സാന്‍ സാല്‍വഡോര്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ആതിഥേയരായ അര്‍ജന്റീനയ്ക്ക് വീണ്ടും സമനില. സന്റാഫെയില്‍ നടന്ന മത്സരത്തില്‍ കൊളംബിയയാണ് 14 വട്ടം കോപ്പ ചാംപ്യന്‍മാരായ അര്‍ജന്റീനയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്.

നേരത്തെ ഉദ്ഘാടന മത്സരത്തില്‍ ബൊളീവിയയോടും സമനില വഴങ്ങിയ മുന്‍ ചാംപ്യന്‍മാര്‍ക്ക് രണ്ടുമത്സരത്തില്‍ നിന്നായി രണ്ടു പോയന്റ് മാത്രമാണുള്ളത്. ഇതോടെ തിങ്കളാഴ്ച നടക്കുന്ന കോസ്റ്ററിക്കയുമായുള്ള മൂന്നാം മത്സരം അര്‍ജന്റീനയ്ക്ക് നിര്‍ണായകമായി.

ഗോളെന്നുറച്ച നിരവധിയവസരങ്ങള്‍ ഇരുടീമിനും ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. കളിയുടെ തുടക്കത്തില്‍ കൂടുതല്‍ ആക്രമിച്ച കളിച്ച അര്‍ജന്റീനക്കാണ് ആദ്യഗോളവസരം ലഭിച്ചത്. എന്നാല്‍ കൊളംബിയന്‍ ഗോള്‍ കീപ്പറെ കീഴ്‌പ്പെടുത്താന്‍ മധ്യനിര താരം എസ്റ്റാബന്‍ കാംമ്പിയാസോക്ക് കഴിഞ്ഞില്ല.തുടര്‍ന്ന കിട്ടിയ നല്ലൊരവസരം കൊളംബിയന്‍ സ്‌ട്രൈക്കര്‍ അഡ്രിയാന്‍ റാമോസും തുലച്ചു.

മുന്നേറ്റ നിരയില്‍ മെസ്സി പതിവുപോലെ രാജ്യത്തിന്റ ജഴ്‌സിയില്‍ നിറം മങ്ങിയതും അര്‍ജന്റീനക്ക് തിരിച്ചടിയായി. ജയം ലക്ഷ്യം വെച്ച് രണ്ടാം പകുതിയില്‍ ആദ്യകളിയിലെന്ന പോലെ അര്‍ജന്റീനന്‍ കോച്ച് അഗ്യൂറയെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല. മറുവശത്ത് കൊളംബിയയുടെ ഗോളിലേക്കുള്ള ഷേട്ടുകളെല്ലാം മികച്ച സേവോടെ അര്‍ജന്റീന്‍ ഗോള്‍ കീപ്പര്‍ റൊമീറോ രക്ഷപ്പെടുത്തിയതോട് മത്‌സരം സമനിലയിലവസാനിച്ചു.

രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പില്‍ നാലുപോയിന്റുമായ കൊളംബിയയാണ് മുന്നില്‍.