Categories

‘സംപൂജ്യ’ രായി അര്‍ജന്റീന

സുരാജ്

കേപ്ടൗണ്‍: അര്‍ജന്റീന തോറ്റു, തോറ്റുതൊപ്പിയിട്ടു. പേരുകേട്ട പ്രതിരോധത്തെയും കേളികേട്ട മുന്നേറ്റനിരയെയും തകര്‍ത്ത് ജര്‍മനി അര്‍ജന്റീാനയുടെ വലയില്‍ അടിച്ചുകൂട്ടിയത് നാലുഗോള്‍. ലാറ്റിനമേരിക്കന്‍ പ്രതീക്ഷയായ ബ്രസീലിനു പിന്നാലെ അര്‍ജന്റീനയും പുറത്തേക്ക. ലോകകപ്പിലെ തന്റെ അഞ്ചാംഗോളിലൂടെ ഡേവിഡ് വിയ്യ സ്‌പെയിനിനെ സെമിയിലെത്തിച്ചു. ചൊവ്വാഴ്ച്ച ഹോളണ്ട് ഉറുഗ്വേയെയും സ്‌പെയിന്‍ ജര്‍മനിയെയും നേരിടും.


ജയ, ജയ ജര്‍മനി

ദുര്‍ബ്ബലരായ എതിരാളികളോടുമാത്രം ഏറ്റുമുട്ടി വിജയിച്ച മറഡോണയുടെ കുട്ടികള്‍ ജര്‍മനിക്ക് മുമ്പില്‍ ‘സംപൂജ്യ’രായി. ടൂര്‍ണമെന്റില്‍ ആദ്യമായി അര്‍ജന്റീനയുടെ പ്രതിരോധ നിര പരീക്ഷിക്കപ്പെട്ടപ്പോള്‍ ജര്‍മനി അടിച്ചുകയറ്റിയത് നാലുഗോള്‍. തുടക്കംമുതല്‍ ആക്രമിച്ചു കളിച്ച ജര്‍മനിക്ക് മുമ്പില്‍ അര്‍ജന്റീനകക് തന്ത്രങ്ങളൊന്നുമുണ്ടായില്ല. ജര്‍മനിക്ക് കിട്ടിയ ആദ്യഫ്രീകിക്കില്‍ നിന്നുതന്നെ അവര്‍ ഗോള്‍ കണ്ടെത്തി. ഷെയ്ന്‍സീഗറിന്റെ കിക്ക് മുള്ളര്‍ തലകൊണ്ടുചെത്തി വലയിലാക്കി.

ആദ്യപകുതിയില്‍ പിന്നിട്ടുനിന്നെങ്കിലും ആരാധകര്‍ പ്രതീക്ഷയിലായിരുന്നു. മെസ്സിയും ഹിഗ്വേയ്‌നും ടെവസും തങ്ങളെ ചതിക്കില്ലെന്ന് അവര്‍ കരുതി. എന്നാല്‍ ജര്‍മ്മനി ഗോള്‍മഴ തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 74 ാം മിനുറ്റില്‍ ഫ്രെഡറക് ജര്‍മനിയുടെ മൂന്നാം ഗോള്‍ കണ്ടെത്തി. മിറോസ്ലാവേ ക്ലോസ് രണ്ടുഗോളുകളിലൂടെ ലോകകപ്പിലെ തന്റെ പതിനാലാം ഗോളുംകണ്ടെത്തിയതോടെ അര്‍ജന്റീനയുടെ ശവമഞ്ചത്തില്‍ അവസാനആണിയും തറഞ്ഞു.

>
സ്‌പെയിന്‍ വിയര്‍ത്തുകയറി

സ്‌പെയിന്‍ പ്രതീക്ഷിച്ചപോലെ എളുപ്പമായിരുന്നില്ല പരാഗ്വേയ്‌ക്കെതിരായ മല്‍സരം. ഡെവിഡ് വിയ്യ എന്ന സൂപ്പര്‍ സ്‌ട്രൈക്കറാണ് സ്‌പെയിനിനെ നീണ്ട് 60 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ലോകകപ്പ് സെമിയിലെത്താന്‍ സഹായിച്ചത്.

ഇരുടീമുകളും രണ്ട് പെനല്‍റ്റികിക്കാണ് നഷ്ടപ്പെടുത്തിയത്. ഗോള്‍ നേടാനുള്ള സുവര്‍ണ്ണാവസരം പരാഗ്വേയ്ക്കായിരുന്നു ലഭിച്ചത്. പക്ഷേ കാര്‍ഡോസോയുടെ കിക്ക് കസീയസ് ചാടിത്തടുത്തു. പരാഗ്വേ ആരാധകര്‍ നെഞ്ചത്ത് കൈവച്ച നിമിഷം. അടുത്ത മിനുറ്റില്‍ തന്നെ സ്‌പെയിനിനും ലഭിച്ചു പെനല്‍റ്റി. വിയ്യയെ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി അലോണ്‍സോക്ക ലക്ഷ്യത്തിലെത്തിക്കാനായില്ല. കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിലായിരുന്നു സ്‌പെയിനിന്റെ വിജയഗോള്‍.

രണ്ട് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ഇനിയേസ്റ്റ തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. എന്നാല്‍ പന്ത് കൈക്കലാക്കി വിയ്യയുടെ ഷോട്ട് ഗോല്‍ലൈന്‍ കടന്നുകയറി. ലോകകപ്പിലെ വിയ്യയുടെ അഞ്ചാംഗോള്‍. മികച്ച രണ്ടുഗോളവസരങ്ങള്‍ രക്ഷപ്പെടുത്തിയ ഗോളി കസീയസാണ് സ്‌പെയിനിന്റെ രക്ഷകനായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.