എഡിറ്റര്‍
എഡിറ്റര്‍
നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ; തെരഞ്ഞെടുപ്പ് കാമ്പയിനിടെ പ്രദേശത്തെ പവര്‍കട്ട് വിഷയം ഉന്നയിച്ച യുവാവിനോട് പൊട്ടിത്തെറിച്ച് ആന്ധ്രാമുഖ്യമന്ത്രി
എഡിറ്റര്‍
Thursday 27th July 2017 2:41pm

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് കാമ്പയിനിടെ പ്രദേശത്തെ പവര്‍കട്ട് വിഷയം ഉന്നയിച്ച യുവാവിനോട് തട്ടിക്കയറി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കുര്‍നൂര്‍ ജില്ലയിലെ നന്ത്യലാല മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലാണ് സംഭവം.

തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെല്ലാം വിവരിച്ച് ചന്ദ്രബാബു നായിഡു കത്തികയറുകയായിരുന്നു. സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കിയതിനെ കുറിച്ചൊക്കെ മുഖ്യമന്ത്രി വാചാലനാകുന്നതിനിടെയാണ് പ്രദേശത്ത് വൈദ്യുതിവിതരണം വലിയ തോതില്‍ തടസ്സപ്പെടാറുണ്ടെന്ന കാര്യം യുവാവ് ചൂണ്ടിക്കാട്ടിയത്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട മുഖ്യമന്ത്രി യുവാവിനോട് പൊട്ടിത്തെറിക്കുകയായിരുന്നു.


Dont Miss പ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കില്ലെന്ന് പറയുന്നവരുടേത് ധാര്‍ഷ്ട്യം ; ലാലിനും ജീന്‍പോളിനുമെതിരെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്


തന്നോട് ഇത്തരത്തില്‍ സംസാരിക്കാന്‍ നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ ചോദ്യം. ‘ഞാന്‍ ഇവിടെ വന്നത് ഒരു മുഖ്യമന്ത്രിയായും അതിലുപരി ഒരു രാഷ്ട്രീയപ്രവര്‍ത്തകനായുമാണ്. എന്നെപ്പോലുള്ള നേതാക്കള്‍ക്ക് മുന്നില്‍ ഇങ്ങനെ വിളിച്ചു പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു’ എന്നായിരുന്നു നായിഡുവിന്റെ ചോദ്യം.

മാത്രമല്ല വൈദ്യുതി പ്രശ്‌നം ഉന്നയിച്ച യുവാവ് വൈ.എസ്.ആര്‍ കോണ്‍ഗ്രസുകാരന്‍ ആണെന്നുകൂട്ടി മുഖ്യമന്ത്രി പറയുകയുണ്ടായി. ‘നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് ഭ്രാന്ത് ഉണ്ടോ? നിങ്ങളെ ഇങ്ങോട്ട് അയച്ചത് വൈ.എസ്.ആര്‍ കോണ്‍ഗ്രസാണെന്ന് തോന്നുന്നു. നിങ്ങള്‍ എന്റെ പരിപാടിയില്‍ പങ്കെടുക്കണമെന്നില്ല.വീട്ടില്‍ ഇരിക്കുന്നതാകും ഉചിതം’- നായിഡു പറഞ്ഞു.

തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഭൂമ ബ്രഹ്മാനന്ദ റെഡ്ഡിക്ക് വേണ്ടി വോട്ട് ചോദിക്കാനാണ് മുഖ്യമന്ത്രി നന്ത്യാലയില്‍ എത്തിയത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലും ഇവിടെ വെച്ച് നടന്ന ഒരു മീറ്റിങ്ങിനിടെ ചില പ്രവര്‍ത്തകരുടെ അഭിപ്രായ പ്രകടനത്തിനെതിരെ ചന്ദ്രബാബു നായിഡു രംഗത്തെത്തിയിരുന്നു.

Advertisement