Categories

കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി വിവാദമാവുന്നു

kejrival's-home

ന്യൂദല്‍ഹി: വില കൂടിയ വാഹനവും ചുവന്ന ലൈറ്റും വേണ്ടെന്ന് പറഞ്ഞ കെജ്‌രിവാള്‍ താമസത്തിനായി ആഡംബര ഫഌറ്റ് തിരഞ്ഞെടുത്തുവെന്ന് ആരോപണം.

ദല്‍ഹിയില്‍ സുപ്രീം കേടതിയുടെ അടുത്തായി ഭഗവാന്‍ദാസ് റോഡിലാണ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി.

9,000 ചതുരശ്ര അടിയില്‍ രണ്ട് വീടുകള്‍ ചേര്‍ന്നതാണ് ഇത്. ഒരു വീട് ഓഫീസായും മറ്റേത് വസതിയായും ഉപയോഗിക്കാനായാണ് സൗകര്യം ചെയ്തിരിക്കുന്നത്.

ആഡംബര ബംഗ്ലാവുകളെല്ലാം തിരസ്‌കരിച്ച നേതാവ് താമസത്തിനായി ഇരട്ട ബംഗ്ലാവ് തിരഞ്ഞെടുത്തുവെന്നാണ് കെജ്‌രിവാളിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

അതേ സമയം ആം ആദ്മി പാര്‍ട്ടിക്കും കെജ്‌രിവാളിനുമെതിരെ എന്തെങ്കിലും കാരണം ഉന്നയിക്കാന്‍ കാത്തിരുന്ന ബി.ജെ.പിയുടെ നുണപ്രചരണമാണ് ഇതെന്നും കെജ്‌രിവാളിന്റെ പുതിയ വീട് ബംഗ്ലാവിന് സമാനമായതല്ലെന്നുമുള്ള എതിര്‍ വാദവും ഉയര്‍ന്നിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി താമസിച്ചിരുന്ന ബംഗ്ലാവ് കെജ്‌രിവാള്‍ നേരത്തേ വേണ്ടെന്നു വച്ചിരുന്നു. എന്നാല്‍ പുതിയ വീടിന് അതിന്റെ ഇരട്ടി സൗകര്യമുണ്ടെന്നാണ് ആരോപണം.

താന്‍ നേരത്തേ നാലു മുറികളുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ഇപ്പോള്‍ അഞ്ചു മുറികളുള്ള വീട്ടിലേക്ക് താമസം മാറുന്നുവെന്ന് മാത്രം എന്നായിരുന്നു ആരോപണങ്ങള്‍ക്ക് കെജ്‌രിവാള്‍ നല്‍കിയ മറുപടി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണമെങ്കില്‍ വീട് പരിശോധിക്കാമെന്നും രാത്രി വൈകിയും ജോലി ചെയ്യുന്നതിന് വേണ്ടിയാണ് ഓഫീസും വീടും ഒരിടത്താക്കുന്നതെന്നും കെജ് രിവാള്‍ പറഞ്ഞു.

നിലവില്‍ കുടുംബത്തോടൊപ്പം ഗാസിയാബാദിലെ കൗശംബിയിലാണ് കെ്ജ് രിവാള്‍ താമസിക്കുന്നത്. പുതിയ വീട്ടിലേക്ക് എന്ന് താമസം മാറുമെന്നതിനെ കുറിച്ച് ഇതുവരെയും കെജ്‌രിവാള്‍ അറിയിച്ചിട്ടില്ല.

Tagged with: |