എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള വിമാനത്താവളം : അടിയന്തരപ്രമേയത്തിന് അനുമതിയില്ല ; പ്രതിപക്ഷം സഭവിട്ടു
എഡിറ്റര്‍
Thursday 14th February 2013 12:52pm

തിരുവനന്തപുരം: ആറന്മുള വിമാനത്താവളം പദ്ധതി ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തിരപ്രമേയത്തിന് അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങി പോയി.

Ads By Google

ആറന്മുള വിമാനത്താവളത്തിന് സര്‍ക്കാര്‍ വഴിവിട്ടരീതിയില്‍ സഹായം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ എം.എല്‍.എ
മുല്ലക്കര രത്‌നാകരന്‍ അടിയന്തരപ്രമേയത്തിന് കത്തു നല്‍കിയെങ്കിലും  ഇടതു സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്നും അതിനാല്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും റവന്യൂ മന്ത്രി അടൂര്‍പ്രകാശ് മറുപടി നല്‍കുകയായിരുന്നു.

ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭവിട്ടിറങ്ങി. ആറന്മുള വിമാനത്താവളം പദ്ധതി തടയാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന്  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും,എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാനാവശ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

വികസനത്തിന് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ആറന്മുള വിമാനത്താവളം പ്രാവര്‍ത്തികമാക്കുമെന്നും അടൂര്‍പ്രകാശ് നിയമസഭയില്‍ പറഞ്ഞു.

എന്നാല്‍ ഇടത് സര്‍ക്കാരിന്റെ കാലത്തെ മന്ത്രിസഭയുടെ തീരുമാനത്തില്‍ എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മാപ്പു പറയാന്‍ തയ്യാറാണെന്നും ഈ പദ്ധതി സൃഷ്ടിക്കുന്ന കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളും, പ്രത്യാഘാതങ്ങളും നിയമസഭ പരിഗണിക്കണമെന്നും പദ്ധതി നടത്തിപ്പ് സുതാര്യമല്ലെന്നും മുല്ലക്കര രത്‌നാകരന്‍ അഭിപ്രായപ്പെട്ടു.

ലാന്‍ഡ് റവന്യു റെക്കോര്‍ഡ്‌സ് പ്രകാരം ആറന്മുളയില്‍ കെ.ജി.എസ് ഗ്രൂപ്പ് ഏറ്റെടുത്ത് 320 ഏക്കറില്‍ ഏറെയും കൃഷിഭൂമിയാണ്. തണ്ണീര്‍തടങ്ങളും വയലുകളും നികത്തി തികച്ചും അശാസ്ത്രീയവും പ്രകൃതിയെ നശിപ്പിക്കുന്നതുമായ പദ്ധതിയാണ് ആറന്മുള.

പദ്ധതിയില്‍ സര്‍ക്കാര്‍ ഓഹരിയെടുക്കുന്നതോടെ കെ.ജി.എസിന്റെ ചട്ടലംഘനങ്ങള്‍ നിയമവിധേയമാകുമെന്നും പ്രമേയത്തില്‍ പറയുന്നു.

പ്രമേയത്തിന് അംഗീകാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപോയി.

Advertisement