസ്സിക്ക് വിജയത്തുടക്കം. കൊല്‍ക്കത്തയില്‍ വെച്ച് നടന്ന വെനസ്വലെക്കെതിരായ രാജ്യാന്തര സൗഹൃദമത്സരത്തില്‍ അര്‍ജന്റീന വിജയിച്ചു.

കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞെത്തിയ എണ്‍പതിനായിരത്തില്‍പ്പരം കാണികള്‍ക്ക് മുന്നില്‍ ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. രണ്ടാം പകുതിയില്‍ നിക്കോളാസ് ഓട്ടോമെന്‍ഡിയയാണ് ജേതാക്കള്‍ക്കായി ഗോള്‍ നേടിയത്. മെസി എടുത്ത കോര്‍ണര്‍കിക്ക് ഹെഡ് ചെയ്താണ് ഓട്ടോമെന്‍ഡിയ അര്‍ജന്റീനക്ക് വിജയഗോള്‍ സമ്മാനിച്ചത്.

ഇന്ത്യയിലെ ആദ്യ ഫിഫാ രാജ്യാന്തര മത്സരത്തിന് സാക്ഷികളാകാന്‍ ബോളിവുഡ് നടന്‍ രാഹുല്‍ ബോസ്, രണ്‍ബീര്‍ കപൂര്‍, നേഹ ദൂപിയ, ഷാന്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ, തുടങ്ങി നിരവധി പ്രമുഖരെത്തിരുന്നു.

വൈകീട്ട് 6.20 ഓടെ ഗ്രൗണ്ടിലിറങ്ങിയ അര്‍ജന്റീനന്‍ ടീമിനെ കാതടിപ്പിക്കുന്ന കരഘോഷത്തോടെയാണ് കാണികള്‍ ഗ്രൗണ്ടിലേക്ക് ആനയിച്ചത്. വെനസ്വലന്‍ ടീമിനെയും നിറഞ്ഞ കയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.