വയനാട്:വയനാട്ടിലെ പി.എസ്.സി നിയമനത്തില്‍ കുഴപ്പങ്ങള്‍ സംഭവിച്ചെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ കെ.ആര്‍ മുരളീധരന്‍. ഇതുസംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു.

വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയല്ല നിയമനം നടന്നതെന്നും നിയമനങ്ങളുടെ ഫയലുകള്‍ കളക്ടറുടെ പരിഗണനയ്ക്ക് എത്തിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനത്തിന്റെ ഫയലുകള്‍ പൂര്‍ണമായും കണ്ടെത്താനായിട്ടി്‌ല്ലെന്നും അദ്ദേഹം പറഞ്ഞു.

കുറ്റക്കാരാന്ന് ബോധ്യപ്പെട്ടവര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്യും. തട്ടിപ്പില്‍ മാഫിയ ഇടപെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ മുരളീധരന്‍ കലക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

അതിനിടെ വ്യാജരേഖ ഉപയോഗിച്ച് നിയമനം നേടിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജില്ലാഭരണകൂടത്തിലെ ഉന്നതര്‍ അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ലെന്നും ജോയിന്റ് കൗണ്‍സില്‍ ആരോപിച്ചു.

വ്യാജരേഖ ഉപയോഗിച്ച് നിയമനം നേടിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കേണ്ടതുണ്ട്. എഡി എമ്മും ജില്ലാ കലക്ടറും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ല. പത്ത് വര്‍ഷത്തിനുള്ളില്‍ നടന്ന എല്ലാ നിയമനങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

അതിനിടെ നിയമനതട്ടിപ്പില്‍ പിടിയിലായ അഭിലാഷ് സംഘടനയുടെ പ്രവര്‍ത്തകനായിരുന്നുവെന്ന് ജോയിന്റ് കൗണ്‍സില്‍ സമ്മതിച്ചു. അഭിലാഷ് സംഘടനയെ ചതിക്കുകയായിരുന്നുവെന്നും കൗണ്‍സില്‍ വ്യക്തമാക്കി.