മമ്മൂട്ടി ചിത്രം ‘സാമ്രാജ്യ’ ത്തിന് രണ്ടാം ഭാഗം വരുന്നു. ‘സാമ്രാജ്യം 2സണ്‍ ഓഫ് അലക്‌സാണ്ടര്‍’ എന്ന പേരിലാണ് രണ്ടാം ഭാഗം വരുന്നത്. പേരരശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോളിവുഡ് നടന്‍ ആര്യയാണ് നായകന്‍.

ആര്യയ്ക്കു പുറമേ പ്രകാശ് രാജ്, അര്‍ജുന്‍, ബിജുമേനോന്‍, മനോജ് കെ. ജയന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ചിത്രത്തിലുണ്ട്. മുഹമ്മദ് ഷെഫീക്കാണ് സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗത്തിന് തിരക്കഥയൊരുക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും ഈ ചിത്രം നിര്‍മ്മിക്കുന്നുണ്ട്.

മയക്കുമരുന്നു കച്ചവടക്കാരനായ അലക്‌സാണ്ടറിന്റെ കഥ പറയുന്ന ചിത്രമായിരുന്നു സാമ്രാജ്യം. സാമ്രാജ്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കോളിവുഡ് ചിത്രം ബാഷ, ഹിന്ദി ചിത്രം ഹം എന്നിവ നിര്‍മ്മിച്ചത്.

ബോക്‌സ്ഓഫീസില്‍ വന്‍വിജയം നേടിയ ‘സാമ്രാജ്യം’ കോഴിക്കോട് ഗീത തീയേറ്ററില്‍ തുടര്‍ച്ചയായി ഒരു വര്‍ഷമാണ് ഓടിയത്. മമ്മൂട്ടിയെക്കൂടാതെ മധു, ശ്രീവിദ്യ, സോണിയ, അശോകന്‍, ക്യാപ്റ്റന്‍ രാജു, വിജയരാഘവന്‍ സത്താര്‍, ജഗന്നാഥവര്‍മ്മ, പ്രതാപചന്ദ്രന്‍ തുടങ്ങിയവരായിരുന്നു പ്രമുഖ അഭിനേതാക്കള്‍.