ന്യൂദല്‍ഹി: ആറന്മുള വിമാനത്താവളത്തിനായി നെല്‍വയല്‍ നികത്താന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി.

സംസ്ഥാന പരിസ്ഥിതിവകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നെല്‍വയല്‍ ഉള്‍പ്പെടെയുള്ള അഞ്ഞൂറ് ഏക്കറോളം ഭൂമി നികത്താന്‍ അനുമതി നല്‍കിയത്.

Ads By Google

നെല്‍വയല്‍ നികത്തുന്നതിന് ഉപാധികളും വനംപരിസ്ഥിതി മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്.

നേരത്തെ നെല്‍വയല്‍ നികത്തുന്നതിന് അനുമതി തേടി പദ്ധതിയുടെ നടത്തിപ്പുകാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനെ സമീപിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി പദ്ധതി പ്രദേശത്തെ നെല്‍വയലുകളില്‍ കൃഷി നടന്നിട്ടില്ലെന്നായിരുന്നു പദ്ധതി നടത്തിപ്പുകാരുടെ വാദം.

റണ്‍വേയ്ക്കും ചരക്ക് കയറ്റുന്ന സ്ഥലത്തിനും ടാക്‌സി പാതയ്ക്കും മാത്രമേ ഭൂമി നികത്താവൂ, അവശേഷിക്കുന്ന ഭൂമിയില്‍ തല്‍സ്ഥിതി തുടരണം, പ്രദേശത്തെ അരുവികള്‍ സംരക്ഷിക്കണം എന്നിവയാണ് ഉപാധികള്‍.

അതേസമയം നെല്‍വയല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുത്തതിനെ തുടര്‍ന്ന് പരിസ്ഥിതി മന്ത്രാലയം സംസ്ഥാന പരിസ്ഥിതി വകുപ്പിനോട് വിശദീകരണം തേടി.

പദ്ധതി പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നായിരുന്നു സംസ്ഥാന പരിസ്ഥി വകുപ്പിന്റെ വിശദീകരണം. അതിനാല്‍ നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കാമെന്നും പരിസ്ഥിതി വകുപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് നെല്‍വയല്‍ നികത്താന്‍ വനംപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്.