Administrator
Administrator
പരാജയത്തില്‍ നിന്ന് വിജയം നുകര്‍ന്ന പെണ്‍കുട്ടി
Administrator
Wednesday 20th July 2011 8:24pm

2003 ജൂണില്‍ സ്‌റ്റേറ്റ് സെക്കന്ററി സര്‍ട്ടിഫിക്കറ്റ് ലഭിച്ചപ്പോള്‍ ആരതി നായികിന് ശൂന്യതയാണ് അനുഭവപ്പെട്ടത്. പേടിച്ചതെന്താണോ അത് സംഭവിച്ചിരിക്കുന്നു. കണക്കിലും, സോഷ്യല്‍ സയന്‍സിലും ദയനീയ പരാജയം. പത്താക്ലാസും കഴിഞ്ഞ് പഠിപ്പ് നിര്‍ത്തി വീട്ടിലിരിക്കേണ്ടി വന്ന ഗ്രാമത്തിലെ നൂറുകണക്കിന് പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ താനും.

പെണ്ണല്ലേ അത്രയൊക്കെ പഠിച്ചാല്‍ മതി എന്ന് പറഞ്ഞ് ഇതിനു മുന്‍പ് തന്നെ പലവട്ടം പറഞ്ഞ ആരതിയുടെ അച്ഛന് തീരുമാനമെടുക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല. പഠനം നിര്‍ത്തി വീട്ടിലിരിപ്പായി. ഒഴിവ് സമയത്ത് വീട്ടില്‍ നിന്നും ചെണ്ടുകളും പേപ്പര്‍പൂക്കളും നിര്‍മ്മിച്ച് വില്‍ക്കും. അങ്ങനെ കുറച്ചുകാലം കഴിഞ്ഞു.

ഇതിനിടയില്‍ പൂക്കളും, കരകൗശല വസ്തുക്കളും വിറ്റ് കിട്ടുന്ന പണം ആരതി സ്വരുക്കൂട്ടിവെയ്ക്കുമായിരുന്നു. ദിവസം ഒമ്പത് രൂപ വരെ ഇതില്‍ നിന്നും കിട്ടിയിരുന്നു. ലോക്കല്‍ ബാങ്കില്‍ ഒരു സേവിംങ്‌സ് എക്കൗണ്ട് തുടങ്ങി ഈ പണം അതില്‍ നിക്ഷേപിച്ചു. ഒരിക്കല്‍ ഏക്കൗണ്ട് വിവരങ്ങള്‍ നോക്കിയപ്പോള്‍ അതില്‍ നാലായിരം രൂപയുണ്ട്. എന്ത് ചെയ്യും. വീണ്ടും പഠിച്ചാലോ, അങ്ങനെയാണ് തോറ്റവിഷയങ്ങള്‍ വീണ്ടും എഴുതുക എന്ന ആശയം ആരതിയുടെ മനസില്‍ വന്നത്. നിര്‍ബന്ധിച്ചപ്പോള്‍ അച്ഛനും സമ്മതിച്ചു.

അങ്ങനെ കണക്കും സോഷ്യലും വീണ്ടും എഴുതി. ഫലം വന്നു. കണക്കില്‍ 140ല്‍ 70. സോഷ്യല്‍സയന്‍സിനാവട്ടെ 140ല്‍ 110 ലഭിച്ചു. അച്ഛനെ നിര്‍ബന്ധിച്ച് തുടര്‍ പഠനത്തിന് അനുമതിയും വാങ്ങി.

ഇത് വെറുമൊരു വിജയമായിരുന്നില്ല. ഒരു തിരിച്ചറിവായിരുന്നു. എവിടെയാണ് തനിക്ക് പിഴച്ചത്? തനിക്ക് പഠിക്കാനറിയാമെന്ന് തെളിഞ്ഞു. പ്രശ്‌നമായത് പഠിപ്പിക്കാനാളില്ലാത്തതാണ്. താന്‍ സ്വയം അതിന് ഒരുങ്ങിയിറങ്ങിയതോടെ അതും സാധിച്ചു. എന്നാല്‍ താനനുഭവിച്ച ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേര്‍ ഈ ഗ്രാമത്തില്‍ ഇനിയുമുണ്ട്.

രണ്ടാമത് പരീക്ഷയെഴുതി വിജയിച്ചപ്പോള്‍ പഠനം വീണ്ടും തുടര്‍ന്നു. 12ാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ‘സാക്ഷി’യെന്ന ആശയം മനസില്‍ വന്നത്. ഗ്രാമത്തിലെ മറ്റുകുട്ടികളെയും പഠിപ്പിക്കണം. കഴിയുമെങ്കില്‍ സൗജന്യമായി തന്നെ.

വീടിന്റെ ചെറിയൊരു ഭാഗം ക്ലാസ് മുറിയാക്കി. ചുറ്റുവട്ടത്തുള്ള ആറ് വിടുകളില്‍ ചെന്ന് കുട്ടികളുടെ രക്ഷിതാക്കളെ കണ്ട് താന്‍ അവര്‍ക്ക് സൗജന്യമായി ക്ലാസ് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. വൈകുന്നേരങ്ങളില്‍ തങ്ങളുടെ കുട്ടികളെ അങ്ങോട്ടയക്കാമെന്ന് അവര്‍ സമ്മതിച്ചു. ആഴ്ചയില്‍ ആറ് ദിവസമാണ് ക്ലാസ് നടക്കുക.

സാക്ഷി തുടങ്ങാന്‍ പോകുമ്പോള്‍ പണമായിരുന്നു പ്രധാന പ്രശ്‌നം. 5000 രൂപ ഒരു സ്വകാര്യ സ്ഥാപനം സഹായമായി നല്‍കി. ഒരു മെഹന്ദി ക്ലാസ് തുടങ്ങാനാണ് അവര്‍ നിര്‍ദേശിച്ചത്. പക്ഷെ ആരതിക്കതിനോട് താല്‍പര്യമില്ലായിരുന്നു.

ക്ലാസുകള്‍ തുടങ്ങാനായി ആ പണം ഉപയോഗിച്ച് പുസ്തകങ്ങള്‍ വാങ്ങി. വീടിന്റെ മൂല പുതുതായി പെയിന്റടിച്ചു. പെയിന്റടിച്ച ഒരു ചുമരില്‍ അക്ഷരമാലകളും, അക്കങ്ങളും, പാട്ടുകളുമൊക്കെ എഴുതിയ ചാര്‍ട്ട് തൂക്കി. മുറിയുടെ ഒരു മൂലയില്‍ കുറച്ച് പുസ്തകങ്ങള്‍ അടക്കി വച്ചിട്ടുണ്ട്. പുതുതായി ഇംഗ്ലീഷ് പഠിക്കുന്ന കുട്ടികളെ സഹായിക്കുന്ന തരത്തിലുള്ളവയാണ് മിക്കതും.

കോളേജ് പഠനത്തിന്റെ ഭാഗമാണിതെന്നാണ് അച്ഛനോട് പറഞ്ഞത്. പിന്നീട് മാസങ്ങളെടുത്താണ് തന്റെ മനസിലുള്ള ആശയം അച്ഛനെ ബോധ്യപ്പെടുത്തിയത്.

2008ല്‍ സെപ്റ്റംബറിലാണ് സാക്ഷിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ആരതി തുടങ്ങിയ സാക്ഷി എന്ന സ്ഥാപനം മൂന്ന് വര്‍ഷം പിന്നിട്ടുകഴിഞ്ഞു. 28വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നുണ്ട്.

അടിസ്ഥാന ഇംഗ്ലീഷ് വിദ്യാഭ്യാസം, എഴുതാനും വായിക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് സാക്ഷി ചെയ്യുന്നത്. ആരതിയവര്‍ക്ക് ഇംഗ്ലീഷ് ക്ലാസുകള്‍ എടുത്തു. ഒരു വര്‍ഷത്തിനുശേഷം തന്റെ വിദ്യാര്‍ത്ഥികള്‍ എന്ത് പഠിച്ചു എന്ന് ആളുകളെ ബോധ്യപ്പെടുത്തുന്നതിനായി ഒരു പരിപാടിയും സംഘടിപ്പിച്ചു. അന്ന് വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി വന്ന് എല്ലാവരടേയും മുന്നില്‍ വച്ച് ഇംഗ്ലീഷില്‍ സംസാരിച്ചു. ചിലര്‍ അവരുടെ കുടുംബത്തെക്കുറിച്ച് പറഞ്ഞു, ഒരാള്‍ ്അംബേദ്കറിനെക്കുറിച്ച് പറഞ്ഞു.

ആരതിയുടെ അച്ഛന് കാന്‍വാസുകള്‍ നിര്‍മ്മിക്കുന്ന യന്ത്രമുണ്ടാക്കലാണ് ജോലി. 15 അടി നീളവും നീളവും വീതിയും ഉള്ള ഒരു വീട്. അത് മൂന്നാല് ഭാഗമായി തിരിച്ചിരിക്കുന്നു. കിച്ചനും, കുളിമുറിയും ടോയ്‌ലറ്റുമെല്ലാം ഈ ചുറ്റളവിനുള്ളില്‍ വരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ വാങ്ങിയിട്ട ഒരു സ്‌റ്റോറില്‍ നിന്ന് ലഭിക്കുന്ന വാടകയില്‍ നിന്നാണ് ഈ കുടുംബം കഴിഞ്ഞുപോകുന്നത്.

പത്താംക്ലാസ് തോറ്റപ്പോള്‍ അച്ഛന്‍ ദത്താത്രേയ നായിക് ആരതിയോട് പറഞ്ഞത് ഇതാണ്. നീ പഠിച്ചിട്ടിനി എന്താണ് കാര്യം? ആരെങ്കിലും വന്നാല്‍ കല്ല്യാണം കഴിപ്പിച്ചയക്കാനുള്ളതല്ലേ? എന്നാല്‍ ഇന്ന് അദ്ദേഹം തന്റെ മകളെയോര്‍ത്ത് അഭിമാനിക്കുകയാണ്. തനിക്കിത് ചെയ്യാനായില്ലല്ലോ എന്ന കുറ്റബോധമാണ് ദത്താത്രേയുടെ മനസില്‍.

Advertisement