മിന: ഇതാ.. ഞങ്ങള്‍ നിന്റെ വിളിക്കുത്തരം നല്‍കിയിരിക്കുന്നു… എല്ലാ ആനുഗ്രഹങ്ങളുടെയും സ്തുതികളുടെയും ഉടമസ്ഥന്‍ നീയാണ്. നിനക്ക് പങ്കാളികളില്ല.. ഈ അര്‍ഥം വരുന്ന മുദ്രാവാക്യങ്ങളുമായി ജന ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍സംഗമിക്കും. രാജ്യ, ഭാഷ, അതിര്‍ത്തികള്‍ ഭേദിച്ചെത്തിയ ശുഭ്രവസ്ത്രധാരികളെക്കൊണ്ട അറഫ നിറയും. ഹജ്ജ് എന്നാല്‍ അറഫയാണെന്നാണ് പ്രവാചകന്‍ പറഞ്ഞത്. അതിനാല്‍ അറഫാ സംഗമത്തിന് പ്രത്യേക പ്രാധാന്യമാണ് ഹാജിമാര്‍ നല്‍കുന്നത്.

ഹജ്ജ് തീര്‍ഥാടന ചരിത്രത്തില്‍ ആദ്യമായി മിനായില്‍നിന്ന് ഒരു വിഭാഗം ഹാജിമാര്‍ ‘മശായിര്‍’ട്രെയിന്‍ വഴിയാണ് അറഫയിലെത്തുന്നത്. പ്രവാചകന്മാരുടെ പ്രയാണ ഭൂമിയായ അറഫാ മൈതാനിയില്‍ തീര്‍ഥാടകര്‍ ഇന്ന് വൈകീട്ട് വരെ സംഗമിക്കും.

സൗദി ഗ്രാന്റ് മുഫ്തി വിശ്വാസി ലക്ഷങ്ങളെ അഭിസംബോധന ചെയ്യുന്നത് ലോകമീഡിയ തല്‍സമയം സംപ്രേഷണം ചെയ്യും. പ്രവാചകന്റെ കാലടിപ്പാടുകള്‍ പതിഞ്ഞ കാരുണ്യത്തിന്റെ മലയായ ‘ജബലുറഹ്മ’യെ സാക്ഷി നിറുത്തി ഹാജിമാര്‍ ആശയും പ്രതീക്ഷയും സങ്കടങ്ങളും നാഥനോട് പറയും. ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ഒന്നിച്ചും (ജംആക്കി ) ഈരണ്ട് ‘റകഅത്തായി’ ചുരുക്കിയുമാണ് നിസ്‌കരിക്കുക. സൂര്യാസ്തമയത്തിന് ശേഷം മുസ്ദലിഫയിലേക്ക് യാത്രയാവും. അവിടെയെത്തിയാണ് മഗ്‌രിബ്, ഇശാഅ് നമസ്‌കാരങ്ങള്‍ ഇശാഇന്റെ സമയത്ത് നിര്‍വഹിക്കുക.