റീമേക്ക് ട്രെന്റ് സിനിമയില്‍ പുത്തരിയൊന്നുമല്ലാതായി. പഴയ ചിത്രങ്ങളുടെ രണ്ടാം ഭാഗവും, പഴയവ പുതുക്കി പണിതും റീമേക്ക് തരംഗം തുടരുകയാണ്. സംവിധായകന്‍ പ്രിയദര്‍ശനും റീമേക്കുമായി രംഗത്തെത്തുകയാണ്. എന്നാല്‍ പ്രിയന്‍ ഇത്തവണ പതിവ് തെറ്റിക്കുകയാണ്. റിലീസായ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് സാധാരണയായി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാറുള്ളത്. എന്നാല്‍ ‘ അറബിയും ഒട്ടകവും പി മാധവന്‍ നായരും’ റിലീസിന് മുമ്പേ റീമേക്ക് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

മലയാളത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ നായകനാകും. മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന മാധവന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് അജയ് അവതരിപ്പിക്കുന്നത്. ചിത്രം റീമേക്ക് ചെയ്യാന്‍ പ്രിയനെ നിര്‍ബന്ധിച്ചത് അജയ് ദേവ്ഗണാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തമിഴ് ചിത്രമായ ‘സിങ്കം’ ഹിന്ദിയില്‍ റീമേക്ക് ചെയ്ത് മെഗാഹിറ്റായതോടെ തെന്നിന്ത്യയില്‍ നിന്നുള്ള സിനിമകള്‍ കൂടുതലായി റീമേക്ക് ചെയ്യാനുള്ള തീരുമാനത്തിലാണ് ദേവ്ഗണ്‍. പ്രിയന്റെ അടുത്ത സുഹൃത്തുകൂടിയായ നടനെ ചിത്രത്തിന്റെ തിരക്കഥ ഏറെ ആകര്‍ഷിച്ചു എന്നാണ് കേള്‍ക്കുന്നത്. തേസ്, ആക്രോശ് എന്നിവയാണ് അജയ് ദേവ്ഗണ്‍ അഭിനയിച്ച പ്രിയദര്‍ശന്‍ ചിത്രങ്ങള്‍.

അതേസമയം, ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ ചിത്രീകരണം അന്തിമഘട്ടത്തിലാണ്. മോഹന്‍ലാലിനു പുറമേ ഒട്ടകമായി മുകേഷും അറബിയായി ശക്തി കപൂറും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിച്ച പ്രിയദര്‍ശന്‍ നിര്‍മ്മാതാക്കളിലൊരാള്‍ കൂടിയാണ്. അശോക് കുമാര്‍, നവി ശശിധരന്‍, അബുദാബിയിലെ രാജകുടുംബാംഗമായ ജമാല്‍ അല്‍ മു അയ്‌നി എന്നിവരാണ് മറ്റ് നിര്‍മ്മാതാക്കള്‍.

പൂര്‍ണമായും അബുദാബിയില്‍ ചിത്രീകരിച്ച ഈ ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും. ഭാവന, ലക്ഷ്മി റായി എന്നിവരാണ് നായികമാര്‍. സെവന്‍ ആര്‍ട്‌സ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എം ജി ശ്രീകുമാറാണ്. അഴകപ്പന്‍ ക്യാമറയും സാബു സിറിള്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു.