എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്തിന്റെ സത്യാവസ്ഥ പ്രസിദ്ധീകരിക്കാന്‍ ധൈര്യമുണ്ടോ?; മാധ്യമങ്ങളെ വെല്ലുവിളിച്ച് കെജ്‌രിവാള്‍
എഡിറ്റര്‍
Saturday 15th March 2014 5:55pm

aravind-kejrival

ബാംഗലൂര്‍: മോഡിയെ പ്രകീര്‍ത്തിക്കാന്‍ മാധ്യമങ്ങള്‍ വന്‍തുക പറ്റിയെന്ന വിവാദ പ്രസ്താവനയ്ക്ക് പുറമെ വീണ്ടും മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍.

ഗുജറാത്തിന്റെ സത്യാവസ്ഥ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്നാണ് കെജ്‌രിവാള്‍ ഇത്തവണ ചോദിച്ചിരിക്കുന്നത്.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ കറുത്ത വശം തുറന്നുകാണിക്കാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ വികസനം സംബന്ധിച്ച കൂടുതല്‍ സത്യങ്ങള്‍ പുറത്ത് വരാനുണ്ട്. വികസനകാര്യങ്ങളില്‍ മോഡി പറയുന്നത് അതേപടി ഏറ്റുപാടുകയാണ് മാധ്യമങ്ങള്‍.

ഗുജറാത്തില്‍ 60000 ചെറുകിട വ്യവസായങ്ങള്‍ പൂട്ടിയതും 800ഓളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതും മോഡിയുടെ ഭരണകാലത്താണ്.

പതിനൊന്ന് വര്‍ഷം ഭരിച്ചിട്ടും മോഡിയുടെ കീഴില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. അഴിമതി പുറത്തു കൊണ്ടുവരുന്നുവെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ ഗുജറാത്തിലെ കാര്യങ്ങളില്‍ മൗനം പാലിക്കുകയാണ്.

ഇതെല്ലാം ജനങ്ങളിലേക്കെത്തിക്കാന്‍ ഏത് മാധ്യമത്തിനാണ് ധൈര്യമുള്ളതെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബാംഗലൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement