എഡിറ്റര്‍
എഡിറ്റര്‍
ആറന്മുളയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി ഉത്തരവ് മറികടന്ന്
എഡിറ്റര്‍
Friday 22nd November 2013 11:15am

aranmula-airport

കൊച്ചി: ആറന്മുളയിലെ നിര്‍മാണപ്രവര്‍ത്തനം ഹൈക്കോടതി ഉത്തരവ് മറികടന്നാണെന്ന് വെളിപ്പെടുത്തല്‍. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കെ.ജി.എസ് ഗ്രൂപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനൊരുങ്ങുന്നത്.

ആറന്മുള പദ്ധതിക്ക് നിയമതടസ്സമില്ലെന്ന കെ.ജി.എസ് ഗ്രൂപ്പിന്റെ വാദം തെറ്റാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കെ.ജി.എസ് ഗ്രൂപ്പിന്റെ കൈയ്യിലുള്ള 120 ഏക്കറില്‍ 30 ഏക്കര്‍ റബ്ബര്‍ തോട്ടവും 90 ഏക്കര്‍ പാടവുമാണ്.

ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ആവശ്യപ്പെട്ട് കമ്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ 30 ഏക്കറില്‍ മാത്രമാണ് കോടതി നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത്.

പാടത്ത് നിര്‍മാണ പ്രവര്‍ത്തനം പാടില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

വിമാനത്താവളത്തിന്റെ കാര്യം കോടതിയില്‍ നിന്ന് മറച്ചുവെച്ചാണ് കമ്പനി നിര്‍മാണപ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത്. എറനോട്ടിക്കല്‍ കോളേജിനാണ് കോടതി നിര്‍മാണാനുമതി നല്‍കിയത്.

കൂടാതെ ഇതേ 120 ഏക്കറുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ടോ മൂന്നോ കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്.

2,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 420 കോടി രൂപ ഇതുവരെ മുതല്‍ മുടക്കിയെന്നും പദ്ധതിക്കെതിരെ ഒരു കേസ് പോലും നിലവിലില്ലെന്നും കമ്പനി വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പദ്ധതിക്കായി ഏഴ് വീടുകള്‍ മാത്രമാണ് ഒഴിപ്പിക്കേണ്ടി വരുന്നതെന്നും കെ.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജിജി ജോര്‍ജ് പറഞ്ഞിരുന്നു.

പദ്ധതിക്കാവശ്യമായ 700 ഏക്കറില്‍ 500 ഏക്കറും ഏറ്റെടുത്തിട്ടുണ്ട്. കേരളസര്‍ക്കാര്‍ 55 ഏക്കര്‍ നല്‍കി. പദ്ധതിയില്‍ കേരളസര്‍ക്കാറിന് 10 ശതമാനം പങ്കാളിത്തമുണ്ട്.

Advertisement