ലാപ്ലാറ്റ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ നിന്നും ആതിഥേയരായ അര്‍ജന്റീന പുറത്തായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ അഞ്ചിനെതിരെ ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഉറുഗ്വേ സെമിഫൈനലില്‍ കടന്നു. ഷൂട്ടൗട്ടില്‍ കാര്‍ലോസ് ടെവസ് എടുത്ത മൂന്നാമത്തെ കിക്കാണ് അര്‍ജന്റീനയുടെ പതനത്തിന് കാരണമായത്. സെമിയില്‍ ഉറുഗ്വേ പെറുവിനെ നേരിടും.

നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ നേടി സമനിലയിലായിരുന്നു. തുടര്‍ന്ന് അധിക സമയത്തേയ്ക്ക് മത്സരം നീണ്ടു. എന്നാല്‍ അധിക സമയത്ത് ഇരു ടീമിനും സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ അര്‍ജന്റീനിയയെ ഞെട്ടിച്ച് ഉറൂഗ്വേ വലകിലുക്കി. സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാന്‍ എടുത്ത ഫ്രീകിക്കില്‍ നിന്നും ഡിയാഗോ പെരസാണ് ഗോള്‍ നേടിയത്. എന്നാല്‍ തുടര്‍ന്ന് ആക്രമണം ശക്തമാക്കിയ അര്‍ജന്റീന 18 മിനിറ്റിനുള്ളില്‍ ഗോള്‍ മടക്കി. മൈതാനത്തിന്റെ മധ്യത്തില്‍ നിന്നും പന്തുമായി മുന്നേറിയ ലയണല്‍ മെസി ഉറുഗ്വേ പ്രതിരോധ നിരയെ കബളിപ്പിച്ച് നല്‍കിയ പന്ത് വലയിലെത്തിച്ചത് സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വിനാണ്. പകുതി സമയത്ത് ഇരുടീമും ഓരോ ഗോള്‍ നേടി സമനിലയിലായിരുന്നു.

ഇരുടീമും ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് കളി പലപ്പോഴും പരുക്കനായി. 39 മിനിറ്റില്‍ ഉറുഗ്വേയുടെ ഡിയാഗോ പെരസും 86 മിനിറ്റില്‍ അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ സേവിയര്‍ മസ്‌കരാനോസും ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി.

ആദ്യ ക്വാട്ടറില്‍ എതിരാളികളായ കൊളംബിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് പെറു സെമി ഫൈനലിലെത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടര്‍ന്ന് അധിക സമയത്തേക്ക് കളി നീണ്ടു. എക്‌സ്ട്ര ടൈമിലാണ് രണ്ടു ഗോളുകളും പിറന്നത്. കാര്‍ലോസ് ലബ്‌സ്റ്റണ്‍, ജുവാന്‍ വര്‍ഗാസ് എന്നിവരാണ് പെറുവിന് വേണ്ടി സ്‌കോര്‍ ചെയ്തത്.

ഗ്രൂപ്പ് ചാമ്പ്യനായി ക്വാട്ടറിലെത്തിയ കൊളംബിയയ്ക്ക് കാലിടറിയപ്പോള്‍ തട്ടിടും തടഞ്ഞുമെത്തിയ പെറു സെമി ഉറപ്പാക്കുകയായിരുന്നു.