റോജ, ദേവരാഗം, ബോംബെ തുടങ്ങിയ ചിത്രങ്ങളിലൂടെ കോളിവുഡിലെയും മോളിവുഡിലെയും യുവതികളുടെ ഹീറോ ആയി മാറിയ അരവിന്ദ് സ്വാമി നീണ്ട ഇടവേളയ്ക്കുശേഷം തിരിച്ചുവരുന്നു. നായകവേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവ് വില്ലനായാണ്.

തിരു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ലവ് സ്റ്റോറിയിലൂടെയാണ് അരവിന്ദ് സ്വാമി തിരിച്ചെത്തുന്നത്. വിശാലും തൃഷയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറെക്കാലമായി സിനിമയില്‍ നിന്നകന്ന തന്റെ ബിസിനസ് കാര്യങ്ങളില്‍ മുഴുകി ജീവിക്കുകയായിരുന്ന അരവിന്ദ് സ്വാമിയെ ഈ പ്രോജക്ടിനുവേണ്ടി വിശാലും തിരുവും ചെന്നുകാണുകയായിരുന്നു. ആദ്യം നോ പറഞ്ഞ അരവിന്ദ് തിരക്കഥ വായിച്ചതോടെ തീരുമാനം മാറ്റി.

1991ല്‍ ദളപതി എന്ന മണിരത്‌നം ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് മണിരത്‌നത്തിന്റെ തന്നെ റോജ, ബോംബെ എന്നീ സിനിമകള്‍ സ്വാമിയെ ഇന്ത്യന്‍ സിനിമയിലെ പ്രണയനായകനാക്കി. പിന്നീട് മറുപടിയും, ഡാഡി, താലാട്ട്, പാശമലര്‍ഗള്‍, മൗനം, ഇന്ദിര, ദേവരാഗം, മിന്‍സാരക്കനവ്, സാത് രംഗ് കേ സപ്‌നേ, എന്‍ ശ്വാസക്കാറ്റേ, പുതയല്‍, അലൈപായുതേ, രാജാ കോ റാണി സേ പ്യാര്‍ ഹോ ഗയാ, ശാസനം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച അരവിന്ദ് സ്വാമി ഒടുവില്‍ സിനിമ ഉപേക്ഷിച്ച് ബിസിനസിലേക്ക് തിരിയുകയായിരുന്നു.

തിരു സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സംഗീതം യുവന്‍ ഷങ്കര്‍ രാജയാണ്. വിശാലും തൃഷയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്.