എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള: വിമാനത്താവളനിര്‍മാണത്തിനല്ലാതെ ഭൂമി നികത്താന്‍ സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Thursday 21st November 2013 6:46am

minister-umman-chandy

തിരുവനന്തപുരം: ആറന്മുളയില്‍ വിമാനത്താവളത്തിന്റെയും റണ്‍വേയുടെയും നിര്‍മാണത്തിനല്ലാതെ ഒരിഞ്ച് ഭൂമി പോലും നികത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കഴിഞ്ഞ സര്‍ക്കാര്‍ വിജ്ഞാപനം വഴി രണ്ടായിരത്തിലധികം ഏക്കര്‍ വിമാനത്താവളത്തിനായി വിട്ട് നല്‍കിയിട്ടും പ്രതികരിക്കാത്തവരാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ അനുമതികളും കഴിഞ്ഞ സര്‍ക്കാരാണ് നല്‍കിയത്. തീരുമാനം നടപ്പിലാക്കിയതിന് ശേഷം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ കലക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ആറന്മുളയിലെ ജനപ്രതിനിധികളുമായി താന്‍ ചര്‍ച്ച നടത്തി.

വിമാനത്താവളത്തിന് ആവശ്യമുള്ളതിന്റെ നാലിരട്ടി സ്ഥലമാണ് കഴിഞ്ഞ സര്‍ക്കാര്‍ വിജ്ഞാപനം വഴി അനുവദിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ അത് തിരിച്ചെടുത്തു. യു.ഡി.എഫ് സര്‍ക്കാര്‍ അവിടെ ഒരിഞ്ച് ഭൂമി പോലും ഏറ്റെടുത്തിട്ടില്ല. ഏറ്റെടുക്കുകയുമില്ല. ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരം മുറിയ്ക്കുന്ന പ്രശ്‌നമില്ല. അദ്ദേഹം പറഞ്ഞു.

ആറന്മുളയില്‍ നികത്താനുള്ള ഭൂമിയെല്ലാം നികത്തിക്കഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ ഫയല്‍ ഉണ്ട്. ഇപ്പോള്‍ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ തന്നെ എതിര്‍ക്കുന്നു. വിമാനത്താവളം വേണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമില്ല. ജനങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ വരും. വിമാനത്താവളം വേണ്ടെന്ന് ആവശ്യപ്പെട്ട് ആറന്മുളയിലെ ജനങ്ങള്‍ സമീപിച്ചാല്‍ നടപടി സ്വീകരിക്കാം.

നെടുമ്പാശേരി വിമാനത്താവളം വന്നപ്പോഴും ഇതുപോലെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. തന്റെ ശവത്തിലേ വിമാനമിറക്കാന്‍ അനുവദിക്കൂ എന്ന് പറഞ്ഞയാളിനെ പിന്നീട് കാണുന്നത് വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലാണ്. വിമാനത്താവളത്തിന് നല്‍കിയ സര്‍ക്കാര്‍ ഭൂമിയുടെ വില ജനപ്രതിനിധികളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളത്തിന് സര്‍ക്കാര്‍ നല്‍കുന്ന റവന്യൂ ഭൂമിയ്ക്ക് പകരം സമീപപ്രദേശത്ത് കമ്പനി പകരം സ്ഥലം വാങ്ങി നല്‍കുമെന്ന് മന്ത്രി കെ. ബാഹു പറഞ്ഞു.

Advertisement