ട്രിപ്പോളി: പ്രതിഷേധപ്രകടനം തുടരുന്ന ലിബിയയില്‍ വ്യോമ ഉപരോധം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തോട് അറബ് ലീഗ് അനുകൂല നിലപാടെടുത്തതായി റിപ്പോര്‍ട്ട്. കെയ്‌റോയില്‍ ചേര്‍ന്ന ലീഗിന്റെ നിര്‍ണായക യോഗത്തിലാണ് സിറിയ, അള്‍ജീരിയ എന്നീ രാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറികടന്ന് ഇത്തരമൊരു തീരുമാനമെടുത്തിട്ടുള്ളത്.

ലിബിയയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും യു.എന്‍ ഇടപെടല്‍ അത്യാവശ്യമാണെന്നും അറബ് ലീഗ് അഭിപ്രായപ്പെട്ടു. ജനാധിപത്യ പ്രക്ഷോഭങ്ങള്‍ അവസാനിക്കുന്നതു വരെ രാജ്യത്ത് വ്യോമ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു.എന്‍ .സുരക്ഷാസമിതിയോട് നിര്‍ദേശിക്കാനാണ് അറബ് ലീഗ് തീരുമാനിച്ചത്.

ബ്രിട്ടനും ഫ്രാന്‍സുമായിരുന്നു ഉപരോധമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതിന് നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ പിന്തുണ ലഭിച്ചിരുന്നില്ല. അതിനിടെ അറബ് ലീഗിന്റെ നിര്‍ദേശത്തെ അമേരിക്ക പിന്തുണച്ചു. ഗദ്ദാഫി ഭരണകൂടത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നടപടി ഇടയാക്കുമെന്ന് അമേരിക്ക നിരീക്ഷിച്ചു.

അതിനിടെ ലിബിയയില്‍ ഗദ്ദാഫിയുടെ സൈന്യം സുപ്രധാന മേഖലകളുടെയെല്ലാം നിയന്ത്രണം ഏറ്റെടുത്തുതയാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാരെ ഉജന നഗരത്തിലേക്ക് തുരത്താന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്.