ന്യൂദല്‍ഹി: വിലകൂട്ടിയതില്‍ പ്രതിഷേധിച്ച് അപ്പോളോ ടയറുകളെ ബഹിഷ്‌ക്കരിക്കുമെന്ന് വാഹന ഉടമകളുടെ സംഘടന. വാഹന ഉടമകളുടെ അഖിലേന്ത്യാ സമിതിയായ എ.ഐ.എം.ടി.സിയാണ് തീരുമാനം അറിയിച്ചത്.

ജൂണ്‍ 2 മുതലായിരിക്കും ടയറുകള്‍ ഉപേക്ഷിക്കുകയെന്ന് സംഘടന പറഞ്ഞു. 680 വാഹന സംഘടനകളെയും ഏഴ് ദശലക്ഷം ട്രക്കുകളെയും എ.ഐ.എം.ടി.സി പ്രതിനിധീകരിക്കുന്നുണ്ട്.

അടുത്തകാലത്തായി ടയര്‍ വില 52 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 10 ദിവസത്തിനുള്ളില്‍ വിലവര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ ടയര്‍ ഉപേക്ഷിക്കുമെന്നും സംഘടന വ്യക്തമാക്കി.

ടയര്‍ ഉപേക്ഷിക്കുക മാത്രമല്ല കമ്പനിയിലേക്കുള്ള ചരക്ക് ഗതാഗതം നിര്‍ത്തിവെക്കുമെന്നും സംഘടന പറഞ്ഞു. കമ്പനിയുടെ മൂന്ന് പ്ലാന്റിലേക്കുള്ള ഗതാഗതമായിരിക്കും നിര്‍ത്തിവെയ്ക്കുക.