സാന്‍ഫ്രാന്‍സിസ്‌കോ: ലോകമെമ്പാടുമുള്ള ഐഫോണ്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട്  ഐഫോണ്‍ മൊബൈല്‍ ശ്രേണിയിലെ അഞ്ചാമനെ ആപ്പിള്‍ അവതരിപ്പിച്ചു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ വൈസ് പ്രസിഡന്റ് ഫില്‍ ഷില്ലറാണ് ഐഫോണ്‍ 5നെ  പരിചയപ്പെടുത്തിയത്.

Ads By Google

നൂതന എല്‍.ടി.ഇ ടെക്‌നോളജിയാണ് ഐഫോണ്‍ 5ന്റെ സവിശേഷത. മുന്‍ ഐഫോണുകളെക്കാളും വീഡിയോ സ്ട്രീമിങ്ങും വെബ് ബ്രൗസിങ്ങുമെല്ലാം  ഉന്നതവേഗതയില്‍ എല്‍.ടി.ഇ ടെക്‌നോളജിയില്‍ സാധ്യമാക്കും.

വലിയ സ്‌ക്രീനും 4ജി വയര്‍ലെസ് ടെക്‌നോളജിയുമാണ് ഈ ഫോണിന്റെ പ്രത്യേകത. 4 ഇഞ്ചാണ് ഐഫോണ്‍ 5ന്റെ സ്‌ക്രീന്‍. ഇതുവരെ ഇറങ്ങിയ ഐഫോണുകളില്‍ 3.5 ഇഞ്ച് ആയിരുന്നു സ്‌ക്രീന്‍ സൈസ്.

ഐഫോണ്‍ 4എസിനെക്കാള്‍ വണ്ണം 18% കുറഞ്ഞിട്ടുണ്ട് ഐഫോണ്‍ 5ല്‍. 20% ശതമാനം ഭാരവും കുറഞ്ഞു. 7.6 എം.എം ആണ് ഇതിന്റെ കനം. 112 ഗ്രാം ആണ് ഇതിന്റെ ഭാരം.

3ജിയില്‍ നിന്നും 4ജിയിലേക്ക് മാറിയെന്നതാണ് ഐഫോണ്‍ 5ന്റെ മറ്റൊരു പ്രത്യേകത. റെറ്റിന ഡിസ്‌പ്ലേ തന്നെയാണ് ഐഫോണ്‍ 5ന്റേത്. വൈഡ് സ്‌ക്രീന്‍ ടെലിവിഷനുകള്‍ക്ക് സമാനമായി കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന 16:9 അനുപാതത്തിലുള്ള സ്‌ക്രീനാണ് ഒരുക്കിയിട്ടുള്ളത്. സ്‌ക്രീന്‍ വലുപ്പം വര്‍ധിപ്പിച്ചതിനാല്‍ ഹോംപേജില്‍ അഞ്ച് നിര ആപ് ഐക്കണുകള്‍ ഒരുക്കിയിട്ടുണ്ട്.

എട്ട് മെഗാപിക്‌സലാണ് ക്യാമറ. അരണ്ട വെളിച്ചത്തിലും മികവുറ്റ ചിത്രങ്ങള്‍ എടുക്കാനാകുമെന്നതാണ് ഐഫോണ്‍ 5 ക്യാമറയുടെ പ്രത്യേകത. 225 മണിക്കൂറാണ് ആപ്പിള്‍ പുതിയ പതിപ്പില്‍ വാഗ്ദാനം ചെയ്യുന്ന ബാറ്ററി ദൈര്‍ഘ്യം.

ഈ മാസം 21ന് ഐഫോണ്‍5 അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ആസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ എത്തും. കറുപ്പ്, വെള്ള എന്നിങ്ങനെ രണ്ട് നിറങ്ങളിലായി മൂന്ന് മോഡലുകളിലായാണ് പുതിയ പതിപ്പ് വിപണിയിലെത്തുക.