Categories

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

aravind-kejrival

ന്യൂദല്‍ഹി:  ത്രികോണ മത്സരത്തിനൊരുങ്ങുന്ന ദല്‍ഹിയില്‍ പോരാട്ടത്തിനുറച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ നാമനിര്‍ദേശ പത്രിക നല്‍കി.

പതിവിന് വിപരീതമായി  ത്രികോണ മത്സരം നടക്കുന്ന ദല്‍ഹിയില്‍ തന്റെ നാലാം വിജയം പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നിലവിലെ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിതിനും ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിജേന്ദര്‍ ഗുപ്തക്കുമൊപ്പമാണ് കെജ്‌രിവാള്‍ ജനവിധി തേടുന്നത്.

അച്ഛനും അമ്മക്കും ഭാര്യക്കുമൊപ്പമാണ് നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കെജ്‌രിവാള്‍ ജാംനഗര്‍ ഹൗസിലെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലെത്തിയത്.

താന്‍ മത്സരിക്കുന്നത് സാധാരണക്കാരനെ പ്രതിനിധീകരിച്ച കൊണ്ടാണെന്ന് പത്രിക സമര്‍പ്പിച്ചതിന് ശേഷം കെജ്‌രിവാള്‍ പറഞ്ഞു.

ഷീല ദീക്ഷിത് നാമനിര്‍ദേശ പത്രിക നല്‍കുന്നതും കാത്തിരുന്നത് കൊണ്ടാണ് താന്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ ഇത്രയും വൈകിയതെന്നും താന്‍ മത്സരിക്കുന്നത് ഷീല ദീക്ഷിതിനോടാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കെജ്‌രിവാളിനും ഭാര്യക്കും കൂടി 2 കോടി രൂപയുടെ ആസ്തിയാണ് ഉള്ളതെന്നാണ് പത്രികയില്‍ കാണിച്ചിരിക്കുന്നത്. ഷീല ദീക്ഷിതിന്റേതുള്‍പ്പെടെ കെജ്‌രിവാളിനെതിരെ ഫയല്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങളും പത്രികയിലുണ്ട്.

പങ്കജ് ഗുപ്ത, സഞ്ജയ് സിങ്, ഗോപാല്‍ മോഹന്‍, ഋഷികേശ് തുടങ്ങിയ ആം ആദ്മി നേതാക്കളും നിരവധി അണികളും കെജ്‌രിവാളിനെ അനുഗമിച്ചിരുന്നു.