ന്യൂയോര്‍ക്ക്: ഡിജിറ്റല്‍ മ്യൂസിക് രംഗത്ത് ഇതിനകം തന്നെ കാലുറപ്പിച്ച ആപ്പിള്‍ വെബ് മ്യൂസിക് രംഗത്തേക്ക് കടക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇ.എം.ഐ മ്യൂസിക്കുമായി ഇതിനായുള്ള ഒരു ക്ലൗഡ് മ്യൂസിക് കരാറില്‍ ആപ്പി്ള്‍ ഒപ്പിട്ടുകഴിഞ്ഞു.

ആമസോണ്‍, ഗൂഗിള്‍ എന്നീ ലോകോത്തര കമ്പനികള്‍ ഈയിടെ വെബ് മ്യൂസിക് സേവനവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞമാസം വാര്‍ണര്‍ മ്യൂസിക്കുമായും ആപ്പിള്‍ മറ്റൊരു കരാറിലൊപ്പിട്ടിരുന്നു. കൂടാതെ സോണി, യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പ് എന്നിവയുമായും ആപ്പിള്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

പാട്ടിലാക്കാന്‍ ഗൂഗിള്‍ മ്യൂസ്‌ക് ബീറ്റ

ലോകമെമ്പാടുമുള്ള ടെക്‌സംഗീത പ്രിയരെ പാട്ടിലാക്കാനായി സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളിന്റെ പുതിയ സംരംഭം ‘ ഗൂഗിള്‍ ബീറ്റ’ ഉടനേ പ്രവര്‍ത്തനക്ഷമമാകും.വീഡിയോ ഓപ്പറേറ്റര്‍സ് കോണ്‍ഫറന്‍സിലാണ് ഗൂഗിള്‍ പുതിയ സംവിധാനത്തെക്കുറിച്ച് ലോകത്തെ അറിയിച്ചിരിക്കുന്നത്.

സംഗീതപ്രേമികളുടെ കൈവശമുള്ള കലക്ഷനുകളെല്ലാം നെറ്റില്‍ അപ്‌ലോഡ് ചെയ്യാനും ഇഷ്ടമുള്ളവ ശ്രവിക്കാനും സൗകര്യമൊരുക്കുന്നതാണ് ഗൂഗിള്‍ മ്യൂസിക് ബീറ്റാ. ആന്‍ഡ്രോയ്ഡ് ഫോണിലും ടാബ്‌ലറ്റുകളിലും ഇത് പ്രവര്‍ത്തനക്ഷമമാകും. കഴിഞ്ഞവര്‍ഷം നടന്ന കോണ്‍ഫറന്‍സില്‍ ഇത്തരമൊരു സംവിധാനത്തിന്റെ പ്രഖ്യാപനം വന്നേക്കുമെന്ന് സൂചനയുണ്ടായിരുന്നു.