എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള പദ്ധതി നടപ്പിലാക്കുവാന്‍ അനുവദിക്കില്ല; എ.ഐ.വൈ.എഫ്
എഡിറ്റര്‍
Wednesday 20th November 2013 10:36am

aranmula-airport

തിരുവനന്തപുരം: കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയത് പ്രതിഷേധാര്‍ഹമാണെന്ന് എ ഐ വൈ എഫ് പറഞ്ഞു.

ഏക്കറുകണക്കിന് നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തി വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ആറന്മുളയില്‍ വിമാനത്താവള പദ്ധതി നടപ്പിലാക്കുവാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത് അനുവദിക്കുകയില്ലെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദും സെക്രട്ടറി കെ രാജനും പ്രസ്താവിച്ചു.

ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കി വിമാനത്താവള പദ്ധതി നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ഉന്നതരായ കേരളത്തിലെ കേന്ദ്ര മന്ത്രിമാരുടെ ഗൂഢാലോചനയുണ്ടെന്ന് എ ഐ വൈ എഫ് കുറ്റപ്പെടുത്തി.

ആറന്മുള വിമാനത്താവള പദ്ധതി പിന്‍വലിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധസമരങ്ങള്‍ സംസ്ഥാനവ്യാപകമായി നടത്തുവാന്‍ എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

അതേസമയം ആറന്മുള വിമാനത്താവള പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കൂട്ടായ്മ സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കാലടി ജയചന്ദ്രന്‍ അധ്യക്ഷനായി.

സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. പി രാമചന്ദ്രന്‍ നായര്‍, സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അരുണ്‍ കെ എസ്, പരിസ്ഥിതി പ്രവര്‍ത്തകനും

സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവുമായ ആര്‍ അജയന്‍, ജോയിന്റ് കൗണ്‍സില്‍ നേതാവ് കല്ലിംഗല്‍ ജയചന്ദ്രന്‍, ആറന്മുള വിമാനത്താവള പൈതൃക സമിതി കണ്‍വീനര്‍ ഗോപാല്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് രമേഷ് കുമാര്‍,

വിളപ്പില്‍ശാല സമരസമിതി കണ്‍വീനര്‍ സി എസ് അനില്‍കുമാര്‍, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ആദര്‍ശ് കൃഷ്ണ, ജയചന്ദ്രന്‍ കടമ്പനാട്, തണല്‍ സാംസ്‌ക്കാരിക സംഘടന പ്രസിഡന്റ് ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement