എഡിറ്റര്‍
എഡിറ്റര്‍
സച്ചിനെ സമാധാനത്തിന്റെ അംബാസഡറായി നിയമിക്കണം: റഷീദ് ലത്തീഫ്
എഡിറ്റര്‍
Friday 15th November 2013 12:31pm

Rashid-Lathiff

കറാച്ചി: ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം മെച്ചപ്പെടുത്താനായി സച്ചിന്‍ ടെണ്ടുല്‍ക്കറിനെ സമാധാനദൂതനായി നിയമിക്കണമെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ റഷീദ് ലത്തീഫ്.

‘ഇന്ത്യയില്‍ മാത്രമല്ല പാക്കിസ്ഥാനിലും ക്രിക്കറ്റ് എന്നാല്‍ സച്ചിന്‍ തന്നെയാണ്. ഞങ്ങളുടെ രാജ്യത്തിലും അദ്ദേഹം ഏറെ ബഹുമാനിക്കപ്പെടുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയിലുള്ള അവിശ്വാസങ്ങളും തെറ്റിദ്ധാരണയും ഒഴിവാക്കുന്നതില്‍ അദ്ദേഹത്തിന് വളരെ വലിയ പങ്ക് വഹിക്കാന്‍ സാധിക്കും.’ ലത്തീഫ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ മുന്‍നിര താരങ്ങള്‍ക്ക് വഹിക്കാന്‍ പറ്റുന്ന പങ്കിനെക്കുറിച്ച് ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് അധികൃതര്‍ ബോധവാന്മാരല്ല, അദ്ദേഹം പറഞ്ഞു.

വിഭജനസമയത്ത് പാക്കിസ്ഥാനിലേയ്ക്ക് കുടിയേറിയതാണ് ലത്തീഫിന്റെ കുടുംബം.

‘സച്ചിനെ പോലെ ഒരാള്‍ സമാധാനദൗത്യം ഏറ്റെടുത്ത് പാക്കിസ്ഥാനിലേയ്ക്ക് വരുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരങ്ങളെ  സമാധാനപ്രവര്‍ത്തനങ്ങളിലും പങ്കാളികളാക്കണം.

‘സച്ചിനെ പോലെ ഒരാള്‍ പാക്കിസ്ഥാനിലേയ്ക്ക് വരുന്നതും സമാധാന ചര്‍ച്ചകള്‍ നടത്തുന്നതും ആലോചിച്ച് നോക്കൂ. തികച്ചും പോസിറ്റീവ് എനര്‍ജി പങ്കു വെയ്ക്കാന്‍ അതിന് കഴിയും.’ ലത്തീഫ് പ്രതീക്ഷ പ്രകടിപ്പിച്ചു.

പതിനാറാം വയസ്സില്‍ കറാച്ചിയിലാണ് സച്ചിന്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്.

സച്ചിനെതിരെ കളിച്ചപ്പോഴും അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോഴും വളരെ വിനയാന്വിതനാണ് അദ്ദേഹമെന്ന് മനസ്സിലാക്കിയിട്ടുണ്ട്.

‘ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ക്രിക്കറ്റ് എന്നും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2004-ല്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സീരീസിനെ തുടര്‍ന്നുണ്ടായ സൗഹൃദം ആര്‍ക്കാണ് മറക്കാന്‍ കഴിയുക?’ അദ്ദേഹം ചോദിച്ചു.

Advertisement