എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍, ആറന്മുള വിമാനത്താവളങ്ങള്‍ക്ക് തത്വത്തില്‍ അനുമതി
എഡിറ്റര്‍
Friday 22nd February 2013 12:00am

ന്യൂദല്‍ഹി: കണ്ണൂര്‍, ആറന്‍മുള വിമാനത്താവളങ്ങള്‍ക്ക് തത്വത്തില്‍  അനുമതി നല്‍കിയതായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഇരു സഭകളെയും അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ നയപ്രഖ്യപാന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Ads By Google

രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് ഇടത് എം.പിമാര്‍ പാര്‍ലമെന്റ് നടപടികളില്‍നിന്ന് വിട്ടുനിന്നു. പഴയ പ്രസംഗം പൊടിതട്ടിയെടുത്തതല്ലാതെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കൊന്നുമുള്ള പരിഹാരനിര്‍ദേശം നയപ്രഖ്യാപന പ്രസംഗത്തിലില്ലെന്നു ബി.ജെ.പിയും ഇടതു പാര്‍ട്ടികളും കുറ്റപ്പെടുത്തി.

രാജ്യം  വിലക്കയറ്റം  നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ ബില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി പറഞ്ഞു.  ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ട വര്‍ഷമാണ് കടന്നുപോയത്. ആഗോളതലത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായി.

കനത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നാണയ പെരുപ്പം വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നെന്നും പ്രണാബ് പറഞ്ഞു.

രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്കയുള്ളതായി  രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെ സുരക്ഷ നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ഓഡിനന്‍സ് പാസാക്കിയിട്ടുണ്ട്. സമൂഹത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍  നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

ബഹുബ്രാന്‍ഡ് , ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിക്ഷേപകരുടെ വിശ്വാസം മെച്ചപ്പെടുത്താന്‍ നടപടിയെടുത്തിട്ടുണ്ട്.

കൂടംങ്കുളം ആണവനിലയത്തിലെ രണ്ട് റിയാക്ടറുകള്‍ ഈ വര്‍ഷം തന്നെ കമ്മീഷന്‍ ചെയ്യും. സംസ്ഥാന സര്‍ക്കാറുകളുമായി ബന്ധപ്പെട്ട് റോഡ് വികസനത്തിനു വേണ്ട സഹായം നല്‍കും. നഗരസഭകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി 1000 കോടി രൂപയുടെ പ്രത്യകേ ഫണ്ട് അനുവദിക്കും

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കും. ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് കൊണ്ടുവന്ന നിയമം കര്‍ശനമായി നടപ്പിലാക്കുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

80 വയസു കഴിഞ്ഞവര്‍ക്ക് വേണ്ടി ക്ഷേമപദ്ധതികള്‍ കൊണ്ടുവരും. 10 ലക്ഷം കൈത്തറി തൊഴിലാളികള്‍ക്ക് കുറഞ്ഞ പലിശാ നിരക്കില്‍ വായ്പ അനുവദിക്കും. 13,0000 പോസ്റ്റ് ഓഫീകുകള്‍ക്ക് കംമ്പ്യൂട്ടര്‍ നല്‍കും.

രാജീവ് ഗാന്ധി യോജന പദ്ധതി ഗ്രാമ പ്രദേശങ്ങളും ചെറിയ നഗരങ്ങളിലുമുള്‍പ്പെടെ 10 ലക്ഷം വീടുകളാക്കി വര്‍ധിപ്പിക്കും. വൈദ്യുതി എത്തിയിട്ടില്ലാത്ത ഒരു ലക്ഷത്തോളം വീടുകള്‍ വൈദ്യുതീകരിക്കും.

കുടിവെള്ള ക്ഷാമം രൂക്ഷമായ സംസ്ഥാനങ്ങള്‍ക്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ നാഷനല്‍ റൂറല്‍ ഡ്രിങ്കിങ് വാട്ടര്‍ ഫണ്ടിന്റെ അഞ്ചു ശതമാനം നല്‍കും. ലോക  ബാങ്ക് സഹായത്തോടെ 5000 കോടി രൂപയുടെ ജലസേചന പദ്ധതി ആവിഷ്‌കരിക്കും.

17 കല്‍ക്കരി പാടങ്ങള്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് അനുവദിച്ചതുമായി മുന്നോട്ടു പോകും. പാചക വാതക ഇന്ധനങ്ങളുടെ  ഇറക്കുമതി കുറക്കുന്നതിനായി ശ്രമിക്കും. തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.

Advertisement