കല്‍പറ്റ: വ്യാജരേഖയുപയോഗിച്ച് റവന്യൂ വകുപ്പില്‍ ജോലിനേടിയ സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ വയനാട് ജില്ലാകലക്ടര്‍ ടി.ഭാസ്‌കരന്‍ ഉത്തരവ് നല്‍കി. 5വര്‍ഷത്തിനിടെ നടന്ന എല്ലാ പി.എസ്.സി നിയമനങ്ങളും പരിശോധിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

അതിനിടെ വ്യാജരേഖയുപയോഗിച്ച് ജോലിനേടിയ അഞ്ചുപേരെക്കൂടി കണ്ടെത്തി. ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് ഇവര്‍ നിയമനം നേടിയത്.

പി.എസ്.സിയുടെ വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ ജോലിനേടിയ രണ്ടുപേരെ കലക്ടര്‍ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. കൊല്ലം അഞ്ചല്‍ സ്വദേശികളും സഹോദരങ്ങളുമായ കെ.കണ്ണന്‍(28) ശബരീനാഥന്‍(25) എന്നിവരെയും ഇവരെ നിയമിച്ച ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി അഭിലാഷ് (30)നെയുമാണ് കലക്ടര്‍ സസ്‌പെന്റ് ചെയ്തത്.

ജൂലായിലാണ് ശബരീനാഥനും കണ്ണനും റവന്യൂവകുപ്പില്‍ ജോലിനേടിയത്. ശബരീനാഥിനെ പനമരം അഞ്ചുകുന്ന് വില്ലേജ് അസിസ്റ്റന്റായും കണ്ണനെ ബത്തേരി താലൂക്ക് ഓഫീസില്‍ എല്‍.ഡി ക്ലാര്‍ക്കായുമാണ് നിയമിച്ചത്.